തിരുവനന്തപുരം: പൂരം കലക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പൂരം കലക്കിയതില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. എഡിജിപിയെ കീപോസ്റ്റില്‍ ഇരുത്തി അന്വേഷണത്തെ പ്രഹസനമാക്കുന്നുവെന്നും വി ഡി സതീശന്‍ വിമര്‍ശിച്ചു. ദേവകുമാറിന്റെ മകന്‍ പറഞ്ഞിട്ടല്ലല്ലോ ദേശീയ മാധ്യമത്തിന് അഭിമുഖം കൊടുക്കേണ്ടത്? അങ്ങനെയെങ്കില്‍ പിആര്‍ഡി പിരിച്ചുവിടണം. പറയാത്ത കാര്യം പ്രസിദ്ധീകരിച്ച ഹിന്ദുവിനെതിരെ ഏജന്‍സിക്കെതിരെയും കേസ് കൊടുക്കുമോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

വീണിടത്ത് കിടന്ന് ഉരുളുകയാണ് മുഖ്യമന്ത്രി. പ്രധാന ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം ഹ ഹ ഹ അല്ല, വ്യക്തമായ മറുപടി പറയണം. സെപ്തംബര്‍ 13 ന് ദില്ലിയില്‍ പിആര്‍ കൊടുത്ത വിവരങ്ങളും സെപ്തംബര്‍ 21 ന് പത്രസമ്മേളനത്തില്‍ പറഞ്ഞതും ഹിന്ദുവില്‍ പ്രസീദ്ധീകരിച്ചതും എല്ലാം ഒരേ വിവരങ്ങളാണ്. സംഘ്പരിമാര്‍ അജണ്ട നടപ്പിലാക്കാന്‍ വേണ്ടിയാണ് ആ നരേറ്റീവ് വിതരണം ചെയ്തത്. എഡിജിപിയുടെ പ്രധാന ജോലി സംഘപരിവാറുമായുള്ള കോ ഓര്‍ഡിനേഷനാണെന്നും വി ഡി സതീശന്‍ വിമര്‍ശിച്ചു.