തിരുവനന്തപുരം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് മുമ്പ് യു.ഡി.എഫ് പ്രവേശനം വേണമെന്നാണ് പി വി അന്‍വര്‍ മുന്നോട്ടു വെക്കുന്ന ആവശ്യം. കോണ്‍ഗ്രസിനെ സമ്മര്‍ദ്ദത്തിലാക്കി വരുതിയില്‍ നിര്‍ത്താനുള്ള ഈ ശ്രമത്തില്‍ യുഡിഎഫിലെ ഒരു വിഭാഗം നേതാക്കള്‍ അതൃപ്തരാണ് താനും. മുന്നണിയില്‍ കയറുന്നതിന് മുമ്പ് തലവേദന സൃഷ്ടിക്കുന്ന അന്‍വര്‍ മുന്നണിയില്‍ കയറിയാല്‍ അത് വലിയ തലവേദനകള്‍ സൃഷ്ടിക്കുമെന്നാണ് ഒരു വിഭാഗം നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. അതുകൊണ്ട് അന്‍വറിന്റെ കാര്യത്തില്‍ കരുതലോടെയാകും കോണ്‍ഗ്രസ് നീങ്ങുക.

ബുധനാഴ്ച തിരുവനന്തപുരത്ത് അന്‍വറുമായി നടക്കുന്ന ചര്‍ച്ചയില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനോടൊപ്പം രമേശ് ചെന്നിത്തലയും പങ്കെടുക്കും. രാവിലെ പത്തിന് കന്റോണ്‍മെന്റ് ഹൗസിലാണ് ചര്‍ച്ച. അന്‍വറിനെ മുന്നണിയിലെടുക്കാമെങ്കിലും തൃണമൂല്‍ കോണ്‍ഗ്രസിനെ യു.ഡി.എഫിന്റെ ഭാഗമാക്കാനാവില്ലെന്ന നിലപാടില്‍ കോണ്‍ഗ്രസ് ഉറച്ചുനില്‍ക്കുകയാണ്. ദേശീയതലത്തില്‍ കോണ്‍ഗ്രസുമായി ഏറ്റുമുട്ടുന്ന തൃണമൂലുമായുള്ള ബന്ധം ദേശീയനേതൃത്വം ഇഷ്ടപ്പെടുന്നില്ല. സംഘടനചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഇക്കാര്യം അസന്നിഗ്ധമായി വ്യക്തമാക്കിയെന്നാണ് വിവരം. ഇതോടെ തൃണമൂലുമായി യുഡിഎഫിലേക്ക് എത്താമെന്ന അന്‍വറിന്റെ മോഹം അടഞ്ഞ മട്ടാണ്.

പകരം പുതിയ കേരള പാര്‍ട്ടി ഉണ്ടാാക്കി വന്നാല്‍ പ്രവേശനം ഉറപ്പ് നല്‍കാമെന്ന ഫോര്‍മുല മുന്നോട്ട് വെയ്ക്കുന്ന കോണ്‍ഗ്രസിന് കൂടുതല്‍ താല്‍പര്യം അന്‍വര്‍ പുറത്ത് നിന്ന് നിരുപാധിക പിന്തുണ നല്‍കുന്നതിനാണ്. അതിന് മറ്റൊരു ഗുണവും കോണ്‍ഗ്രസും യുഡിഎഫ് ഘടകകക്ഷികളും കാണുന്നുണ്ട്. അന്‍വര്‍ ഭാവിയില്‍ എന്തെങ്കിലും തലവേദനകള്‍ സൃഷ്ടിച്ചാല്‍ എളുപ്പത്തില്‍ നേരിടാന്‍ കഴിയും. നിരുപാധിക പിന്തുണയ്ക്ക് പകരമായി അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ അന്‍വറിന് കൂടി താല്‍പര്യമുള്ള തവനൂര്‍, പട്ടാമ്പി സീറ്റുകളില്‍ ചില ഉറപ്പുകള്‍ നല്‍കാനും കോണ്‍ഗ്രസ് നേതൃത്വം തയ്യാറാണ്. സതീശനും ചെന്നിത്തലയും നടത്തുന്ന ചര്‍ച്ചയില്‍ കോണ്‍ഗ്രസ് ഫോര്‍മുല മുന്നോട്ട് വെയ്ക്കും.

നിയമസഭ തെരഞ്ഞെടുപ്പില്‍ മലബാറില്‍ വിജയസാധ്യതയുള്ള സീറ്റ് അടക്കം വാഗ്ദാനം ചെയ്ത് അന്‍വറിനെ ഒപ്പം നിര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമം. എന്നാല്‍, തൃണമൂല്‍ കോണ്‍ഗ്രസിനെ യു.ഡി.എഫില്‍ ഘടകകക്ഷിയാക്കണമെന്ന ആവശ്യത്തില്‍ അന്‍വര്‍ ഉറച്ചു നിന്നാല്‍ അത് വെല്ലുവിളിയാകും. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് ഇക്കാര്യം വീണ്ടും ചര്‍ച്ച ചെയ്യാമെന്നും നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഒരുമിച്ച് മുന്നോട്ടുപോകണമെന്നുമുള്ള നിര്‍ദേശം കോണ്‍ഗ്രസ് നേതാക്കള്‍ മുന്നോട്ടുവെച്ചേക്കും.

നിലമ്പൂരിലെ വിജയം യു.ഡി.എഫിനും അന്‍വറിനും ഒരുപോലെ പ്രധാനമായതിനാല്‍ അദ്ദേഹം വഴങ്ങുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് നേതൃത്വം. തദ്ദേശതെരഞ്ഞെടുപ്പില്‍ തൃണമൂലുമായി മുന്നണിക്ക് പുറത്തുള്ള നീക്കുപോക്കിന് കോണ്‍ഗ്രസിന് ബുദ്ധിമുട്ടുണ്ടാവില്ല. അതേസമയം അന്‍വറിന് ഒറ്റയ്ക്ക് യുഡിഎഫിലേക്ക് പോകാന്‍ കഴിയില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് മലപ്പുറം ജില്ലാ ചീഫ് കോര്‍ഡിനേറ്റര്‍ കെ ടി അബ്ദുറഹ്‌മാന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് ആയിട്ട് തന്നെ മുന്നണിയില്‍ പ്രവേശിപ്പിക്കണം എന്നതാണ് രാഷ്ട്രീയ തീരുമാനമെന്നാണ് അദ്ദേഹം പറഞ്ഞത്.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട നിര്‍ണായക കൂടിക്കാഴ്ച 23ന് നടക്കും. ഇതിന് ശേഷം മുന്നണി പ്രവേശനം ഇല്ലെങ്കില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിച്ചേക്കുമെന്നും സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ആയിരിക്കും അന്തിമ തീരുമാനം എടുക്കുകയെന്നും അബ്ദുറഹ്‌മാന്‍ ്ര്രപതികരിച്ചു. തൃണമൂല്‍ കോണ്‍ഗ്രസിന് എല്ലാ ജില്ലാ കമ്മിറ്റികളും നിലവില്‍ വന്നു. 50,000 ത്തിലധികം മെമ്പര്‍ഷിപ്പുകള്‍ രൂപീകരിച്ചുകഴിഞ്ഞുവെന്നും എല്ലാ മണ്ഡലങ്ങളിലും മത്സരിക്കാന്‍ ശേഷിയുണ്ടെന്നും അബ്ദുറഹ്‌മാന്‍ കൂട്ടിച്ചേര്‍ത്തു.

ദേശീയതലത്തില്‍ ടിഎംസി ഇന്ത്യാസഖ്യത്തിന്റെ ഭാഗമാണെങ്കിലും മമതയുമായോ പാര്‍ട്ടിയുമായോ കോണ്‍ഗ്രസ് നല്ല ബന്ധത്തിലല്ല. വിവിധ വിഷയങ്ങളില്‍ മമത ബാനര്‍ജി ഗാന്ധി കുടുംബത്തിന്റെ കടുത്ത വിമര്‍ശകയാണ്. കോണ്‍ഗ്രസിനൊപ്പം സഖ്യത്തിനില്ലെന്നു പ്രഖ്യാപിച്ച തൃണമൂല്‍ നേതാവ് ലോക്സഭാ പോരില്‍ ബംഗാളില്‍ ഒറ്റയ്ക്കു മത്സരിച്ചു. മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ദയനീയമായി പരാജയപ്പെട്ട കോണ്‍ഗ്രസിനെ നിശിതമായി വിമര്‍ശിച്ച് തൃണമൂല്‍ രംഗത്തുവന്നതും ഇരുകക്ഷികളും തമ്മിലുള്ള ബന്ധം വഷളാക്കി. തരംകിട്ടുമ്പോഴെല്ലാം കടന്നാക്രമിക്കുന്ന തൃണമൂലുമായി കേരളത്തില്‍ ഒന്നിക്കേണ്ടതില്ലെന്നാണു ഹൈക്കമാന്‍ഡിന്റെ തീരുമാനം.

ത്രിപുരയിലും മറ്റ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും മമത നിരവധി കോണ്‍ഗ്രസ് എംഎല്‍എമാരെ കൂറുമാറ്റിയിട്ടുണ്ട്. അവര്‍ കേരളത്തില്‍ ഒന്നുമല്ല, അവരെ യുഡിഎഫില്‍ ഉള്‍പ്പെടുത്തേണ്ട ആവശ്യമില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറുന്നത്. അന്‍വര്‍ മുന്നില്‍ അവശേഷിക്കുന്നത് ഒന്നുകില്‍ അന്‍വര്‍ മാണി സി കാപ്പന്‍ നയിക്കുന്ന കേരള ഡെമോക്രാറ്റിക് പാര്‍ട്ടി പോലെ ഒരു പ്രത്യേക പാര്‍ട്ടി രൂപീകരിക്കുക, അല്ലെങ്കില്‍ അദ്ദേഹം ഇതിനകം യുഡിഎഫിന്റെ ഭാഗമായ മറ്റേതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേരുക എന്നതാണ്.

യുഡിഎഫിന്റെ ഭാഗമല്ലാതിരുന്നിട്ടും നിലമ്പൂരിലെ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ അന്‍വര്‍ ഇടപെടുന്നതില്‍ കോണ്‍ഗ്രസ്, മുസ്ലീം ലീഗ് തുടങ്ങിയ പാര്‍ട്ടികള്‍ അസംതൃപ്തരാണ്. പൊതു സമൂഹത്തില്‍ യുഡിഎഫിന്റെ മുഖം മോശമാക്കുന്ന നടപടിയാണ് അന്‍വറിന്റേതെന്നാണ് കോണ്‍ഗ്രസിന്റേത് എന്നാണ് വിലയിരുത്തല്‍.