- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വികസനം ചോദിക്കാന്‍ നിന്ന സ്ഥലം മാറിപ്പോയി! മലാപ്പറമ്പിലെ ഹൈടെക് സ്‌കൂളിന് മുന്നില്‍ നിന്ന് വികസനം തിരഞ്ഞ ജോയ് മാത്യുവിന് മറുപടിയുമായി തോമസ് ഐസക്ക്; വികസനം എവിടെ എന്ന് ചോദിച്ച നടന്‍ 'കണ്ണ് ഉണ്ടായാല്‍ മാത്രം പോരാ, കാണുകയും വേണം' എന്ന് പരിഹാസവും
ജോയ് മാത്യുവിന് മറുപടിയുമായി തോമസ് ഐസക്ക്

കോഴിക്കോട്: പത്ത് വര്‍ഷം ഒരു ഭരണകൂടം അധികാരത്തില്‍ ഇരിക്കുമ്പോള്‍ വിമര്‍ശനങ്ങള്‍ സ്വാഭാവികം, പക്ഷേ അത് കണ്ണടച്ച് ഇരുട്ടാക്കിക്കൊണ്ടാവരുത്. നടന്‍ ജോയ് മാത്യുവിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി മുന്‍ ധനമന്ത്രി തോമസ് ഐസക് രംഗത്ത്. വോട്ടെടുപ്പ് ദിവസം കോഴിക്കോട്ടെ മലാപ്പറമ്പ് ഗവ. യുപി സ്‌കൂളിന് മുന്നില്‍ വെച്ച് ജോയ് മാത്യു ഉന്നയിച്ച 'കേരളത്തില്‍ എന്ത് വികസനമാണ് നടന്നത്?' എന്ന ചോദ്യത്തിനാണ് മറുപടി.
ജെസിബി കൊണ്ട് പൊളിച്ച യുഡിഎഫ് കാലം; പിടിച്ചുനിര്‍ത്തിയ എല്‍ഡിഎഫ്!
ജോയ് മാത്യു വികസനം എവിടെ എന്ന് ചോദിക്കാന്‍ തിരഞ്ഞെടുത്ത സ്ഥലം മലാപ്പറമ്പ് സ്‌കൂളായത് തോമസ് ഐസക്കിന് കാര്യങ്ങള്‍ എളുപ്പമാക്കി. 1917-ല്‍ സ്ഥാപിതമായ ഈ വിദ്യാലയം യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അര്‍ദ്ധരാത്രി ജെസിബി ഉപയോഗിച്ച് പൊളിച്ചുനീക്കിയ ചരിത്രം ഐസക് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ഓര്‍മ്മിപ്പിച്ചു. അന്ന് കുട്ടികളും രക്ഷിതാക്കളും തെരുവിലായപ്പോള്‍ ഒരു ചെറുവിരല്‍ പോലും അനക്കാതിരുന്ന യുഡിഎഫ് ഭരണകൂടത്തിന്റെ നിസംഗതയും അദ്ദേഹം തുറന്നുകാട്ടി.
അടച്ചുപൂട്ടാന്‍ ഉത്തരവിട്ട ഒരു എയ്ഡഡ് സ്‌കൂളിനെ ജനകീയ പ്രതിരോധത്തിലൂടെ സര്‍ക്കാര്‍ സ്‌കൂളാക്കി മാറ്റിയ എല്‍ഡിഎഫ് നടപടിയാണ് മലാപ്പറമ്പിന്റെ പുനര്‍ജന്മമെന്ന് ഐസക് ചൂണ്ടിക്കാട്ടി. മുന്‍ എംഎല്‍എ എ. പ്രദീപ് കുമാറിന്റെ നേതൃത്വത്തില്‍ നടന്ന ആ പോരാട്ടത്തിന്റെ ഫലമാണ് ഇന്ന് അവിടെ കാണുന്ന ഹൈടെക് കെട്ടിടങ്ങളെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
കണ്ണുണ്ടായാല്‍ മാത്രം പോരാ, കാണുകയും വേണം!
സൗകര്യപ്രദമായ ക്ലാസ് മുറികള്‍, കളിസ്ഥലങ്ങള്‍, കമ്പ്യൂട്ടര്‍ ലാബ്, ഡിജിറ്റല്‍ ലൈബ്രറി തുടങ്ങി ഒരു സ്വകാര്യ സ്‌കൂളിനോട് കിടപിടിക്കുന്ന രീതിയില്‍ മലാപ്പറമ്പ് സ്‌കൂള്‍ മാറിയത് ജോയ് മാത്യു കണ്ടില്ലേ എന്നാണ് ഐസക്കിന്റെ ചോദ്യം. 'വികസനം ചോദിക്കാന്‍ പറ്റിയ സ്ഥലത്ത് തന്നെയാണ് അദ്ദേഹം നിന്നത്, പക്ഷേ കണ്ണ് ഉണ്ടായാല്‍ മാത്രം പോരാ കാണാനുള്ള മനസ്സ് കൂടി വേണം' എന്ന് ഐസക് പരിഹസിച്ചു.
മലാപ്പറമ്പ് ഒരു ഒറ്റപ്പെട്ട ഉദാഹരണമല്ലെന്നും കേരളത്തിലെ ഏത് സ്‌കൂളില്‍ ചെന്നാലും ഈ മാറ്റം ദൃശ്യമാണെന്നും അദ്ദേഹം കുറിച്ചു. നടക്കാവ്, കാരപ്പറമ്പ്, മെഡിക്കല്‍ കോളേജ് ക്യാമ്പസ് സ്‌കൂള്‍ തുടങ്ങി കോഴിക്കോട്ടെ വിദ്യാലയങ്ങളുടെ പട്ടിക തന്നെ നിരത്തിയാണ് ഐസക്കിന്റെ പോസ്റ്റ്. യുഡിഎഫ് എംഎല്‍എമാര്‍ പോലും സ്വന്തം മണ്ഡലത്തിലെ സ്‌കൂള്‍ വികസനത്തില്‍ അഭിമാനം കൊള്ളുമ്പോഴാണ് ജോയ് മാത്യുവിനെപ്പോലുള്ളവര്‍ ഇത്തരം ചോദ്യങ്ങള്‍ ഉന്നയിക്കുന്നതെന്നും ഐസക്ക് കുറ്റപ്പെടുത്തി.
തോമനസ് ഐസക്കിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:
കുറിപ്പിന്റെ പൂര്‍ണരൂപം
പത്ത് വര്‍ഷം തുടര്‍ച്ചയായി ഒരു ഭരണം ഉണ്ടാകുമ്പോള്‍ വിമര്‍ശനങ്ങള്‍ ഉണ്ടാവുക സ്വാഭാവികം. പക്ഷേ, വിമര്‍ശകര്‍ കണ്ണടച്ച് ഇരുട്ടാക്കരുത്. കഴിഞ്ഞ പത്ത് വര്‍ഷം കേരളത്തില്‍ ഒരു വികസനവും നടന്നിട്ടില്ലായെന്ന ശാഠ്യക്കാരനാണ് പ്രതിപക്ഷനേതാവ്. അപ്പോള്‍ പിന്നെ അനുയായികളുടെ കാര്യം പറയണോ? പക്ഷേ, പ്രതിപക്ഷ എംഎല്‍എമാരുടെ അടക്കം തെരഞ്ഞെടുപ്പ് പ്രചാരണപത്രികകളില്‍ അഭിമാനപൂര്‍വ്വം എടുത്തു പറയുന്ന നിരവധി വികസന പ്രവര്‍ത്തനങ്ങളുണ്ട്.
കെപിസിസി പ്രസിഡന്റിനുപോലും അറിയാതെയാണെങ്കിലും സമ്മതിക്കേണ്ടിവന്നു. റോഡുകളൊക്കെ നന്നായതുകൊണ്ട് യാത്ര ചെയ്യാന്‍ എളുപ്പമാണമെന്ന്. യുഡിഎഫിന്റെ പൂര്‍ണ്ണനിഷേധാത്മക നിലപാട് അവരുടെ വിശ്വാസ്യതയെ ഇല്ലാതാക്കുന്നുവെന്ന കാര്യം അവര്‍ മറന്നു. യുഡിഎഫിന്റെ ഇത്തവണത്തെ പ്രചാരകരില്‍ ഒരാള്‍ ആയിരുന്നുവല്ലോ നടന്‍ ജോയി മാത്യു. കേരളത്തില്‍ എന്ത് വികസനമാണ് നടന്നതെന്ന് അദ്ദേഹം ചോദിക്കുന്നത് കണ്ടു. ഈ ചോദ്യം ഉയര്‍ത്താന്‍ തെരഞ്ഞെടുത്ത സ്ഥലം വളരെ കൃത്യമാണ് കോഴിക്കോട്ടെ മലാപ്പറമ്പ് ഗവ. യുപി സ്‌കൂള്‍.
1917-ല്‍ നിര്‍മ്മിതമായ മലാപ്പറമ്പ് യുപി സ്‌കൂള്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അര്‍ദ്ധരാത്രിയാണ് ജെസിബി ഉപയോഗിച്ച് പൊളിച്ചു കളഞ്ഞത്. ഒരു ചെറുവിരല്‍ പോലും അതിനെതിരെ ചലിപ്പിക്കാനോ, രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കുമൊപ്പം നില്‍ക്കാനോ യുഡിഎഫ് സര്‍ക്കാര്‍ തയ്യാറായില്ല. പകരം, നിസംഗതയോടെ മൗനാനുവാദം നല്‍കി മാറി നില്‍ക്കുകയായിരുന്നു. സ്‌കൂള്‍ പൂട്ടിയ ശേഷം അഞ്ചുമാസത്തോളം കോഴിക്കോട് കളക്റ്ററേറ്റിലെ താത്കാലിക കെട്ടിടത്തിലായിരുന്നു കുട്ടികള്‍ പഠിച്ചത്. ആ കുട്ടികളും സ്‌കൂളും വഴിയാധാരമാവില്ലെന്ന് ഉറപ്പുവരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാര്‍ ആയിരുന്നു.
സര്‍ക്കാര്‍ അടച്ചു പൂട്ടാന്‍ ഉത്തരവിറക്കിയെങ്കിലും സമൂഹ പങ്കാളിത്തത്തോടെയുള്ള ചെറുത്തുനില്‍പ്പിലൂടെ എയ്ഡഡ് സ്‌കൂള്‍ സര്‍ക്കാര്‍ സ്‌കൂളായി മാറി ചരിത്രം സൃഷ്ടിച്ചു. ഇതിനൊക്കെ നേതൃത്വം വഹിച്ചത് അന്നത്തെ കോഴിക്കോട് എംഎല്‍എ ആയിരുന്ന എ. പ്രദീപ് കുമാര്‍ ആയിരുന്നു.
സൗകര്യപ്രദമായതും വൈദ്യുതീകരിച്ചതുമായ കെട്ടിടങ്ങള്‍, കളിസ്ഥലം, കളി ഉപകരണങ്ങള്‍, ടച്ച് സ്‌ക്രീനോടുകൂടിയ പ്രോജക്ടര്‍ ഉള്ള കംപ്യൂട്ടര്‍ ലാബ്, വിപുലമായ ലൈബ്രറി, സയന്‍സ് ലാബ്, ശുദ്ധജലത്തിനായി പ്യൂരിഫയര്‍, സൗകര്യപ്രദമായ ബാത്‌റൂമുകള്‍, നല്ല ഇരിപ്പിടങ്ങള്‍ അങ്ങനെ പുതിയ കെട്ടിടവും അനുബന്ധ സൗകര്യങ്ങളുമൊരുക്കി വിസ്മയകരമായ എന്തെന്തു മാറ്റങ്ങളാണ് ആ പൊതുവിദ്യാലയത്തിലുണ്ടാക്കിയതെന്ന് പ്രതിപക്ഷനേതാവും അണികളും വിലയിരുത്തുന്നത് നന്നായിരിക്കും.
ഇത് ഒറ്റപ്പെട്ടൊരു സംഭവമല്ല. നിങ്ങള്‍ കേരളത്തിലെ ഏത് സ്‌കൂളില്‍ച്ചെന്നു പരിശോധിച്ചോളൂ. സ്വകാര്യ സ്‌കൂളുകള്‍പോലും ഡിജിറ്റലൈസ് ചെയ്യപ്പെട്ടു. കോഴിക്കോട് പട്ടണം തന്നെ എടുത്തോളൂ. നടക്കാവ്, കാരപ്പറമ്പ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ഗവ മെഡിക്കല്‍ കോളജ് കാമ്പസ് സ്‌കൂള്‍ ഇങ്ങനെ സ്‌കൂളുകളുടെ നീണ്ടനിരയുണ്ട്.
ജോയ് മാത്യു ഈ സ്‌കൂളുകളൊക്കെ ഒന്നുപോയി കാണാം. ഏതായാലും ജോയ് മാത്യു വികസനത്തെക്കുറിച്ച് ചോദിക്കാന്‍ പറ്റിയ സ്ഥലത്തു നിന്നുകൊണ്ട് തന്നെയാണ് ചോദിച്ചത്. അതും മലാപ്പറമ്പ് യുപി സ്‌കൂളിനു മുന്നില്‍ നിന്നുകൊണ്ട്. കണ്ണ് ഉണ്ടായാല്‍ മാത്രം പോരാ, കാണുകയും വേണം.


