തിരുവനന്തപുരം: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടരി വെള്ളാപ്പള്ളി നടേശന്റെ വിവാദ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. നടേശന്റെ വര്‍ഗീയ പരാമര്‍ശങ്ങള്‍ക്ക് പിന്നില്‍ മുഖ്യമന്ത്രിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു. പിണറായി വിജയന്‍ പറഞ്ഞുകൊടുക്കുന്നതാണ് വെള്ളാപ്പള്ളി നടേശന്‍ പ്രചരിപ്പിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

സംസ്ഥാനത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്ന ഇത്തരം പരാമര്‍ശങ്ങളില്‍ നിന്ന് സമുദായ നേതാക്കള്‍ പിന്‍മാറണം. ഇത് ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ക്ക് യോജിച്ചതല്ലെന്നും വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി. ശ്രീനാരായണ ഗുരുവില്‍ വിശ്വസിക്കുന്നവരാണ് കേരള ജനത. അദ്ദേഹം പറഞ്ഞതിന് വിരുദ്ധമായ കാര്യങ്ങളാണ് ദൗര്‍ഭാഗ്യവശാല്‍ ജനറല്‍ സെക്രട്ടറി പ്രചരിപ്പിക്കുന്നത്. ശ്രീനാരാഗണ ഗുരു പറയാന്‍ പാടില്ല എന്ന് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വെള്ളാപ്പള്ളി പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇത് മുഖ്യമന്ത്രിയുടെ നരേറ്റീവാണ്.

അദ്ദേഹം ഡല്‍ഹിയില്‍ പി.ആര്‍. ഏജന്‍സികളെ കൊണ്ട് പറയിപ്പിച്ചതും ഹിന്ദുവിന് ഡല്‍ഹിയില്‍ നിന്ന് കൊടുത്ത അഭിമുഖത്തിലും മലപ്പുറത്തിനെതിരെ പറഞ്ഞത് കേരളം കണ്ടതാണ്. കേരളത്തിലെ സി.പി.എം നേതാക്കള്‍ മലപ്പുറത്തിനെതിരെ വ്യാപകമായി പറഞ്ഞുകൊണ്ടിരിക്കുകയാണ്. മലപ്പുറത്തെ കുറിച്ച് മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും മുഖ്യമന്ത്രി പിണറായി വിജയനും പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവനും പറഞ്ഞത് എല്ലാവരും കേട്ടതാണ്. ഇവര്‍ക്കെല്ലാം ഒരേ നരേറ്റീവാണ്. ഇതെല്ലാം മുഖ്യമന്ത്രി പറഞ്ഞുപറയിപ്പിക്കുന്നതാണെന്നും വി.ഡി. സതീശന്‍ വിമര്‍ശിച്ചു.

കേരളത്തില്‍ മുസ്‌ലിം ജനസംഖ്യ വര്‍ധിക്കുകയാണെന്നും ഈഴവ സമുദായത്തിന് പ്രധാന്യം കിട്ടുന്നത് തൊഴിലുറപ്പ് പദ്ധതിയില്‍ മാത്രമാണെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ പരാമര്‍ശം. കേരളം മുസ്‌ലിം ഭൂരിപക്ഷ സംസ്ഥാനമായി മാറുമെന്ന് വി.എസ്. അച്യൂതാനന്ദന്‍ മുമ്പ് പറഞ്ഞത് ശരിവെക്കുന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്. കാന്തപുരം പറയുന്നത് കേട്ട് ഭരിച്ചാല്‍ മതി എന്ന സ്ഥിതിയാണ് കേരള സര്‍ക്കാറിനെന്നും വെള്ളാപ്പള്ളി പറഞ്ഞു. കോട്ടയത്ത് നടന്ന കോട്ടയത്ത് നടന്ന എസ്.എന്‍.ഡി.പി നേതൃസംഗമം പരിപാടിക്കിടെയായിരുന്നു വെള്ളാപ്പള്ളിയുടെ വിദ്വേഷ പരാമര്‍ശം.