പറവൂര്‍: ബി.ജെ.പി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ മുണ്ട് ഉടുത്താലും മുണ്ട് മടക്കിക്കുത്തിയാലും അത് അഴിച്ച് തലയില്‍ കെട്ടിയാലും ഞങ്ങള്‍ക്ക് കുഴപ്പമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. എന്നാല്‍ അദ്ദേഹത്തിന് സിനിമ ഡയലോഗ് പറഞ്ഞു കൊടുത്ത പി.ആര്‍ ഏജന്‍സികള്‍ പൊട്ടിക്കരഞ്ഞു കാണും. കാരണം അവര്‍ പറഞ്ഞു കൊടുത്തത് അദ്ദേഹം എങ്ങനെയാണ് പറഞ്ഞതെന്ന് എല്ലാവരും കണ്ടതാണെന്നും സതീശന്‍ പരിഹസിച്ചു.

ലൂസിഫര്‍ സിനിമയില്‍ കണ്ടതിന് നേരെ എതിരായ കാര്യമാണ് ബി.ജെ.പി അധ്യക്ഷന്‍ അതേ ഡയലോഗ് പറഞ്ഞപ്പോള്‍ കണ്ടത്. ഇത്രയും കഷ്ടപ്പെട്ട് പഠിപ്പിച്ചിട്ടും ആ ഡയലോഗ് അദ്ദേഹം എങ്ങനെയാണ് പറഞ്ഞതെന്ന് കണ്ടതല്ലേ. അദ്ദേഹം എങ്ങനെ കുത്തിയാലും ഞങ്ങള്‍ക്ക് പ്രശ്നമില്ല. അദ്ദേഹം തെറി പറയുകയാണെങ്കില്‍ പറയട്ടെ. അദ്ദേഹത്തെ പഴയ ബി.ജെ.പിക്കാര്‍ തെറി പറയുന്നുണ്ട്. അതിന് അദ്ദേഹം തിരിച്ച് തെറി പറഞ്ഞോട്ടെ.

യു.ഡി.എഫിനെ വിരട്ടാന്‍ വരേണ്ട. കേരളത്തെ കുറിച്ചോ കേരള രാഷ്ട്രീയത്തെ കുറിച്ചോ പാരമ്പര്യത്തെ കുറിച്ചോ സാമൂഹിക ചുറ്റുപാടുകളെ കുറിച്ചോ കേരളത്തിലെ വഴികളെ കുറിച്ചോ അദ്ദേഹത്തിന് അറിയില്ല. 2006-ലും 2012 ലും പിന്‍വാതിലിലൂടെയാണ് അദ്ദേഹം രാജ്യസഭാ അംഗമായത്. 2018-ല്‍ വീണ്ടും രാജ്യസഭാ അംഗമാകുന്നതിന് മുന്‍പാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്.

ബി.ജെ.പിയില്‍ ചേര്‍ന്ന് അഞ്ചാറ് കൊല്ലമെ ആയിട്ടുള്ളൂ. മലയാളത്തില്‍ തെറി പറയാന്‍ അറിയാമെന്നു പറയുന്ന ആള്‍ കേന്ദ്ര മന്ത്രി ആയിരുന്നപ്പോള്‍ സംസ്ഥാനത്തിന് വേണ്ടി എന്താണ് ചെയ്തത്? അങ്ങനെയുള്ള ആളാണ് കേരളത്തെ കുറിച്ച് ഇവിടുത്തെ രാഷ്ട്രീയ പാര്‍ട്ടികളെ പഠിപ്പിക്കാന്‍ വരുന്നത്. അദ്ദേഹം ഇങ്ങനെ തന്നെ പോയാല്‍ മതിയെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

വി ഡി സതീശന്‍, രാജീവ് ചന്ദ്രശേഖര്‍, ബിജെപി അധ്യക്ഷന്‍, പരിഹാസം