തിരുവനന്തപുരം: ബി.ഡി.ജെ.എസ് മുന്നണി വിടുമെന്ന അഭ്യൂഹങ്ങള്‍ അവാസാനിപ്പിച്ചു പാര്‍ട്ടി അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. ബി.ഡി.ജെ.എസ് എന്‍.ഡി.എക്കൊപ്പം തുടരുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി. മുന്നണി വിടണമെന്ന് പ്രമേയം പാസാക്കിയ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി. അഭിപ്രായങ്ങള്‍ ഉയര്‍ന്നത് തെറ്റായി വ്യാഖ്യാനിച്ചതാണ്. എന്‍.ഡി.എയുമായി ഒരുതരത്തിലുള്ള അഭിപ്രായ വ്യത്യാസവുമില്ല.

കേരളത്തില്‍ എന്‍.ഡി.എ ഒന്നുമല്ലാത്ത സമയത്ത് അവര്‍ക്കൊപ്പം കൂടിയതാണ് ബി.ഡി.ജെ.എസ് എന്നും തുഷാര്‍ വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി. അന്ന് അവര്‍ക്ക് ആറു ശതമാനമായിരുന്നു വോട്ടുണ്ടായിരുന്നത്. പിന്നീടത് 16 ശതമാനമായി വര്‍ധിച്ചു. ഇപ്പോഴത് 22 ശതമാനം വോട്ടായി. കേരളത്തില്‍ നിന്ന് എന്‍.ഡി.എക്ക് എം.പിയുണ്ടായി. പാര്‍ലമെന്റിലേക്ക് മത്സരിച്ച രണ്ട് എന്‍.ഡി.എ സ്ഥാനാര്‍ഥികള്‍ നിസ്സാര വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. ഈ തരത്തില്‍ വളര്‍ന്ന എന്‍.ഡി.എക്കൊപ്പം ബി.ഡി.ജെ.എസുമുണ്ടാകും.

യു.പി, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ 10,15 വര്‍ഷങ്ങള്‍ക്കു മുമ്പ് എന്‍.ഡി.എക്ക് ഇതുപോലെ വോട്ട്ശതമാനം വളരെ കുറവായിരുന്നു. അവിടെ നിന്നാണ് വളര്‍ന്ന് ഇവിടെ വരെയെത്തിയതെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. അതേസമയം കേരളത്തിലെ മദ്യനിര്‍മാണ ശാലയുടെ കാര്യത്തില്‍ അനുകൂല നിലപാടാണെന്നും തുഷാര്‍ പറഞ്ഞു. പാലക്കാട്ടെ ഡിസ്റ്റിലറി എതിരല്ലെന്നാണ് തുഷാര്‍ വ്യക്തമാക്കിയത്.

നേരത്തെ കോട്ടയം ജില്ലാ കമ്മിറ്റി പാര്‍ട്ടി മുന്നണി വിടുണമെന്ന വിധത്തില്‍ പ്രമേയം പാസാക്കിയതായി വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ബിജെപി ബന്ധം അവസാനിപ്പിച്ചാല്‍ ബിഡിജെഎസിനെ ഇടതുമുന്നണിയില്‍ ഉള്‍പ്പെടുത്താന്‍ സിപിഎം മുന്‍കൈ എടുത്തേക്കുമെന്ന അഭ്യൂഹങ്ങളും സജീവമായിരുന്നു. മുഖ്യമന്ത്രിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മുന്നണി മാറ്റത്തിന് പച്ചക്കൊടി കാട്ടിയെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ പ്രധാന വോട്ട് ബാങ്കായ ഈഴവ സമുദായത്തിന്റെ വോട്ട് വിഹിതത്തില്‍ വന്‍ ചോര്‍ച്ച ഉണ്ടായതാണ് ബിഡിജെഎസിനെ എല്‍ഡിഎഫില്‍ കസേരയിട്ട് ഇരുത്താനുള്ള കൊണ്ടു പിടിച്ച ശ്രമങ്ങള്‍ക്ക് പിന്നിലുള്ളത്. പരമ്പരാഗതമായി സിപിഎമ്മിനു വോട്ടുചെയ്യുന്നവരാണ് ഈഴവ വിഭാഗത്തില്‍പ്പെട്ടവര്‍. മലബാറില്‍ തീയരും. ജനസംഖ്യയില്‍ കേരളത്തിലെ ഏറ്റവും വലിയ ഹിന്ദു സമൂഹമാണ് ഈഴവര്‍. ജനസംഖ്യയുടെ ഏതാണ്ട് 23 ശതമാനം വരും ഈ ഒബിസി വിഭാഗം. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഗണ്യമായ ഈഴവ സാന്നിദ്ധ്യമുള്ള മണ്ഡലങ്ങളില്‍ ബിജെപിക്ക് വോട്ടു കൂടിയിരുന്നു.

ആലപ്പുഴ ലോക്സഭാ മണ്ഡലത്തില്‍ ഈഴവ വോട്ടുകള്‍ കുത്തൊഴുകിയാണ് ബിജെപിയിലേക്ക് എത്തിയത്. 2019-ലെ കനല്‍ത്തരിയായിരുന്ന എഎം ആരിഫിന്റെ വോട്ട് ഇത്തവണ 8.76 ശതമാനം കുറഞ്ഞു. 40.96-ല്‍നിന്ന് 32.21 ശതമാനം ആയി. കുറഞ്ഞ വോട്ടുകളാകട്ടെ ഒരു ലക്ഷത്തിലധികവും. ബിജെപി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍ 28 ശതമാനത്തിലധികം വോട്ടുനേടി. 2019-ല്‍ ഇവിടെ ഡോ കെഎസ് രാധാകൃഷ്ണന്‍ നേടിയത് 17.24 ശതമാനം മാത്രമായിരുന്നു.

സംസ്ഥാന വ്യപകമായി കാര്യമായ മുന്നേറ്റം നടത്താന്‍ ബിജെപിക്ക് കഴിഞ്ഞതിലെപ്രധാന കാരണങ്ങളിലൊന്ന് ഈഴവ വോട്ടുകള്‍ അനുകൂലമായതാണ് എന്നാണ് വിലയിരുത്തല്‍. സിപിഎമ്മിന്റെ ഉരുക്കു കോട്ടയായ കണ്ണൂരില്‍ പോലും പലയിടത്തും ബിജെപി ശക്തി തെളിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ ധര്‍മ്മടത്തെ സ്വന്തം ബൂത്തില്‍ താമരപ്പാര്‍ട്ടിയുടെ വോട്ടുകള്‍ 2019-ലെ 53-ല്‍നിന്ന് 115 ആയത് സാംപിള്‍ മാത്രമാണ്. ഇത്തരം മുന്നേറ്റങ്ങള്‍ കേരളത്തിലുടനീളം കാണാന്‍ കഴിയും. ഈഴവ വോട്ടുകള്‍ ഗണ്യമായി കുറയുന്നത് കണ്ട് പകച്ച് നിന്ന സിപിഎമ്മിന് ആശ്വാസം പകരുന്ന വാര്‍ത്തയാണ് ബിഡിജെഎസിന്റെ മുന്നണി മാറ്റം. അഴിമതി ആരോപണങ്ങളും, ഭരണവിരുദ്ധ വികാരവും അലയടിച്ചു നില്‍ക്കുന്ന രാഷ്ടീയാന്തരീക്ഷത്തില്‍ ബിഡിജെഎസ് മുന്നണിയിലേക്ക് വന്നാല്‍ വലിയ ആശ്വാസമാകുമെന്ന് കരുതുന്നവരാണ് സിപിഎമ്മിലെ ബഹു ഭൂരിപക്ഷം നേതാക്ളും അണികളും.

ഇക്കഴിഞ്ഞ ദിവസം ചേര്‍ന്ന ബിഡിജെഎസ് കോട്ടയം ജില്ലാക്കമ്മറ്റിയാണ് എന്‍ഡിഎ മുന്നണി വിടണമെന്ന പ്രമേയം പാസാക്കിയത്. മുന്നണിമാറ്റം ചര്‍ച്ചചെയ്യാന്‍ ബിഡിജെഎസ് സംസ്ഥാന കമ്മറ്റി അടിയന്തരയോഗം വിളിച്ചിട്ടിട്ടുണ്ട്. സിപിഎമ്മുമായി ചില ബിഡിജെഎസ് നേതാക്കള്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തിയതായും സൂചനയുണ്ട്. തിടുക്കത്തില്‍ ബിജെപിയെ പിണക്കി മറുകണ്ടം ചാടുന്നതിനോട് പാര്‍ട്ടി അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിക്കു താത്പര്യക്കുറവുണ്ട്. ബിജെപിയോടു ചില ആവശ്യങ്ങള്‍കൂടി ഉന്നയിക്കാനും നടപ്പായില്ലെങ്കില്‍ മുന്നണിമാറ്റത്തിലേക്കു നീങ്ങാനുമാണു തീരുമാനം. അഞ്ച് നിയമസഭാ സീറ്റ് ലഭിച്ചാല്‍ ഇടതുമുന്നണിയില്‍ ചേരാമെന്ന സന്ദേശമാണു ചില ബിഡിജെഎസ് നേതാക്കള്‍ സിപിഎമ്മിനെ അറിയിച്ചതായാണ് വിവരം.