വാഷിങ്ടണ്‍: അമേരിക്കയില്‍ ട്രംപ് ഭരണക്കൂടത്തില്‍ ഇന്ത്യന്‍ വംശജകര്‍ക്ക് കൂടുതല്‍ റോളുകള്‍. ഇന്ത്യന്‍ വംശജയായ ഹര്‍മീത് കെ ധില്ലണെ അറ്റോണി ജനറലായി നിയമിച്ച് നിയുക്ത യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പൗരവകാശങ്ങള്‍ക്കായുള്ള അറ്റോണി ജനറലായി യു.എസ് നീതി വകുപ്പിലാണ് അവര്‍ക്ക് നിയമനം നല്‍കിയിരിക്കുന്നത്. സ്വന്തം സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് നിയമനവിവരം അറിയിച്ചിരിക്കുന്നത്.

ഹര്‍മീതിനെ നാമനിര്‍ദേശം ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്ന് ട്രംപ് പറഞ്ഞു. കരിയറില്‍ ഉടനീളം പൗരാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി അവര്‍ പ്രയത്‌നിച്ചിട്ടുണ്ട്. വന്‍കിട ടെക് കമ്പനികള്‍ അഭിപ്രായസ്വാതന്ത്രത്തിന് കൂച്ചുവിലങ്ങിട്ടപ്പോള്‍ അതിനെതിരെ അവര്‍ നിലകൊണ്ടു. കോവിഡുകാലത്ത് ക്രിസ്ത്യന്‍ സമൂഹത്തിന്റെ പ്രാര്‍ഥനക്ക് നിയന്ത്രണമുണ്ടായപ്പോഴും അവര്‍ അതിനെതിരെ പ്രവര്‍ത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഡാര്‍മൗത്ത് കോളജില്‍ നിന്നും ബിരുദം നേടിയ അവര്‍ വിര്‍ജീനിയയിലെ നിയമവിദ്യാലയത്തില്‍ നിന്നാണ് നിയമപഠനം പൂര്‍ത്തിയാക്കി?യതെന്നും ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് അറിയിച്ചിട്ടുണ്ട്. സിഖ് സമുദായത്തിലെ അംഗമായ അവര്‍ നമ്മുടെ പൗരാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി വലിയ പോരാട്ടം നടത്തിയിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. ഛണ്ഡിഗഢിലാണ് 54കാരിയായ ഹര്‍മീത് ധില്ലണ്‍ ജനിച്ചത്. തുടര്‍ന്ന് മാതാപിതാക്കള്‍ക്കൊപ്പം യു.എസിലേക്ക് കുടിയേറുകയായിരുന്നു. നേരത്തെ റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ കണ്‍വെന്‍ഷനിടെ ഇവര്‍ വംശീയമായി ആക്രമിക്കപ്പെട്ടത് വാര്‍ത്തയായിരുന്നു.

നേരത്തെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ) അടുത്ത ഡയറക്ടറായി കാഷ് പട്ടേലിനെയും ട്രംപ് നാമനിര്‍ദേശം നല്‍കിയിരുന്നു. നിയുക്ത യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപാണ് നാമനിര്‍ദ്ദേശം ചെയ്തത്. ''എഫ്ബിഐയുടെ അടുത്ത ഡയറക്ടറായി കാഷ് പട്ടേല്‍ പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിക്കുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. കാഷ് ഒരു മികച്ച അഭിഭാഷകനും അന്വേഷകനും പോരാളിയുമാണ്. അദ്ദേഹം അഴിമതി തുറന്നുകാട്ടുന്നതിനും നീതിയെ സംരക്ഷിക്കുന്നതിനും അമേരിക്കന്‍ ജനതയെ സംരക്ഷിക്കുന്നതിനുമായി തന്റെ കരിയര്‍ ചെലവഴിച്ചു.'' ട്രംപ് പറഞ്ഞു.

അമേരിക്കന്‍ രഹസ്യാനേഷണ ഏജന്‍സിയായ സിഐഎയുടെ തലപ്പത്ത് ഇന്ത്യന്‍ വംശജനായ കാഷ് പട്ടേല്‍ എത്തുമെന്ന് സൂചനയുണ്ടായിരുന്നു. അതിനിടെയാണ് എഫ്ബിഐ ഡയറക്ടറായി നിയമനം. കഴിഞ്ഞ ട്രംപ് സര്‍ക്കാരില്‍ വിവിധ ഇന്റലിജന്‍സ് വകുപ്പുകളുടെ മേധാവി ആയിരുന്ന അദ്ദേഹം ഇക്കുറി ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സജീവമായിരുന്നു. ട്രംപിന്റെ ഏറ്റവും വിശ്വസ്തരില്‍ ഒരാളാണ് കാഷ് പട്ടേല്‍.

1980 ഫെബ്രുവരി 25ന് ന്യൂയോര്‍ക്കില്‍ ജനിച്ച പട്ടേലിന്റെ വേരുകള്‍ ഗുജറാത്തിലെ വഡോദരയിലാണ്. റിച്ച്മണ്ട് സര്‍വകലാശാലയില്‍നിന്ന് ബിരുദ പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം ലണ്ടനിലെ യൂണിവേഴ്സിറ്റി കോളജില്‍നിന്നു രാജ്യാന്തര നിമയത്തില്‍ ബിരുദവും നേടി. ക്രിമിനല്‍ അഭിഭാഷകനായ അദ്ദേഹം മിയാമി കോടതിയിലായിരുന്നു പ്രാക്ടീസ് ചെയ്തിരുന്നത്.

വിവേക് രാമസ്വാമിക്കും ട്രംപ് സര്‍ക്കാറില്‍ വലിയ റോള്‍ ഉണ്ടായിരുന്നു. 38 വയസ്സുകാരനായ സംരംഭകനും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ ട്രംപിനെതിരേ മത്സരിച്ചിരുന്ന വ്യക്തിയുമാണ് വിവേക് രാമസ്വാമി. അയോവ കോക്കസുകളിലെ മോശം പ്രകടനത്തെത്തുടര്‍ന്ന് പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തുില്‍ നിന്ന് പിന്മാറുകയും ട്രംപിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. പെന്‍സില്‍വേനിയയിലെ സ്‌ക്രാന്റണില്‍ നടന്ന റാലിയില്‍ വച്ച് വിവേക് രാമസ്വാമിക്ക് പ്രധാന കാബിനറ്റ് റോള്‍ നല്‍കുന്നതിനെക്കുറിച്ച് ട്രംപ് സൂചന നല്‍കിയിരുന്നു.