പാലക്കാട്: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഉരുണ്ടുകളിക്കുകയാണെന്നും, അനുകൂലമായി നല്‍കിയ സത്യവാങ്മൂലം തിരുത്തുന്നതിനായി തിരഞ്ഞെടുപ്പ് കഴിയാന്‍ കാത്തിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു. പുതുയുഗ യാത്രയുടെ ഭാഗമായി പാലക്കാട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയനെയും സര്‍ക്കാരിനെയും സതീശന്‍ രൂക്ഷമായി വിമര്‍ശിച്ചത്.

യുവതി പ്രവേശനം സംബന്ധിച്ച് നല്‍കിയ സത്യവാങ്മൂലം തിരുത്തുമോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ മറുപടി നല്‍കുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യുവതീ പ്രവേശനത്തെ പിന്തുയ്ക്കുന്നുണ്ടോ ഇല്ലയോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ആചാരങ്ങള്‍ സംരക്ഷിക്കണമെന്ന നിലപാടാണ് യു.ഡി.എഫ് സ്വീകരിച്ചിരിക്കുന്നതെന്നും സതീശന്‍ പറഞ്ഞു. ശബരിമലയില്‍ രണ്ട് യുവതികളെ പ്രവേശിപ്പിച്ചത് സര്‍ക്കാരും പോലീസും ചേര്‍ന്നുള്ള ഗൂഢാലോചനയുടെ ഫലമാണെന്നും അദ്ദേഹം ആരോപിച്ചു.

ആഗോള അയ്യപ്പ സംഗമത്തിന്റെ പേരില്‍ സര്‍ക്കാര്‍ വന്‍ തട്ടിപ്പ് നടത്തിയെന്നും വി.ഡി. സതീശന്‍ കൂട്ടിച്ചേര്‍ത്തു. കൂടാതെ, നവകേരള സര്‍വെയെയും അദ്ദേഹം വിമര്‍ശിച്ചു. സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് ഖജനാവിലെ പണം നല്‍കാനുള്ള ശ്രമമായിരുന്നു ഈ സര്‍വെയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. നവകേരള സര്‍വെ നിയമവിരുദ്ധമാണെന്നും അത് നിര്‍ത്തിവെക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. സര്‍വെയ്ക്ക് പണം എടുത്തിട്ടുണ്ടെങ്കില്‍ അത് തിരിച്ചടക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പത്ത് വര്‍ഷത്തെ ഭരണം അവസാനിക്കുമ്പോഴാണോ കേരളം നന്നാക്കുന്നതിനുള്ള സര്‍വെ നടത്തേണ്ടതെന്ന ചോദ്യവും സതീശന്‍ ഉന്നയിച്ചു