കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴിലുള്ള വിവിധ കോളജുകളില്‍ നടന്ന വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ വിദ്യാര്‍ത്ഥി സംഘടനകളായ കെ.എസ്.യുവും എം.എസ്.എഫും തമ്മില്‍ സംഘര്‍ഷം. തിരഞ്ഞെടുപ്പ് വിജയത്തെത്തുടര്‍ന്ന് കെ.എസ്.യു പുറത്തിറക്കിയ വിവാദ ബാനറാണ് ഏറ്റവും കൂടുതല്‍ ശ്രദ്ധ നേടിയത്.

കൊടുവള്ളിയിലെ കെ.എം.ഒ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വര്‍ഷങ്ങളായി എം.എസ്.എഫ് വിജയിച്ചിരുന്ന യൂണിയന്‍ ഇത്തവണ കെ.എസ്.യു പിടിച്ചെടുത്തു. ഇതിനെത്തുടര്‍ന്ന് 'എം.എസ്.എഫ് തോറ്റു, മതേതരത്വം ജയിച്ചു' എന്നെഴുതിയ പരാമര്‍ശങ്ങളടങ്ങിയ ബാനറുമായി കെ.എസ്.യു നടത്തിയ വിജയാഹ്ലാദ പ്രകടനം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചു. കൊടുവള്ളിയില്‍ കെ.എസ്.യു എട്ട് ജനറല്‍ സീറ്റുകളിലും വിജയം നേടി.

പത്ത് വര്‍ഷത്തോളമായി എം.എസ്.എഫ്. ആണ് കൊടുവള്ളി കെ എം.ഒ . കോളേജ് യൂണിയനില്‍ ഭൂരിപക്ഷം നേടിയിരുന്നത്. ചരിത്രത്തിലാദ്യമായാണ് ഈ കോളേജില്‍ എം.എസ്.എഫിന് യൂണിയന്‍ നഷ്ടമാകുന്നത്. പത്ത് വര്‍ഷത്തോളമായി കോളേജില്‍ കെഎസ്‌യു- എംഎസ്എഫ് സഖ്യമില്ല.

മറ്റൊരു സംഭവത്തില്‍, വയനാട് മുട്ടില്‍ ഡബ്ല്യു.എം.ഒ കോളജില്‍ എം.എസ്.എഫ് നടത്തിയ പ്രകടനത്തില്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കെതിരെ ബാനര്‍ ഉയര്‍ത്തി. ടി. സിദ്ദിഖിനും ഐ.സി. ബാലകൃഷ്ണനും എതിരായാണ് ബാനര്‍ ഉയര്‍ത്തിയത്. 'കേശു കുഞ്ഞുങ്ങളെ നിലക്കുനിര്‍ത്തിയില്ലെങ്കില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ നിയമസഭ കാണാമെന്ന് മോഹിക്കേണ്ട' എന്നായിരുന്നു ബാനറിലെ പരാമര്‍ശം. മുട്ടില്‍ കോളജില്‍ എം.എസ്.എഫ് വിജയിച്ചിരുന്നു.

യു.ഡി.എസ്.എഫ്. ധാരണകള്‍ ലംഘിച്ച് മറ്റു ക്യാമ്പസുകളില്‍ എം.എസ്.എഫ്. സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തിയെന്ന ആരോപണമാണ് ഇതിന് പിന്നില്‍. മുട്ടില്‍ ഡബ്ലിയു.എം.ഒ. കോളേജില്‍ കെ.എസ്.യു. എം.എസ്.എഫിനെതിരെ മത്സരിച്ചതും എസ്.എഫ്.ഐ. യുമായി ചേര്‍ന്ന് ധാരണയുണ്ടാക്കിയതുമാണ് എം.എസ്.എഫിന്റെ പ്രതിഷേധത്തിന് കാരണമായതെന്ന റിപ്പോര്‍ട്ടുകളുണ്ട്. വടകര കുരിക്കിലാട് കോ-ഓപ്പറേറ്റീവ് കോളജില്‍ എസ്.എഫ്.ഐ-കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മിലും സംഘര്‍ഷമുണ്ടായി.