പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനുമെതിരെ വിമര്‍ശനവുമായി പി.വി. അന്‍വര്‍ എം.എല്‍.എ നിലമ്പൂരില്‍ നടത്തിയ വിശദീകരണ യോഗത്തിലെ ജനപങ്കാളിത്തം ഇടതുപക്ഷത്തെ ബാധിക്കുന്ന പ്രശ്‌നമല്ലെന്ന് എല്‍.ഡി.എഫ്. കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍. ഇത്തരമൊരു പ്രശ്‌നത്തില്‍ യോഗം വിളിച്ചാല്‍ കാര്യങ്ങള്‍ കേള്‍ക്കാന്‍ ജനങ്ങള്‍ വരും. അത് സി.പി.എമ്മിനെതിരാണെങ്കില്‍ കൂടുതല്‍ ആളുകള്‍ വരും. അത് താത്ക്കാലികം മാത്രമാണെന്നും ടി.പി. രാമകൃഷ്ണന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

അന്‍വറുമായി പാര്‍ട്ടി ഇടഞ്ഞിട്ടില്ല. അന്‍വറാണ് പാര്‍ട്ടിയുമായി ഇടഞ്ഞത്. പാര്‍ട്ടിയെ അനുകൂലിക്കുന്നവര്‍ പാര്‍ട്ടിക്കെതിരായി പ്രസ്താവന നടത്താറില്ല. എന്നാല്‍, അന്‍വര്‍ അതിരൂക്ഷമായി സി.പി.എമ്മിനേയും മുഖ്യമന്ത്രിയേയും ആക്രമിച്ചു. അതിനാലാണ്, സി.പി.എമ്മുമായി അന്‍വറിന് ബന്ധമില്ലെന്ന നിലപാട് സംസ്ഥാന സെക്രട്ടറി സ്വീകരിച്ചത്.

അന്‍വര്‍ വൈരുദ്ധ്യ നിലപാടുകളാണ് സ്വീകരിക്കുന്നത്. ഇത് സി.പി.എം വിരുദ്ധ നിലപാടായതുകൊണ്ട് കൂടുതല്‍ പ്രചാരണം ലഭിക്കും. ഇത്തരം സാഹചര്യങ്ങളെ അതിജീവിച്ചാണ് പാര്‍ട്ടി ഭരണത്തിലേറിയത്. സി.പി.ഐ പറയുന്ന കാര്യങ്ങളാണ് അന്‍വര്‍ പറയുന്നതെന്ന നിലപാട് തനിക്കില്ല. സി.പി.ഐ ഒരു പാര്‍ട്ടിയല്ലേ. അവര്‍ നിലപാട് പറയും. എ.ഡി.ജി.പി.ക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്.

ഇടതുപക്ഷത്തിനൊപ്പം നില്‍ക്കാത്ത നിലപാടുകളാണ് അദ്ദേഹത്തിന്റേത്. സി.പി.എം. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ വിളിച്ചാലും പോവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിയുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചല്ല അദ്ദേഹത്തിന്റെ നിലപാടുകള്‍. മുഖ്യമന്ത്രി ബാപ്പയെപ്പോലെയാണെന്ന് നേരത്തെ അന്‍വര്‍ പറഞ്ഞിരുന്നുവെന്ന് ചൂണ്ടിക്കാണിച്ച മാധ്യമപ്രവര്‍ത്തകരോട് കുടുംബത്തില്‍ ഒരു പ്രശ്‌നമുണ്ടായാല്‍ ആരെങ്കിലും ബാപ്പയെ കുത്തിക്കൊല്ലുമോ എന്നായിരുന്നു ടി.പി. രാമകൃഷ്ണന്റെ ചോദ്യം.

ഉന്നത ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തിയെന്ന ആരോപണത്തില്‍ പി.വി. അന്‍വറിനെതിരെ കേസെടുത്തത് അദ്ദേഹം നിയമവിരുദ്ധമായ കാര്യം ചെയ്തതിനാലാണ്. അതും സ്വമേധയാ എടുത്ത കേസല്ല. ഒരു വ്യക്തി പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്ക് സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന് പി.വി. അന്‍വര്‍ ആവര്‍ത്തിച്ചിരുന്നു. സ്വര്‍ണക്കടത്തും ഹവാല പണവും പിടിച്ചതിലുള്ള അസ്വസ്ഥതയാണ് തനിക്കെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നു. ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രിക്ക് ബോധ്യപ്പെടേണ്ട സമയം അതിക്രമിച്ചുവെന്നും അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇത് വിപ്ലവമായി മാറുമെന്ന് ഞാന്‍ നേരത്തെ പറഞ്ഞിരുന്നു. അതില്‍ എല്ലാംപ്പെടും. കേരളത്തിലെ യുവാക്കള്‍ നിരാശരാണ്. തൊഴിലിനും വിദ്യാഭ്യാസത്തിനുംവേണ്ടിയാണ് അവര്‍ വിദേശത്തേക്ക് ഒഴുകുന്നത്. ഇക്കാര്യത്തിലെ യാഥാര്‍ഥ്യത്തെ മറികടക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. യഥാര്‍ഥ വസ്തുത അതല്ല. എന്നാല്‍, എല്ലാവര്‍ക്കും വിദേശരാജ്യങ്ങളില്‍ പോകാനാകില്ല. പോകുന്നവരില്‍ പലരും തന്നെ സ്വന്തം വീട് പണയംവെച്ചാണ് പോകുന്നത്.

കാനഡ അടക്കമുള്ള രാജ്യങ്ങള്‍ വിദേശികളെ ഇപ്പോള്‍ സ്വീകരിക്കുന്നില്ല. അവിടെ കാര്യങ്ങള്‍ വളരെ മോശമാണ്. ജനസംഖ്യ കുറഞ്ഞ് സമാധാനത്തോടെ ജീവിച്ചിരുന്ന നാട്ടില്‍ എല്ലാ കെട്ടിടങ്ങളും ഇപ്പോള്‍ നിറയുന്നു. അതേസമയം, ശമ്പളം ആര്‍ക്കും വര്‍ധിക്കുന്നില്ല. ഈ കുട്ടികള്‍ പാര്‍ട്ട് ടൈം ജോലി ചെയ്യുന്നു. അതോടെ അവിടെയുള്ളവരുടെ ജോലിസാധ്യതയും ഇല്ലാതാകുന്നു. പി.വി. അന്‍വറിന്റെ നെഞ്ചത്തേക്ക് കയറുന്നതിന് പകരം സര്‍ക്കാര്‍ യുവാക്കളുടെ പ്രശ്‌നങ്ങള്‍ ഉള്‍ക്കൊള്ളണം.

പാര്‍ട്ടിക്കാരോട് ആരോടും വിശദീകരണയോഗത്തിന് വരണമെന്ന് പറഞ്ഞില്ല. ഒറ്റയ്ക്ക് സംസാരിക്കാനായിരുന്നു തീരുമാനം. ആരേയും പുറത്തിറക്കി പ്രതിസന്ധിയിലാക്കാന്‍ ഉദ്ദേശ്യമില്ല. ഇപ്പോള്‍ ഞാന്‍ ഇവിടെ ഇരുന്ന് ചിന്തിച്ചാല്‍ 25 പഞ്ചായത്ത് എല്‍.ഡി.എഫിന്റെ കൈയ്യില്‍ നിന്നും പോകും. പാര്‍ട്ടി അങ്ങിനെയൊരു വെല്ലുവിളിക്ക് വരികയാണെങ്കില്‍ ഞാന്‍ തയ്യാറാണ്. നിലമ്പൂര്‍ മാത്രമല്ല, മലപ്പുറത്തും ചിലപ്പോള്‍ കോഴിക്കോട്ടും പഞ്ചായത്തുകള്‍ നഷ്ടപ്പെടും. ചിലപ്പോള്‍ പാലക്കാട്ടും നഷ്ടപ്പെടും. അതിലേക്ക് പോകണമോ എന്ന് സി.പി.എം നേതൃത്വം ആലോചിച്ചാല്‍ മതി. എന്റെ മെക്കിട്ട് കയറിയാല്‍ ഞാനും പറയും.

ഈ നിമിഷംവരെ പാര്‍ട്ടിയെ തള്ളിപ്പറഞ്ഞിട്ടില്ല. പോലീസ് കാരണം പാര്‍ട്ടിക്കുണ്ടായ തളര്‍ച്ച സൂചിപ്പിച്ചപ്പോള്‍ എന്നെ കള്ളനാക്കാനാണ് മുഖ്യമന്ത്രി വന്നത്. അത് ഞാന്‍ സഹിക്കുമോ. എന്നെ മതവര്‍ഗീയവാദിയാക്കാനും പരിശ്രമിക്കുന്നുണ്ട്. വര്‍ഗീയവാദി അല്ല എന്ന് തെളിയിക്കേണ്ടത് എന്റെ അധിക ബാധ്യതയായി വന്നിരിക്കുകയാണ്. ഞാന്‍ ഇക്കാര്യത്തിലാണ് ശ്രദ്ധിക്കുന്നത്. ഇനി അത് പറഞ്ഞ് നടക്കാന്‍ ഞാനില്ല. സംസ്ഥാന സെക്രട്ടറി എന്നെ പുറത്താക്കുന്നത് വൈകീട്ടാണ്. അതിന് മുമ്പ് മോഹന്‍ ദാസ് പറഞ്ഞ പ്രസംഗം എല്ലാവരും കേട്ടിട്ടുണ്ട്. ഞാന്‍ ഈ പറഞ്ഞതില്‍ ഒതുങ്ങി നില്‍ക്കുകയാണ്. അതിന് അപ്പുറത്തേക്ക് ജയിലും കേസും വരട്ടെ. അപ്പോള്‍ നോക്കാം.

ജനം ഒരു പാര്‍ട്ടിയായാല്‍ അതിന് മുന്നില്‍ ഞാനുണ്ടാകും എന്ന് പറഞ്ഞതില്‍ എല്ലാമുണ്ട്. വിഷയത്തില്‍ ഒരുപാട് ആളുകള്‍ പ്രതികരിക്കുന്നുണ്ട്. എനിക്ക് സ്വാര്‍ഥതാത്പര്യങ്ങളില്ലാത്തതിനാല്‍ തിരക്കില്ല. പി.വി. അന്‍വറിന്റെ പൊതുയോഗത്തിലേക്ക് ആളുകള്‍ എത്തിയത് താത്ക്കാലികം മാത്രമാണെന്നാണ് ടി.പി. രാമകൃഷ്ണന്‍ പറഞ്ഞത്. ആ സമാധാനത്തില്‍ അദ്ദേഹം ഉറങ്ങട്ടെ.

സ്വര്‍ണക്കടത്തും ഹവാല പണവും പിടിച്ചതിലുള്ള അസ്വസ്ഥതയാണ് തനിക്കെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നു. പോലീസിന് ഇത് പിടിച്ച് കസ്റ്റംസില്‍ കൊടുത്താല്‍ പോരെ എന്നാണ് ചോദ്യം. എന്താണ് മുഖ്യമന്ത്രി തലയ്ക്ക് വെളിവില്ലാതെ ഈ പറയുന്നത്. കാര്യങ്ങള്‍ മനസ്സിലാകാത്തത് കൊണ്ടല്ല മുഖ്യമന്ത്രി ഈ രീതിയില്‍ എന്നെ ചിത്രീകരിക്കുന്നത്. കരുതിക്കൂട്ടി പറയുകയാണ്. ബോധ്യപ്പെടേണ്ട സമയമൊക്കെ കഴിഞ്ഞു. എന്നെ ഉത്തരവാദപ്പെട്ട സഖാക്കള്‍ വിളിക്കുന്നുണ്ടല്ലോ, പി.വി. അന്‍വര്‍ പറഞ്ഞു.