- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രി ആയിരുന്നപ്പോഴും പ്രതിപക്ഷ നേതാവിന്റെ സ്വരമുയര്‍ത്തിയ നേതാവ്; പോരാട്ടവീര്യത്തിന് പ്രായം തടസമാകില്ല എന്ന് തെളിയിച്ച നേതാവ്; എന്നും പ്രതിപക്ഷമായിരുന്നു വി എസ് എന്ന് വി ഡി സതീശന്‍
മുഖ്യമന്ത്രി ആയിരുന്നപ്പോഴും പ്രതിപക്ഷ നേതാവിന്റെ സ്വരമുയര്‍ത്തിയ നേതാവ്
കൊച്ചി: പോരാട്ടവീര്യത്തിന് പ്രായം തടസമാകില്ല എന്ന് തെളിയിച്ചുകൊണ്ടാണ് വിഎസ് മടങ്ങുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രിയായിരുന്നപ്പോഴും പ്രതിപക്ഷമായിരുന്നയാളാണ് അദ്ദേഹമെന്ന് സതീശന്‍ പറഞ്ഞു. ഒരു കാര്യത്തിലും വിട്ടുവീഴ്ച ചെയ്തില്ല. കേരളത്തിലെ ഭൂമിപ്രശ്നങ്ങളില്‍ നിരന്തരം ഇടപെട്ട്, സാധാരണ കമ്മ്യൂണിസ്റ്റുകാര്‍ സഞ്ചരിക്കാത്ത പ്രത്യേക വഴികളിലൂടെയാണ് അദ്ദേഹം സഞ്ചരിച്ചത്. അതുകൊണ്ടാണ് വിഎസിന്റെ യാത്ര വ്യത്യസ്തമാകുന്നത് എന്നും സതീശന്‍ പറഞ്ഞു.
വിഎസ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ മന്ത്രിസഭയിലെ എട്ട് മന്ത്രിമാര്‍ക്കെതിരെ താന്‍ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. കഴമ്പുണ്ടെന്ന് കണ്ടാല്‍ അദ്ദേഹം അവ കാര്യത്തിലെടുക്കും. നെടുമ്പാശ്ശേരി ഭൂമി വിവാദത്തില്‍ ഉടനടിയാണ് അദ്ദേഹം കാര്യങ്ങള്‍ നീക്കിയത്. ലോട്ടറി വിവാദത്തിലും പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് വിഎസിന്റെ പിന്തുണയുണ്ടായിരുന്നു. സാധാരണയായി രാഷ്ട്രീയ വാദപ്രതിവാദങ്ങള്‍ എവിടെയും എത്താതെ പോകുകയാണ് പതിവ്. എന്നാല്‍ ലോട്ടറി വിവാദത്തില്‍ വിഎസ് കര്‍ശന നടപടിയെടുത്തുവെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. നിലപാടുള്ള ആളായിരുന്നു അദ്ദേഹം. കേരള രാഷ്ട്രീയത്തില്‍ വിഎസ് പ്രത്യേകമായി അടയാളപ്പെട്ടു കഴിഞ്ഞുവെന്നും സതീശന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് വി എസ് അച്യുതാനന്ദന്‍ വിടപറഞ്ഞത്. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം എസ്യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച വിഎസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക് തിരിച്ചുവരാന്‍ സാധിച്ചിരുന്നില്ല. വെന്റിലേറ്ററിന്റെ സഹായത്തോടെ വി എസിന്റെ ചികിത്സ തുടരുന്നതിനിടെയായിരുന്നു അന്ത്യം. മരിക്കുമ്പോള്‍ 101 വയസ്സായിരുന്നു വി എസിന്. കേരളത്തിന്റെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്നു വി എസ് അച്യുതാനന്ദന്‍.