മലപ്പുറം: പി വി അന്‍വറിന്റെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ക്ക് വഴങ്ങി യുഡിഎഫ് നേതൃത്വം. നിലമ്പൂരില്‍ മത്സരഭീഷണി ഉയര്‍ത്തിയ അന്‍വര്‍ വിലപേശല്‍ തുടങ്ങിയതോടെയാണ് കോണ്‍ഗ്രസും മുസ്ലിംലീഗും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയത്. അന്‍വറിനെ യുഡിഎഫുമായി സഹകരിപ്പിക്കാന്‍ ഇന്ന് ചേര്‍ന്ന മുന്നണി യോഗം തീരുമാനിച്ചു. തൃണമൂല്‍ കോണ്‍ഗ്രസിനെ മുന്നണിയില്‍ എടുക്കില്ലെന്ന് നേരത്തെ തന്നെ യുഡിഎഫ് തീരുമാനിച്ചിരുന്നു. ഇതോടെ യുഡിഎഫില്‍ ഘടകകക്ഷിയായ പാര്‍ട്ടിയില്‍ ലയിക്കാനാണ് അന്‍വറിന് നല്‍കിയ നിര്‍ദേശം. ഇത് പ്രകാരം യുഡിഎഫിലെ ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമാകും അന്‍വര്‍. ഇക്കാര്യത്തില്‍ എങ്ങനെ സഹകരണം വേണമെന്ന കാര്യങ്ങള്‍ തീരുമാനിക്കാന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ പാര്‍ട്ടി യോഗം ചുമതലപ്പെടുത്തി.

ഇന്ന് യുഡിഎഫ് യോഗം ചേരുന്നത് മുന്നില്‍ കണ്ട് ഇന്നലെ മാധ്യമങ്ങള്‍ വഴി അന്‍വര്‍ സമ്മര്‍ദ്ദ തന്ത്രം പയറ്റിയിരുന്നു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി കൊല്‍ക്കത്തയിലേക്ക് വിളിപ്പിച്ചെന്നായിരുന്നു പ്രചരണം. ശനിയാഴ്ച്ച വൈകിട്ട് അഞ്ച് മണിക്ക് തൃണമൂല്‍ ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയുമായാണ് കൂടിക്കാഴ്ച്ച നിശ്ചയിച്ചു എന്നാണ് പുറത്തുവന്ന വാര്‍ത്തകള്‍. ഇത് കൂടാതെ അന്‍വറിനോട് മത്സരിക്കാന്‍ തൃണമൂല്‍ നേതൃത്വം നിര്‍ദേശിച്ചു എന്നുമാണ് വാര്‍ത്ത എത്തിയത്.

ഇന്നത്തെ യുഡിഎഫ് യോഗത്തില്‍ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ നിലമ്പൂരില്‍ മത്സരിക്കുന്നതിലും തീരുമാനമെടുക്കുമെന്ന സൂചനയുണ്ടെന്ന വിധത്തിലായി പ്രചരണങ്ങള്‍. നിലമ്പൂരില്‍ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയായി പി വി അന്‍വര്‍ മത്സരിക്കുന്നതിലുള്ള ആലോചനയും കൂടിക്കാഴ്ചയില്‍ നടക്കുമെന്നും വാര്‍ത്തകള്‍ വന്നു. ഈ സമ്മര്‍ദ്ദ തന്ത്രത്തിന് ഒടുവിലാണ് അന്‍വറിന് മുന്നില്‍ യുഡിഎഫ് വഴങ്ങുന്നത്. അന്‍വര്‍ തലവേദന ആകാതിരിക്കാന്‍ യുഡിഎഫിലെ ഏതെങ്കിലും കക്ഷിയില്‍ ലയിപ്പിച്ചു മുന്നണിയില്‍ എടുക്കാനാണ് തീരുമാനമാകുന്നത്.

നേരത്തെ ഏപ്രില്‍ 23ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പി വി അന്‍വറുമായി മുന്നണി പ്രവേശന ചര്‍ച്ചകള്‍ നടത്തിയിരുന്നു. രമേശ് ചെന്നിത്തല, കെ സുധാകരന്‍ എന്നിവരും കൂടിക്കാഴ്ചയില്‍ ഉണ്ടായിരുന്നു. കോണ്‍ഗ്രസ് എല്ലാ രീതിയിലും അന്‍വറിന്റെ മുന്നണിപ്രവേശനത്തെ പിന്തുണയ്ക്കുന്നുവെന്ന സൂചന നല്‍കിയ സതീശന്‍ മുന്നണിയിലെ ഘടകകക്ഷികളുമായി ആലോചിച്ച് കൂടി അന്തിമതീരുമാനം എടുക്കുമെന്നാണ് അറിയിച്ചത്. അന്‍വറിന്റെ യുഡിഎഫ് പ്രവേശനമോഹത്തിന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നേരത്തെ പച്ചക്കൊടി കാണിച്ചിരുന്നു. എന്നാല്‍ തൃണമൂലിനെ യുഡിഎഫില്‍ വേണ്ടെന്നാണ് തീരുമാനമായത്.

രാഷ്ട്രീയ കക്ഷിയെന്ന നിലയില്‍ മുന്നണി പ്രവേശനം അനിവാര്യമാണെന്നും യുഡിഎഫ് നേതാക്കളുമായുള്ള ചര്‍ച്ച ആശാവഹമെന്നുമായിരുന്നു പിന്നാലെ പി വി അന്‍വര്‍ നല്‍കിയ പ്രതികരണം. നേരത്തെ, മുസ്ലിം ലീഗുമായും അന്‍വര്‍ ചര്‍ച്ച നടത്തിയിരുന്നു. പാണക്കാട്ടെത്തി ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫ് പ്രവേശനം സാധ്യമായില്ലെങ്കില്‍ മറ്റു കാര്യങ്ങള്‍ പിന്നീട് ആലോചിക്കേണ്ടിവരുമെന്ന വിധത്തിലും അന്‍വര്‍ ഭീഷണി മുഴക്കിയിരുന്നു. ആര്യാടന്‍ മുഹമ്മദ് എന്ന നേതാവിന്റെ തട്ടകത്തില്‍ മകന്‍ ആര്യാടന്‍ ഷൗക്കത്തിനെ മാറ്റി നിര്‍ത്താനുള്ള അന്‍വറിന്റെ നീക്കത്തിന് യു ഡി എഫ് തലവച്ചു കൊടുക്കരുതെന്ന വികാരം യു ഡി എഫില്‍ ശക്തമായിരുന്നു. എന്നാല്‍ വി എസ് ജോയി മത്സരിച്ചാലെ വിജയിക്കാനാവൂ എന്ന അന്‍വറിന്റെ മുന്‍കൂര്‍ പ്രസ്താവന യു ഡി എഫ് നയങ്ങളിലുള്ള കടന്നു കയറ്റമായും വിലയിരുത്തി. അന്‍വറിനെ മുന്നണിയില്‍ എടുത്താല്‍ അതു വലിയ തലവേദനയാവും എന്നതിന്റെ സൂചനയും ഒരു വിഭാഗം നേതാക്കള്‍ക്കുണ്ട്.

പിണറായിസത്തിനെ തകര്‍ക്കുക എന്ന അന്‍വറിന്റെ ആവശ്യം മുന്‍ നിര്‍ത്തി സഹകരിച്ചാല്‍ മതിയെന്നും മുന്നണി പ്രവേശനം നല്‍കേണ്ട എന്നുമുള്ള ചര്‍ച്ചയും ലീഗിലും കോണ്‍ഗ്രസ്സിലും ശക്തമാണ്. പിണറായിയെ തകര്‍ക്കാന്‍ തന്നെ യു ഡി എഫ് മുന്നണി പ്രവേശിപ്പിക്കണമെന്ന ആവശ്യമാണ് അന്‍വര്‍ ഉന്നയിക്കുന്നത്. യു ഡി എഫ് പ്രവേശനം ഉറപ്പായാല്‍ തന്റെ കൂടെ വരാന്‍ കാത്തിരിക്കുന്നവര്‍ ധാരാളമുണ്ടെന്നാണ് അന്‍വര്‍ പറയുന്നത്. അല്ലെങ്കില്‍ വഴിയാധാരമായി പോകുമോ എന്നു കരുതിയാണ് ആള്‍ക്കാര്‍ കൂടെ വരാത്തത്. എന്നാല്‍ കോണ്‍ഗ്രസ്സിലെ അസംതൃപ്തരെയാണ അന്‍വര്‍ ആകര്‍ഷിക്കുക എന്ന ഭയം കോണ്‍ഗ്രസ്സിനകത്ത് ശക്തമാണ്.

ഇതുവരെ യു ഡി എഫ് പ്രവേശനം ചര്‍ച്ച ചെയ്യാത്തതിനാല്‍, തടസമെന്താണെന്ന് ഉത്തരവാദിത്വത്തപ്പെട്ടവര്‍ പറയണമെന്ന ആവശ്യവും അന്‍വര്‍ ഉന്നയിക്കുന്നു, പിണറായിസത്തെ തകര്‍ക്കാനാണ് ഇത്രയും റിസ്‌ക്കെടുത്ത് താന്‍ എം എല്‍ എ സ്ഥാനമടക്കം രാജിവെച്ചതെന്നും കേരളത്തിലെ ജനവികാരം പിണറായിക്കെതിരെയാണെന്ന് താന്‍ ഉറച്ച് വിശ്വസിക്കുന്നുവെന്നുമാണ് അന്‍വര്‍ പറയുന്നത്. പിണറായി വിരുദ്ധത തെളിയിക്കാനുള്ള ബാധ്യത യു ഡി എഫിനുണ്ടെന്നും അന്‍വര്‍ വാദിച്ചത്.