- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സതീശന്റെ 'സ്വന്തം സര്‍വെ'യില്‍ അമര്‍ഷം പുകയുമ്പോഴും കൂടുതല്‍ പേരുടെ പിന്തുണ തേടാന്‍ ശ്രമം; 63 നിയമസഭാ മണ്ഡലങ്ങളിലെ വിജയസാധ്യതാ പട്ടികയില്‍ സ്ഥാനാര്‍ഥികളും നിര്‍ണായകമാകും; സീറ്റ് മോഹിക്കുന്ന യുവരക്തങ്ങള്‍ സതീശനൊപ്പം; പ്ലാന്‍ 63ക്ക് ഹൈക്കമാന്‍ഡ് പിന്തുണയെന്ന് പ്രതിപക്ഷ നേതാവിന്റെ ക്യാമ്പ്
സതീശന്റെ 'സ്വന്തം സര്‍വെ'യില്‍ അമര്‍ഷം പുകയുമ്പോഴും കൂടുതല്‍ പേരുടെ പിന്തുണ തേടാന്‍ ശ്രമം
തിരുവനന്തപുരം: കോണ്‍ഗ്രസ് തലപ്പത്തെ തമ്മില്‍ തല്ലിന് ആക്കം കൂട്ടുന്ന നടപടിയാണ് പാര്‍ട്ടിയെയും നേതാക്കളെയും അറിയിക്കാതെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നടത്തിയ രഹസ്യസര്‍വേ. കോണ്‍ഗ്രസിന് എത്രസീറ്റില്‍ വിജസാധ്യതയുണ്ടെന്ന് പരിശോധിച്ച സതീശനെതിരെ നേതാക്കള്‍ തിരിയുന്ന അവസ്ഥ വന്നു. മുഖ്യമന്ത്രി ആകാനുള്ള സതീശന്റെ ശ്രമമാണ് നടക്കുന്നതെന്നാണ് മറ്റ് നേതാക്കള്‍ വിലയിരുത്തുന്നത്. ഇതോടെ സതീശനെതിരെ എതിര്‍പ്പുകള്‍ ശക്തമായി. എന്നാല്‍, തല്‍ക്കാലം എതിര്‍പ്പുകളെ വകവെക്കാതെ മുന്നോട്ടു പോകാനാണ് സതീശന്റെ ശ്രമം. ഹൈക്കമാന്‍ഡ് പിന്തുണ ഉറപ്പിച്ചു കൊണ്ട ്താന്‍ തന്നെയാണ് നായകന്‍ എന്നു വരുത്താനും അദ്ദേഹം ശ്രമം നടത്തുന്നു.
രാഷ്ട്രീയകാര്യ സമിതിയില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുന്നോട്ടുവെച്ച നിര്‍ദേശമാണ് പോരിന് വഴിതുറന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 93 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് 21 സീറ്റിലാണു ജയിച്ചത്. ഇതിന് പുറമേ പുറമേ മറ്റ് 42 സീറ്റുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഈ 63 സീറ്റുകളില്‍ പ്രത്യേകശ്രദ്ധ നല്‍കണമെന്നും ഇവിടെ സോഷ്യല്‍ എന്‍ജിനീയറിങ് ശക്തമാക്കണമെന്നുമായിരുന്നു വി.ഡി സതീശന്റെ നിര്‍ദേശം.
രാഷ്ട്രീയകാര്യ സമിതിയില്‍ എതിര്‍വിഭാഗം ഇത് ചോദ്യം ചെയ്തു. 63 ഇടങ്ങളിലെ വിജയസാധ്യത സതീശന്‍ ഒറ്റക്കു തീരുമാനിച്ചോയെന്നായിരുന്നു എ.പി.അനില്‍കുമാറിന്റെ ചോദ്യം. പിന്നാലെ, വി.ഡി സതീശന്‍ സ്വന്തം നിലക്ക് രഹസ്യസര്‍വെ നടത്തിയെന്ന ആക്ഷേപം സതീശന്‍ വിരുദ്ധപക്ഷം ഹൈക്കമാന്റിന് മുന്നിലെത്തിച്ചു. സര്‍വെയൊന്നും നടത്തിയിട്ടില്ലെന്നും സാഹചര്യങ്ങള്‍ വിലയിരുത്തി വിജയ സാധ്യതയുള്ള മണ്ഡങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കണമെന്ന നിര്‍ദേശം മുന്നോട്ടുവെക്കുക മാത്രമാണ് ചെയ്തതെന്നുമാണ് വി.ഡി സതീശനുമായി ബന്ധപ്പെട്ടവര്‍ നല്‍കുന്ന വിശദീകരണം.
സര്‍വെ നടത്തേണ്ടത് എ.ഐ.സി.സിയാണെന്നാണ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. സര്‍വെ വിവാദത്തെക്കുറിച്ചുള്ള ചോദ്യത്തിന് വി.ഡി സതീശന്‍ മറുപടി പറഞ്ഞില്ല. മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വത്തിനായുള്ള കരുനീക്കങ്ങളാണ് സര്‍വെ വിവാദത്തിന് പിന്നിലും പ്രവര്‍ത്തിക്കുന്നതെന്നാണ് സൂചന. അതേസമയം, വിജയ സാധ്യതയുള്ളതായി കണ്ടെത്തിയ 63 മണ്ഡലങ്ങള്‍ ഏതൊക്കെയെന്ന് സതീശന്‍ പാര്‍ട്ടിക്ക് മുമ്പാകെ വെളിപ്പെടുത്തിയില്ല. രാഷ്ട്രീയകാര്യ സമിതിയില്‍ ഇക്കാര്യം സംസാരിക്കവെ, എതിര്‍പ്പുയര്‍ന്നപ്പോള്‍ വി.ഡി സതീശന്‍ പ്രസംഗം നിര്‍ത്തുകയായിരുന്നു.
പിന്നീട്, മറ്റു നേതാക്കള്‍ ആവശ്യപ്പെട്ടിട്ടും ഇക്കാര്യത്തില്‍ കൂടുതല്‍ എന്തെങ്കിലും പറയാന്‍ സതീശന്‍ തയാറായില്ല. പാര്‍ട്ടിയുടെ വിജയത്തിനായി തയാറാക്കിയ പ്ലാന്‍ വിവാദമാക്കിയതില്‍ അദ്ദേഹം നിരാശനാണെന്നാണ് വിവരം. ഇക്കാര്യം ഹൈകമാന്‍ഡിനെ അറിയിച്ചിട്ടുമുണ്ട്. ഇതോടെ തന്റെ പ്ലാനിന് ഹൈക്കമാന്‍ഡ് പിന്തുണയുണ്ടെന്ന് വരുത്താനും സതീശന്‍ ശ്രമിക്കുന്നുണ്ട്. 63 സീറ്റുകളിലെ വിജയസാധ്യത എന്ന മാനദണ്ഡം കോണ്‍ഗ്രസിലെ യുവനേതാക്കളെയും തന്നിലേക്ക് അടുപ്പിക്കാനുള്ള തന്ത്രമായാണ് സതീശന്‍ കണക്കാക്കുന്നത്.
മണ്ഡലത്തിലെ സാഹചര്യം അനുസരിച്ചു സ്ഥാനാര്‍ഥികളെ കണ്ടെത്തുക എന്നതാണ് ഇതില്‍ പ്രധാന കാര്യം. അങ്ങനെ വരുമ്പോള്‍ ഈ 63 മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതിലും സതീശന് മേല്‍ക്കൈ ലഭിക്കും. ഇത് ഭാവിയില്‍ മുഖ്യമന്ത്രിയെ പരിഗണിക്കുമ്പോള്‍ അടക്കം നിര്‍ണായകമാകുമെന്നത് ഉറപ്പാണ്. അതുകൊണ്ടാണ് സതീശന്റെ തന്ത്രത്തെ മറ്റു നേതാക്കള്‍ ഭയക്കുന്നത്. എന്നാല്‍, തന്റെ പദ്ധതിക്ക് ഹൈക്കമാന്‍ഡ് അനുമതി നല്‍കുമെന്നാണ് സതീശന്റെ പ്രതീക്ഷ.
സംസ്ഥാന കോണ്‍ഗ്രസില്‍ നയരൂപവത്കരണത്തിനായുള്ള ഏറ്റവും ഉയര്‍ന്ന വേദിയാണ് രാഷ്ട്രീയകാര്യ സമിതി. അവിടെയല്ലെങ്കില്‍ എവിടെയാണ് തന്റെ പദ്ധതികള്‍ അവതരിപ്പിക്കേണ്ടത് എന്നാതാണ് സതീശന്‍ ഉയര്‍ത്തുന്ന ചോദ്യം. പാര്‍ട്ടി അറിയാതെ വിജയസാധ്യത പഠിച്ചതിന് പിന്നില്‍ പ്രത്യേക താല്‍പര്യമുണ്ടെന്നും ഏകാധിപത്യ പ്രവണതയെന്നുമുള്ള നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് എതിര്‍പക്ഷം.