തിരുവനന്തപുരം: ശശി തരൂര്‍ കോണ്‍ഗ്രസിന്റെ അഭിമാനമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. തരൂര്‍ വിശ്വപൗരനാണ്. കേരളത്തിലെ 140 മണ്ഡലങ്ങളിലും തരൂരിന്റെ മുഖം ഉണ്ടാകുമെന്നും സതീശന്‍ പറഞ്ഞു. തരൂര്‍ നേരത്തെയും കോണ്‍ഗ്രസില്‍ സജീവമാണ്. എല്‍ഡിഎഫ് ക്യാമ്പുകളില്‍ നിന്ന് വാര്‍ത്ത അടിസ്ഥാനരഹിതമാണ് എന്നും സതീശന്‍ വ്യക്തമാക്കി.

അതേസമയം തരൂര്‍ അടിസ്ഥാന മൂല്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാത്ത നേതാവെന്ന് കെപിസിസി വൈസ് പ്രസിഡന്റ് എം. ലിജുവും പ്രതികരിച്ചു അനുനയ ചര്‍ച്ച നടത്തിയത് കോണ്‍ഗ്രസില്‍ തരൂരിന് വലിയ പ്രാധാന്യം ഉള്ളതുകൊണ്ടാണെന്നും ലിജു പറഞ്ഞു. തരൂര്‍ രാജ്യത്തെ തന്നെ ഉന്നതനായ രാഷ്ട്രീയ നേതാവാണ്. കോണ്‍ഗ്രസില്‍ അദ്ദേഹത്തിന് വലിയ പ്രാധാന്യമാണ് നല്‍കുന്നത്. മതേതര മൂല്യങ്ങളോടുള്ള പ്രതിബദ്ധത തരൂര്‍ എ ഐ സി സിയെ അറിയിച്ചിട്ടുണ്ടെന്ന് പറഞ്ഞ എം. ലിജു കെപിസിസി ആവശ്യപ്പെട്ടതിനെ കുറിച്ച് അറിയില്ലെന്നാണ് പ്രതികരിച്ചത്.

അതേസമയം കോണ്‍ഗ്രസില്‍ അസംതൃത്പനായിരുന്ന ശശി തരൂരിനെ അനുനയിപ്പിക്കാന്‍ എഐസിസിയോട് ആവശ്യപ്പെട്ടത് കെപിസിസി നേതൃത്വമായിരുന്നു. തരൂര്‍ പോയാല്‍ തെക്കന്‍ കേരളത്തില്‍ തിരിച്ചടി ഉണ്ടാകുമെന്ന് ആശങ്കയെ തുടര്‍ന്നാണ് കെപിസിസി എഐസിസി നേതൃത്വത്തെ വിവരം അറിയിച്ചത്.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തരൂരിനോട് സജീവമാകണമെന്ന് പറയണമെന്നും കെപിസിസി വ്യക്തമാക്കിയിരുന്നു. എംപിമാരായ എം. കെ. രാഘവനും ഷാഫി പറമ്പിലുമാണ് ഇക്കാര്യം നേതൃത്വവുമായി സംസാരിച്ചത്. തരൂരിനെ കേരളത്തില്‍ പരമാവധി ഉപയോഗിക്കാന്‍ എഐസിസി സംസ്ഥാന നേതൃത്വത്തിന് നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

ചര്‍ച്ച കഴിഞ്ഞതിന് ശേഷം' രണ്ട് മണിക്കൂര്‍ ഞാനും രാഹുല്‍ജിയും ഖാര്‍ഗെജിയും എല്ലാം തുറന്ന് സംസാരിച്ചു. ക്രിയാത്മകമായ ചര്‍ച്ചയായിരുന്നു. പ്രശ്‌നങ്ങള്‍ പരിഹരിച്ചു. ഞാനും പാര്‍ട്ടിയും ഇപ്പോള്‍ ഒരേ ദിശയിലാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും,'എന്ന് ശശി തരൂര്‍ പറഞ്ഞിരുന്നു.