തിരുവനന്തപുരം: വെള്ളാപ്പള്ളിയുടെ വിദ്വേഷ പ്രസ്താവനയോട് പ്രതികരിച്ചു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സംഘപരിവാര്‍ നടത്തുന്ന അതേ വിദ്വേഷ പ്രചാരണമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ അനുഗ്രഹാശിസ്സുകളോടെ ചിലര്‍ നടത്തുന്നതെന്ന് സതീശന്‍ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ കാറില്‍ കയറി നടക്കുന്നയാളുകളാണ് ഈ വര്‍ഗീയ പ്രചാരണം നടത്തുന്നത്. മുഖ്യമന്ത്രിയാണ് ഇതിനുപിന്നില്‍. ഈ വര്‍ഗീയ പ്രചാരണം തെരഞ്ഞെടുപ്പിന് മുമ്പും തെരഞ്ഞെടുപ്പിന് ശേഷവും കേരളത്തില്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് പിണറായി വിജയനാണ്. അദ്ദേഹത്തിന്റെ നാവായിട്ടാണ് വേറെ ചിലര്‍ പറയുന്നതെന്ന് വിഡി സതീശന്‍ പറഞ്ഞു.

എത്ര ഹീനമായ വര്‍ഗീയതയാണ് പറയുന്നത്. ലീഗ് കലാപം ഉണ്ടാക്കാന്‍ പോകുന്നുവെന്ന് എന്ത് അടിസ്ഥാനത്തിലാണ് പറയുന്നത്. കേരളത്തില്‍ ഭരിക്കുന്ന മുഖ്യമന്ത്രി, അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കില്‍ നടപടിയെടുക്കേണ്ടതല്ലേ. പൊലീസ് അദ്ദേഹത്തിനു കീഴിലല്ലേ. പിണറായിക്ക് പറയാന്‍ പറ്റാത്തതെല്ലാം ബാക്കിയുള്ളവരെക്കൊണ്ട് പറയിപ്പിക്കുകയാണ്. അതു തുടരട്ടെ. നിര്‍ത്തേണ്ട. തെരഞ്ഞെടുപ്പ് വരെ എല്ലാ ആഴ്ചയും ഇങ്ങനെയുള്ള ആളുകള്‍ വാര്‍ത്താസമ്മേളനം നടത്തണമെന്നാണ് അഭ്യര്‍ത്ഥിക്കാനുള്ളതെന്നും വിഡി സതീശന്‍ പറഞ്ഞു.

ബിജെപിയും ആര്‍എസ്എസും പറയുന്നത് അനുസരിച്ച് മാത്രം പ്രവര്‍ത്തിക്കുന്നയാളാണ് പിണറായി വിജയന്‍. ഇപ്പോള്‍ ചില വ്യക്തികളെ മുന്നില്‍ നിര്‍ത്തി വര്‍ഗീയതയുണ്ടാക്കാന്‍ ശ്രമിക്കുന്നു. സിപിഐ നേതാവിനെ ചതിയന്‍ ചന്തുവെന്ന് വിളിക്കുന്നു. മുസ്ലിം ലീഗിനെതിരെ ചീത്ത വിളിക്കുന്നു. ഉമ്മന്‍ചാണ്ടിയും ലീഗ് ഭരിച്ചിരുന്ന വിദ്യാഭ്യാസ വകുപ്പും എസ്എന്‍ഡിപിക്കും എസ് എന്‍ ട്രസ്റ്റിനും നിരവധി സ്ഥാപനങ്ങള്‍ അനുവദിച്ചുകൊടുത്തിട്ടുണ്ട്. ഒരു മാധ്യമപ്രവര്‍ത്തകന്‍ ശരിയായ ചോദ്യം ചോദിച്ചപ്പോള്‍, ആ റിപ്പോര്‍ട്ടറെ വര്‍ഗീയവാദിയെന്ന് വിളിച്ച് അധിക്ഷേപിച്ചു. ഇതിനെല്ലാം കുട പിടിച്ചു കൊടുക്കുന്നത് പിണറായി വിജയനാണ്. വി ഡി സതീശന്‍ പറഞ്ഞു.

ആര്‍എസ്എസിനെ പ്രതിരോധിക്കുന്നത് സിപിഎമ്മാണെന്നാണ് മുഖ്യമന്ത്രി പറയുന്നത് നല്ല തമാശയാണ്. ആര്‍എസ്എസിന്റെ കൂടെ പിന്തുണയോടെ 1977 ല്‍ നിയമസഭയിലേക്ക് ജയിച്ചു വന്നയാളാണ് പിണറായി വിജയന്‍. ആരോരുമറിയാതെ ഔദ്യോഗിക കാറു മാറ്റി മസ്‌കറ്റ് ഹോട്ടലില്‍ പോയി ആര്‍എസ്എസ് നേതാക്കളുമായി ചര്‍ച്ച നടത്തിയ ആളാണ് പിണറായി. തൃശൂരില്‍ ബിജെപിക്ക് ജയിക്കാന്‍ വേണ്ടി, എഡിജിപി അജിത് കുമാറിനെ വിട്ട് പൂരം കലക്കി, സുരേഷ് ഗോപിക്ക് ജയിക്കാന്‍ സൗകര്യം ഉണ്ടാക്കിക്കൊടുത്തയാളാണ് പിണറായി വിജയന്‍. അമിത് ഷാ പറഞ്ഞപ്പോള്‍ പിഎം ശ്രീയില്‍ ഒപ്പിട്ടുകൊടുത്തുവെന്നും വിഡി സതീശന്‍ പറഞ്ഞു.