- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെമ്പർഷിപ്പ് പുതുക്കുക എന്നത് സംഘടനപരമായ കാര്യമാണ്; ഒരാളെയും വിലകുറച്ച് പാർട്ടി നേതൃത്വം കാണുന്നില്ല; ജി. സുധാകരന്റെ വിമര്ശനത്തിന് മറുപടിയുമായി ടി.പി രാമകൃഷ്ണൻ

തിരുവനന്തപുരം: മുതിർന്ന സിപിഎം നേതാവ് ജി. സുധാകരൻ പാർട്ടി മെമ്പർഷിപ്പ് പുതുക്കില്ലെന്ന് പ്രഖ്യാപിക്കുകയും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, ജില്ലാ സെക്രട്ടറി ആർ. നാസർ എന്നിവർക്കെതിരെ രൂക്ഷവിമർശനം ഉന്നയിക്കുകയും ചെയ്ത വിഷയത്തിൽ എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ പ്രതികരിച്ചു. ഒരാളെയും പാർട്ടി നേതൃത്വം വിലകുറച്ച് കാണില്ലെന്നും, പാർട്ടി മെമ്പർഷിപ്പ് നഷ്ടപ്പെട്ടവരെല്ലാം പാർട്ടി വിരുദ്ധരായി കാണേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സിപിഎമ്മിന്റെ മെമ്പർഷിപ്പ് പുതുക്കൽ സംഘടനപരമായ നടപടിക്രമമാണെന്നും, അതിന്റെ പൂർത്തീകരണം തിരഞ്ഞെടുപ്പിന് ശേഷമേ നടക്കൂ എന്നും ടി.പി. രാമകൃഷ്ണൻ വിശദീകരിച്ചു. ബാക്കി കാര്യങ്ങൾ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തന്നെ വിശദീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, താൻ മെമ്പർഷിപ്പ് പുതുക്കുന്നില്ലെന്ന് ഫേസ്ബുക്കിലൂടെയാണ് ജി. സുധാകരൻ അറിയിച്ചത്. 63 വർഷം പാർട്ടി അംഗമായിരുന്ന തന്നെ കഴിഞ്ഞ അഞ്ച് വർഷമായി ജില്ലാ സെക്രട്ടറി ആർ. നാസർ പൊതുപരിപാടികൾക്ക് വിളിക്കുന്നില്ലെന്നും, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തന്നെ പരിഹസിച്ചിട്ടും ആരും തിരുത്താൻ തയ്യാറായില്ലെന്നും സുധാകരൻ കുറ്റപ്പെടുത്തി. തന്റെ പിതാവിനെ പോലും ആക്ഷേപിച്ച് ഒരു ലോക്കൽ കമ്മിറ്റി അംഗം പോസ്റ്റിട്ട കാര്യവും അദ്ദേഹം വെളിപ്പെടുത്തി. നേതാക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും, അതുകൊണ്ടാണ് മെമ്പർഷിപ്പ് പുതുക്കാത്തതെന്നും ജി. സുധാകരൻ തന്റെ കുറിപ്പിൽ വ്യക്തമാക്കി.


