തിരുവനന്തപുരം: ഷാഫിപറമ്പിലിനെ ആക്രമിച്ച പ്രതി സര്‍ക്കാര്‍ പുറത്താക്കിയെന്ന് പറഞ്ഞ പൊലീസുകാരനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇതു പറഞ്ഞ് നിയമസഭയെ തെറ്റിദ്ധരിപ്പിച്ച മുഖ്യമന്ത്രി മറുപടി പറയണമെന്നും വി.ഡി. സതീശന്‍ പറഞ്ഞു. 144 പേരെ പുറത്താക്കിയെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. വിവരാകാശപ്രകാരം 14 പേര പുറത്താക്കിയെന്നാണ് രേഖകള്‍. എംപിയെ ആക്രമിച്ചതിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും സതീശന്‍ അറിയിച്ചു.

രാജ്ഭവനില്‍ നടത്തിയ അത്താഴ വിരുന്നില്‍ പങ്കെടുക്കാതിന്റെ കാരണവും അദ്ദേഹം വിശദീകരിച്ചു. വാതില്‍ക്കല്‍ പോയി നില്‍ക്കേണ്ട ആവശ്യമില്ലല്ലോ എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആദ്യപ്രതികരണം. എല്ലാവരെയും ക്ഷണിക്കുന്നപോലെ ക്ഷണിച്ചിട്ടുണ്ടാകും. അത്താഴവിരുന്നില്‍ കോണ്‍ഗ്രസ് എംപിമാര്‍ പങ്കെടുത്തിരുന്നു.

അവസാന നിമിഷമാണ് ക്ഷണിച്ചത് മുന്‍പേ പരിപാടികള്‍ തീരുമാനിച്ചതിനാലാണ് അതില്‍ പങ്കെടുക്കാത്തതെന്നും വിഡി സതീശന്‍ പറഞ്ഞു. ഇന്നലെ പരിപാടികള്‍ക്ക് ശേഷം ഇന്ന് പുലര്‍ച്ചയാണ് എത്തിയത്. താന്‍ സ്ഥലത്ത് ഉണ്ടായിരുന്നെങ്കില്‍ അത്താഴവിരുന്നിന് പങ്കെടുക്കുമായിരുന്നു. പ്രസിഡന്റിന്റെ പരിപാടി ബഹിഷ്‌കരിക്കണം എന്ന നിലപാടില്ലെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

കെപിസിസി പുനഃസംഘടന, വെല്‍ഫെയര്‍പാര്‍ട്ടി വിഷയങ്ങളില്‍ വിശദമായ പ്രതികരണം നടത്താന്‍ പ്രതിപക്ഷ നേതാവ് തയ്യാറായില്ല. 30 കൊല്ലം സിപിഎമ്മിനെ പിന്തുണച്ച വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണ കോണ്‍ഗ്രസ് സ്വീകരിച്ചിട്ടുണ്ടെന്ന് സതീശന്‍ പറഞ്ഞു. കെപിസിസി സെക്രട്ടറിമാരുടെ നിയമനത്തില്‍ മറുപടി പറയില്ലെന്ന് നേരത്തെ പറഞ്ഞതാണെന്നും ഓര്‍മിപ്പിച്ചു. പാലക്കാട് മലപ്പുറം റെഡ് അലര്‍ട്ട് ആണെന്ന് പറഞ്ഞത് കെസി വേണുഗോപാലിനെതിരെ താന്‍ പറഞ്ഞതാണെന്ന് പല മാധ്യമങ്ങളും പറഞ്ഞുവെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.