പത്തനംതിട്ട: ശബരിമലയിലെ സ്വര്‍ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. 2019 മുതല്‍ ശബരിമലയിലെ മോഷണം അറിഞ്ഞിട്ടും സര്‍ക്കാര്‍ അത് മറച്ചുവെച്ചെന്ന് അദ്ദേഹം ആരോപിച്ചു. സ്വര്‍ണം കവര്‍ന്നത് ആരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയാമെന്നും, ആ വിവരം അദ്ദേഹം ജനങ്ങളോട് വെളിപ്പെടുത്തണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. യു.ഡി.എഫ് സംഘടിപ്പിച്ച വിശ്വാസ സംഗമത്തിലെ ഉദ്ഘാടന പ്രസംഗത്തിലാണ് പ്രതിപക്ഷ നേതാവ് ഈ ആരോപണങ്ങള്‍ ഉന്നയിച്ചത്.

'ഒറിജിനല്‍ ദ്വാരപാലക ശില്‍പ്പം വലിയ തുകയ്ക്ക് വിറ്റു. ഏത് കോടീശ്വരനാണ് അത് വിറ്റതെന്ന് കോടതി ചോദിച്ചിട്ടും സര്‍ക്കാര്‍ മറുപടി നല്‍കിയിട്ടില്ല. 2019ല്‍ പൂശിയ സ്വര്‍ണം ആറ് കൊല്ലത്തിനുശേഷം വീണ്ടും സ്വര്‍ണം പൂശാന്‍ ശ്രമിച്ചത് എന്തിനായിരുന്നു? ശബരിമലയില്‍ വച്ച് സ്വര്‍ണം പൂശിയാല്‍ പോര, പോറ്റിക്ക് കൊടുത്ത് വിടണം എന്ന് പി.എസ്. പ്രശാന്ത് കത്ത് കൊടുത്തതായി പറയുന്നു. 'കുറച്ചേ കിട്ടിയുള്ളൂ' എന്നാണ് പോറ്റി പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരാണ് യഥാര്‍ത്ഥത്തില്‍ സ്വര്‍ണം കവര്‍ന്നതെന്ന് മുഖ്യമന്ത്രിക്കറിയാം,' സതീശന്‍ പറഞ്ഞു.

ഹൈക്കോടതിയാണ് സത്യം പുറത്തുകൊണ്ടുവന്നത്. 1999-ല്‍ 30 കിലോയോളം സ്വര്‍ണ്ണം ശബരിമലയില്‍ ഉണ്ടായിരുന്നതായും, ദേവസ്വം മാനുവല്‍ ലംഘിച്ച് ദേവസ്വം വകുപ്പിന്റെ അനുവാദത്തോടെ ദ്വാരപാലക ശില്‍പങ്ങള്‍ ഉള്‍പ്പെടെയുള്ളവ സ്വര്‍ണ്ണം പൂശാനെന്ന പേരില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി കൊണ്ടുപോയെന്നും സതീശന്‍ പറഞ്ഞു.

ഉണ്ണികൃഷ്ണന്‍ പോറ്റിയെ തനിക്കറിയില്ലെന്ന് ദേവസ്വം മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറയട്ടെയെന്നും, എന്നാല്‍ കടകംപള്ളി തിരുവനന്തപുരത്ത് വീട് വെച്ചത് ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ സഹായത്തോടെയാണെന്നും വി.ഡി. സതീശന്‍ ആരോപിച്ചു. 'കള്ളന്മാര്‍ നടത്തിയ കളവ് ആരും അറിഞ്ഞില്ലെങ്കില്‍ അവര്‍ വീണ്ടും കക്കാന്‍ പോകും. ദേവസ്വം മന്ത്രിയും ബോര്‍ഡും അറിയാതെ ഇതൊന്നും നടക്കില്ല,' അദ്ദേഹം കടകംപള്ളി സുരേന്ദ്രനെ നേരിട്ട് വെല്ലുവിളിച്ചുകൊണ്ട് പറഞ്ഞു. 'ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറിയില്ലെന്ന് കടകംപള്ളി പറയട്ടെ.'കവര്‍ച്ച ചെയ്തതെല്ലാം അയ്യപ്പ സന്നിധിയില്‍ തിരിച്ചെത്തും വരെ സമരം തുടരുമെന്നും ഈ സര്‍ക്കാര്‍ കപട ഭക്തിയോടെയാണ് പമ്പയിലേക്ക് പോകുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഏറ്റുമാനൂരിലും സമാനമായ കൊളള നടന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'കഴുകന്റെ കണ്ണുകളോടെ കവര്‍ച്ച നടത്തിയവരെല്ലാം തിരിച്ചറിയപ്പെടും. കമഴ്ന്നു വീണാല്‍ കാല്‍പണവുമായി പോകുന്ന കൊള്ളക്കാരാണ് ഇപ്പോള്‍ ഭരിക്കുന്നത്,' സതീശന്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ആദ്യത്തെ മാസത്തിനുള്ളില്‍ നാമജപ കേസുകളെല്ലാം പിന്‍വലിക്കുമെന്നും അദ്ദേഹം വിശ്വാസികള്‍ക്ക് ഉറപ്പുനല്‍കി. ഈ സര്‍ക്കാരിന്റെ അവസാന നാളുകളിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നും അദ്ദേഹം പ്രസ്താവനയില്‍ സൂചിപ്പിച്ചു.



. കെ.പി.സി.സി. പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. എം.പിമാരായ അടൂര്‍ പ്രകാശ്, ബെന്നി ബഹന്നാന്‍, കൊടിക്കുന്നില്‍ സുരേഷ്, ആന്റോ ആന്റണി, എന്‍.കെ. പ്രേമചന്ദ്രന്‍, ജെബി മേത്തര്‍, എ.ഐ.സി.സി ജനറല്‍ സെകട്ടറി അറിവഴകന്‍, എം.എല്‍.എ മാരായ രമേശ് ചെന്നിത്തല, എ.ഷംസുദീന്‍, എ.പി അനില്‍കുമാര്‍, പി.സി വിഷ്ണുനാഥ്, മാത്യു കുഴല്‍നാടന്‍, ചാണ്ടി ഉമ്മന്‍, മുന്‍ മന്ത്രിമാരായ പി. ജെ. ജോസഫ്, പന്തളം സുധാകരന്‍, വി.എസ്. ശിവകുമാര്‍, എം.എം. ഹസന്‍, അനുപ് ജേക്കബ്, ഷിബു ബേബിജോണ്‍, ഡി.സി.സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പില്‍, യു.ഡി.എഫ്. നേതാക്കളായ സി.പി.ജോണ്‍, രമ്യ ഹരിദാസ്, ബിന്ദു കൃഷ്ണ, ഷാനിമോള്‍ ഉസ്മാന്‍, പഴകുളം മധു, അജയ് തറയില്‍, ജോസഫ് എം. പുതുശേരി, അഡ്വ. വര്‍ഗീസ് മാമന്‍, അബിന്‍ വര്‍ക്കി എന്നിവര്‍ പ്രസംഗിച്ചു. വിശ്വാസ സംരക്ഷണ സംഗമ പദയാത്ര കാരയ്ക്കാട് ധര്‍മ്മശാസ്താ ക്ഷേത്രപരിസരത്ത് നിന്നും ആരംഭിച്ച് പന്തളം സ്വകാര്യ ബസ് സ്റ്റേഷനില്‍ സമാപിച്ചു.