- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ആരോപണം പിന്‍വലിച്ച് മാപ്പുപറയണം, ഇതങ്ങനെ വെറുതേ വിടാന്‍ ഉദ്ദേശ്യമില്ല; ആരോപണം ഉന്നയിക്കുന്നയാളുടെ പശ്ചാത്തലംകൂടി അന്വേഷിക്കുന്നത് നന്നായിരിക്കും; ഈ മാന്യനെക്കുറിച്ച് മൂന്ന് കോടതി വിധികളുണ്ട്; രാജേഷ് കൃഷ്ണയെയും തനിക്കറിയാം'; മുഹമ്മദ് ഷെര്‍ഷാദിനെതിരെ നിയമ നടപടിയെന്ന് തോമസ് ഐസക്ക്
'ആരോപണം പിന്‍വലിച്ച് മാപ്പുപറയണം, ഇതങ്ങനെ വെറുതേ വിടാന്‍ ഉദ്ദേശ്യമില്ല; ആരോപണം ഉന്നയിക്കുന്നയാളുടെ പശ്ചാത്തലംകൂടി അന്വേഷിക്കുന്നത് നന്നായിരിക്കും; ഈ മാന്യനെക്കുറിച്ച് മൂന്ന് കോടതി വിധികളുണ്ട്; രാജേഷ് കൃഷ്ണയെയും തനിക്കറിയാം'; മുഹമ്മദ് ഷെര്‍ഷാദിനെതിരെ നിയമ നടപടിയെന്ന് തോമസ് ഐസക്ക്
തിരുവനന്തപുരം: സിപിഎമ്മിലെ കത്ത് ചോര്‍ച്ചാ വിവാദത്തില്‍ തനിക്കെതിരേ ഉയര്‍ന്ന ആരോപണത്തില്‍ പ്രതികരിച്ച് മുതിര്‍ന്ന സിപിഎം നേതാവ് തോമസ് ഐസക്. യുകെയിലെ വ്യവസായി രാജേഷ് കൃഷ്ണയുമായി ചേര്‍ത്തുവെച്ച് തനിക്കെതിരേ നടത്തിയ ആരോപണങ്ങള്‍ വ്യവസായി ഷെര്‍ഷാദ് പിന്‍വലിച്ചില്ലെങ്കില്‍ നിയമനടപടിയിലേക്ക് കടക്കുമെന്ന് ഐസക്ക് പറഞ്ഞു. പിന്‍വലിച്ച് മാപ്പുപറഞ്ഞില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കും. ഇതങ്ങനെ വെറുതേവിടാന്‍ തീരുമാനിച്ചിട്ടില്ലെന്നും ഐസക് മാധ്യമങ്ങളോട് പറഞ്ഞു.
സിവില്‍, ക്രിമിനല്‍ കോടതി നടപടികള്‍ ഷെര്‍ഷാദിനെതിരേ സ്വീകരിക്കും. ആരോപണം ഉന്നയിക്കുന്നയാളുടെ പശ്ചാത്തലംകൂടി അന്വേഷിക്കുന്നത് നന്നായിരിക്കും. ഈ മാന്യനെക്കുറിച്ച് മൂന്ന് കോടതി വിധികളുണ്ട്. അതിലെന്താണ് പറയുന്നതെന്ന് മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാഗമായി കാണണം. വിവാദ കത്ത് ചോര്‍ന്നു കിട്ടിയെന്ന് പറഞ്ഞുനടക്കുന്നു. ഈ ആരോപണം ഉന്നയിച്ചയാള്‍ത്തന്നെ മാസങ്ങള്‍ക്ക് മുന്‍പ് ഫെയ്സ്ബുക്കിലിട്ട കാര്യമാണിത്.
അതു പിന്നെങ്ങനെയാണ് ചോരുക? പൊതുമധ്യത്തിലേക്ക് ആരോപണം ഉന്നയിച്ചയാള്‍തന്നെ അത് ഫെയ്സ്ബുക്കിലിട്ട്, അങ്ങനെ ലഭ്യമായ സാധനം ഇത്രയും മാസം കഴിഞ്ഞിട്ട് ഇന്നെടുത്ത് വിവാദമാക്കി, അക്കാര്യത്തില്‍ തന്റെ അഭിപ്രായമൊക്കെ ചോദിച്ചുവരണമെങ്കില്‍ ഒരു വലിയ ചിന്ത അതിന്റെ പിറകിലുണ്ടെന്നും ഐസക്ക് പറഞ്ഞു. ആരോപണം തികച്ചും അടിസ്ഥാനരഹിതമാണ്. പിന്‍വലിച്ച് മാപ്പുപറഞ്ഞില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കും.
വെറുതേവിടുന്ന പ്രശ്നമില്ല. രാജേഷ് കൃഷ്ണയെ അറിയുമോ എന്ന ചോദ്യത്തിന് 'അതെ' എന്ന് ഐസക് മറുപടി നല്‍കി. വീട് ജപ്തി ചെയ്യാനായെന്നു പറഞ്ഞ് ആരുവന്നാലും സഹായിക്കാറാണ് പതിവ്. ആര് സഹായമഭ്യര്‍ഥിച്ചു വന്നാലും സഹായിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
യു.കെ വ്യവസായിയും സിപിഎം അംഗവുമായ രാജേഷ് കൃഷ്ണയ്ക്കെതിരായി ചെന്നൈയിലെ വ്യവസായി മുഹമ്മദ് ഷെര്‍ഷാദ് പിബിയ്ക്ക് നല്‍കിയ കത്ത് പുറത്തുവന്നത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു. കത്തില്‍ പരാമര്‍ശിക്കുന്ന എംബി രാജേഷ്, തോമസ് ഐസക്ക്, പി. ശ്രീരാമകൃഷ്ണന്‍ എന്നിവരുടെ ബിനാമിയാണ് രാജേഷ് കൃഷ്ണയെന്ന് ആരോപിച്ചിരുന്നു.
2021ല്‍ പി.ബിയ്ക്ക് ഷെര്‍ഷാദ് നല്‍കിയ പരാതികത്ത് ചോര്‍ന്നത് കഴിഞ്ഞദിവസമാണ് രാഷ്ട്രീയ വിവാദമായത്. ആരോപണ വിധേയനും പരാതിക്കാരനും പാര്‍ട്ടിക്ക് വേണ്ടപ്പെട്ടവരും മുന്‍ പ്രവര്‍ത്തരുമാണ്.അടുത്തിടെ മധുരയില്‍ നടന്ന സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രതിനിധിയായി എത്തുകയും പങ്കെടുപ്പിക്കാത്തതിനാല്‍ തിരിച്ചു പോകേണ്ടിയും വന്നയാളാണ് രാജേഷ് കൃഷ്ണ. ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്ത മാദ്ധ്യമങ്ങള്‍ക്കെതിരെ രാജേഷ് കൊടുത്ത മാനനഷ്ടക്കേസില്‍ രേഖയായി കത്ത് ഉള്‍പ്പെടുത്തിയതാണ് പാര്‍ട്ടിക്ക് നാണക്കേടായത്.
മാദ്ധ്യമങ്ങള്‍ക്ക് അയച്ച നോട്ടീസില്‍ ഡല്‍ഹി ഹൈക്കോടതി കത്ത് ഉള്‍പ്പെടുത്തുകയും ചെയ്തതോടെ നിഷേധിക്കാന്‍ കഴിയാതായി.കത്ത് ചോര്‍ന്നതിനെതിരെ സി.പി.എം ജനറല്‍ സെക്രട്ടറി എം.എ.ബേബിക്ക് കഴിഞ്ഞ ദിവസം ഷെര്‍ഷാദ് പരാതി നല്‍കി. രാജേഷ് കൃഷ്ണ മധുരയില്‍ പ്രതിനിധിയായി എത്തുമെന്ന് അറിഞ്ഞ മുഹമ്മദ് ഷെര്‍ഷാദ് വിഷയം തമിഴ്നാട്ടിലെ നേതാക്കള്‍ വഴി പി.ബി. അംഗമായ അശോക് ധാവ്‌ളെയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇതോടെയാണ് ഇയാളെ തിരിച്ചയച്ചത്. വിദേശത്തെ ചില കടലാസ് സ്ഥാപനങ്ങളുമായി ചേര്‍ന്ന് സര്‍ക്കാര്‍ പദ്ധതികളില്‍ നിന്ന് പണം തട്ടുകയും ചെന്നൈയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കമ്പനിവഴി ഈ പണം നേതാക്കളുടെയും മന്ത്രിമാരുടെയും അക്കൗണ്ടുകളിലേക്ക് എത്തിക്കുകയും ചെയ്തു എന്നാണ് ആക്ഷേപം.