പാറ്റ്‌ന: ബിഹാര്‍ തിരഞ്ഞെടുപ്പിലെ നാണംകെട്ട തോല്‍വിക്കു പിന്നാലെ ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ കുടുംബത്തില്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ രൂക്ഷമായി. രാഷ്ട്രീയവും കുടുംബവും ഉപേക്ഷിക്കുന്നതായി മകള്‍ രോഹിണി ആചാര്യ കഴിഞ്ഞ ദിവസം വ്യക്തമാക്കിയതിന് പിന്നാലെ, മറ്റ് മൂന്ന് പെണ്‍മക്കളും കുട്ടികളുമായി പാറ്റ്‌നയിലെ വസതി വിട്ട് ഡല്‍ഹിയിലേക്ക് പോയി. രാജലക്ഷ്മി, രാഗിണി, ചന്ദ എന്നിവരാണ് വീടുവിട്ടത്.

നേരത്തെ, സിംഗപ്പൂരില്‍ ഡോക്ടറായി ജോലി ചെയ്യുന്ന മകളും വൃക്ക ദാനം ചെയ്ത വ്യക്തിയുമായ രോഹിണി ആചാര്യയാണ് കുടുംബത്തിലെ പ്രശ്‌നങ്ങള്‍ പുറത്തുവിട്ടത്. തിരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെയാണ് അവരുടെ പ്രതികരണം. തന്നെപ്പോലെ ഒരു മകളോ സഹോദരിയോ ഒരു കുടുംബത്തിലും ജനിക്കാതിരിക്കട്ടെയെന്ന് അവര്‍ പറഞ്ഞു. വൃക്ക ദാനം ചെയ്തതിലൂടെ പണവും സീറ്റും നേടിയെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചതായി രോഹിണി ആരോപിച്ചു. സ്വന്തം ആത്മാഭിമാനത്തില്‍ വിട്ടുവീഴ്ച ചെയ്യാത്തതുകൊണ്ടാണ് തനിക്ക് അപമാനം നേരിട്ടതെന്നും അവര്‍ വിമര്‍ശിച്ചു. തേജസ്വി യാദവിന്റെ അടുത്ത സഹായികളായ എം.പി സഞ്ജയ് യാദവ്, റമീസു എന്നിവരാണ് കുടുംബകലഹങ്ങള്‍ക്ക് പിന്നിലെന്നും രോഹിണി ആരോപണമുന്നയിച്ചു.

അതേസമയം, നേരത്തെ തന്നെ ആര്‍.ജെ.ഡി വിട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ച മൂത്ത സഹോദരന്‍ തേജ് പ്രതാപ് യാദവ്, രോഹിണിയെ പിന്തുണച്ച് രംഗത്തെത്തി. തനിക്കെതിരായ പല ആക്രമണങ്ങളും സഹിച്ചിട്ടുണ്ടെന്നും എന്നാല്‍ സഹോദരി നേരിട്ട അപമാനം അസഹനീയമാണെന്നും അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.

തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാനും പണത്തിനും വേണ്ടിയാണ് താന്‍ പിതാവിന് വൃക്ക നല്‍കിയതെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചുവെന്നാണ് രോഹിണി പറയുന്നത്. 2022-ലാണ് രോഹിണി ലാലുവിന് വൃക്ക നല്‍കിയത്. എക്‌സ് പോസ്റ്റിലൂടെയാണ് രോഹിണി കുടുംബത്തിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.

'ഇന്നലെ എന്നെ ശപിച്ചു. ഞാന്‍ വൃത്തികെട്ടവളാണെന്ന് പറഞ്ഞു. അച്ഛന് വൃക്ക നല്‍കിയതിന് പകരമായി കോടിക്കണക്കിന് രൂപയും സീറ്റും ഞാന്‍ വാങ്ങിയെടുത്തുവെന്ന് പറഞ്ഞു. പണം വാങ്ങിയശേഷം വൃത്തികെട്ട വൃക്കയാണ് അദ്ദേഹത്തിന് നല്‍കിയതെന്നാണ് പറഞ്ഞത്. വിവാഹിതരായ പെണ്‍മക്കളോടും സഹോദരിമാരോടും ഞാന്‍ പറയുകയാണ്, നിങ്ങളുടെ അമ്മവീട്ടില്‍ മകനോ സഹോദരനോ ഉണ്ടെങ്കില്‍ ദൈവതുല്യനായ പിതാവിനെ രക്ഷിക്കാന്‍ പോകരുത്. പകരം സഹോദരനോടോ ആ വീട്ടിലെ മകനോടോ അല്ലെങ്കില്‍ അയാളുടെ ഹരിയാനക്കാരനായ സുഹൃത്തിനോടോ വൃക്ക ദാനം ചെയ്യാനുളള കാര്യങ്ങള്‍ നോക്കാന്‍ പറയണം. എല്ലാ സഹോദരിമാരും പെണ്‍മക്കളും അവരുടെ സ്വന്തം കുടുംബത്തിന്റെ കാര്യം നോക്കണം. സ്വന്തം മക്കളെയും ജോലിയും ഭര്‍തൃമാതാപിതാക്കളെയും നോക്കണം. കിഡ്‌നി കൊടുക്കാന്‍ തീരുമാനിച്ചപ്പോള്‍ ഞാന്‍ എന്റെ കുടുംബത്തെക്കുറിച്ചും മൂന്ന് മക്കളെക്കുറിച്ചും ചിന്തിക്കാതെ വലിയ കുറ്റകൃത്യമാണ് ചെയ്തത്. കിഡ്‌നി ദാനം ചെയ്യുമ്പോള്‍ എന്റെ ഭര്‍ത്താവിനോടോ അദ്ദേഹത്തിന്റെ മാതാപിതാക്കളോടോ ഞാന്‍ അനുവാദം ചോദിച്ചില്ല. എന്റെ ദൈവത്തെ, എന്റെ പിതാവിനെ രക്ഷിക്കാന്‍ ഞാനത് ചെയ്തു. എന്നാല്‍ ഇന്ന് അതിനെ അവര്‍ വൃത്തികെട്ടത് എന്ന് വിളിക്കുന്നു. നിങ്ങളാരും എന്നെപ്പോലെ ഈ തെറ്റ് ചെയ്യരുത്. രോഹിണിയെപ്പോലെ ആരും ഒരു മകളാകരുത്': എന്നാണ് രോഹിണി ആചാര്യ എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

മറ്റൊരു എക്‌സ് പോസ്റ്റില്‍ തനിക്ക് കുടുംബത്തില്‍ നിന്ന് അസഭ്യവാക്കുകള്‍ കേള്‍ക്കേണ്ടിവന്നു എന്നും അടിക്കാനായി ചെരിപ്പ് ഉയര്‍ത്തിയെന്നും രോഹിണി ആരോപിച്ചിരുന്നു. 'ഞാന്‍ രാഷ്ട്രീയം ഉപേക്ഷിക്കുകയാണ്. എന്റെ കുടുംബത്തെ ഉപേക്ഷിക്കുകയാണ്. ഇതാണ് സഞ്ജയ് യാദവും റമീസും എന്നോട് ആവശ്യപ്പെട്ടത്. എല്ലാ കുറ്റവും ഞാന്‍ ഏറ്റെടുക്കുന്നു' എന്നാണ് രോഹിണി എക്‌സ് പോസ്റ്റില്‍ പറഞ്ഞത്. രോഹിണി 2022-ലാണ് ലാലു പ്രസാദ് യാദവിന് കിഡ്‌നി ദാനം ചെയ്തത്.

ആര്‍ജെഡിയുടെ രാജ്യസഭാ എംപിയും രോഹിണിയുടെ സഹോദരന്‍ തേജസ്വി യാദവിന്റെ അടുത്ത അനുയായിയുമാണ് സഞ്ജയ് യാദവ്. ഉത്തര്‍ പ്രദേശിലെ രാഷ്ട്രീയകുടുംബത്തില്‍നിന്നുള്ള അംഗമായ റമീസ്, തേജസ്വിയുടെ സുഹൃത്താണ്. രോഹിണിക്ക് താല്‍പര്യമുള്ളവരല്ല ഇവര്‍ രണ്ടുപേരുമെന്നാണ് വിവരം. ഡോക്ടര്‍ കൂടിയായ രോഹിണി, 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിഹാറിലെ സരണ്‍ മണ്ഡലത്തില്‍നിന്ന് മത്സരിച്ചുവെങ്കിലും ബിജെപിയുടെ രാജീവ് പ്രതാപ് റൂഡിയോട് പരാജയപ്പെട്ടിരുന്നു.