പാലക്കാട്: വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ ഷോട്ടും തൃക്കാക്കരയിലെ നഗ്‌നദൃശ്യവും പോലെ നീല ട്രോളിയും സി.പി.എം ഉണ്ടാക്കിയ കഥയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.

വി ഡി സതീശന്റെ വാക്കുകള്‍:

പൊലീസിന്റെ കയ്യില്‍ ഇരിക്കുന്ന ദൃശ്യങ്ങള്‍ സി.പി.എം ജില്ലാ സെക്രട്ടറി എങ്ങനെ കണ്ടു? സി.പി.എം ജില്ലാ സെക്രട്ടറിയാണോ പാലക്കാട് എസ്.പി? ഈ ജില്ലാ സെക്രട്ടറിക്കെതിരായാണ് നൂറ് കമ്മ്യൂണിസ്റ്റുകാര്‍ ഒന്നിച്ചു ചേര്‍ന്ന് പറഞ്ഞത്. പൊലീസ് സ്റ്റേഷനും സി.പി.എം ഓഫീസും എസ്.പിയുടെ ഓഫീസുമൊക്കെ ഒന്നാണോ? ചിരിക്കാനുള്ള ഒരുപാട് വക സി.പി.എം നല്‍കുന്നുണ്ട്.

ഇന്നലത്തെ പാതിരാനാടകം കഴിഞ്ഞ് ഇന്ന് പുതിയൊരു കഥ ഉണ്ടാക്കിയിരിക്കുകയാണ്. ദിവ്യ കേസില്‍ നവീന്‍ ബാബു മരിച്ച ശേഷം വ്യാജ പരാതി ഉണ്ടാക്കിയതു പോലെയാണ് നീല ട്രോളിയുടെ കഥ. ഇതേക്കുറിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ വിശദീകരിച്ചിട്ടുണ്ട്. രാഹുല്‍ കോഴിക്കോട് താമസിച്ച ഹോട്ടലിലും ഈ നീല ട്രോളിയുണ്ടാകും. ഇവര്‍ക്കൊന്നും വേറെ പണിയില്ലേ? നാണംകെട്ട് നടക്കുകയാണ്.

മന്ത്രിയും മന്ത്രിയുടെ അളിയനും ചേര്‍ന്ന് ഉണ്ടാക്കിയതാണ് ഈ ഗൂഡാലോചന മുഴുവനും. ഇപ്പോള്‍ വഷളായി ഇരിക്കുകയാണ്. അങ്ങനെ ഒരാള്‍ ട്രോളി കൊണ്ടു പോയെങ്കില്‍ എന്തനാണ് വനിതാ നേതാക്കളുടെ മുറി തെരഞ്ഞ് പിടിച്ച് പൊലീസ് കയറിയത്? എല്ലാ ദിവസവും കൂടുന്ന യോഗമാണ് ഹോട്ടലിലെ ബോര്‍ഡ് റൂമില്‍ കൂടിയത്. അതിന്റെ ചിത്രവുമുണ്ട്. ബോര്‍ഡ് റൂമിലെ സി.സി ടി.വി ദൃശ്യം കൂടി എടുക്കാന്‍ പൊലീസിനോട് പറയണം. അപ്പോള്‍ നീല ട്രോളിയിലെ ഷര്‍ട്ടും മുണ്ടും കാണാന്‍ പറ്റും. വേറെ ബാഗിലേക്ക് മാറ്റിയിട്ടുണ്ടെങ്കില്‍ അതും സി.സി ടി.വിയില്‍ കിട്ടും.

ഇതുപോലെ വഷളായി നാണംകെട്ടു പോയൊരു മന്ത്രി കേരള രാഷ്ട്രീയ ചരിത്രത്തില്‍ ഉണ്ടായിട്ടുണ്ടാകില്ല. ഞങ്ങളുടെ വനിതാ നേതാക്കളുടെ മുറിയില്‍ രാത്രി പന്ത്രണ്ട് മണിക്ക് ശേഷം പൊലീസിനെ വിട്ട് അവരെ അപമാനിച്ച മന്ത്രി തിരഞ്ഞെടുപ്പ് കഴിഞ്ഞ് റോഡില്‍ ഇറങ്ങുന്നത് ഞങ്ങള്‍ കാണിച്ചു തരാം. ഞങ്ങളുടെ ആത്മാഭിമാനം വ്രണപ്പെടുത്തിയതിന് മറുപടി നല്‍കും. ഐ.ഡി പോലും ഇല്ലാത്തവരാണ് വനിത നേതാക്കളുടെ മുറി ചവിട്ടിത്തുറന്നത്. അതിന് ഞങ്ങള്‍ പകരം ചെയ്തോളാം. അതിന് ഞങ്ങള്‍ പകരം ചെയ്തോളാം.

മന്ത്രി ചെവിയില്‍ നുള്ളി വച്ചോ. എന്തൊരു തോന്ന്യാസമാണ് മന്ത്രിയും മന്ത്രിയുടെ അളിയനും കൂടി ചെയ്തത്. ഇതു തന്നെയാണ് അവര്‍ വാളയാര്‍ കേസിലും ചെയ്തത്. വാളയാര്‍ കേസിലെ പ്രതികളെ രക്ഷിക്കുന്നതിനു വേണ്ടി ചെയ്ത ഉപജാപമാണ് ഇന്നലെ രാത്രിയിലും മന്ത്രി ചെയ്തത്. അതിന് അയാളെക്കൊണ്ട് ഉത്തരം പറയിക്കുക തന്നെ ചെയ്യും.

എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് പണം ഇടപാട് നടന്നെന്ന് പാര്‍ട്ടി സെക്രട്ടറിയായി ഇരിക്കുന്ന ഗോവിന്ദനെ പോലെ ഒരാള്‍ പറയുന്നത്. നാണംകെട്ട വര്‍ത്തമാനമാണിത്. ഇതു തന്നെയല്ലേ കാഫിര്‍ സ്‌ക്രീന്‍ ഷോട്ടിന്റെ കാര്യത്തിലും പറഞ്ഞിരുന്നത്. എന്നിട്ട് അവസാനം പൊലീസ് കോടതിയില്‍ കൊടുത്ത റിപ്പോര്‍ട്ടില്‍ സി.പി.എമ്മുകാരാണ് സ്‌ക്രീന്‍ ഷോട്ടുണ്ടാക്കിയതെന്നാണ് പറയുന്നത്.

തൃക്കാക്കര തിരഞ്ഞെടുപ്പ് കാലത്ത് പ്രതിപക്ഷ നേതാവ് നഗ്‌ന ദൃശ്യം പ്രചരിപ്പിച്ചുവെന്ന് പറഞ്ഞു. കേസെടുത്തോളാന്‍ പറഞ്ഞിട്ടും അന്ന് കേസെടുക്കാതിരുന്നത് എന്തുകൊണ്ടാണ്? ഇപ്പോള്‍ ആ കേസൊക്കെ എവിടെ പോയി. സി.പി.എമ്മുകാര്‍ തന്നെയാണ് അതൊക്കെ പ്രചരിപ്പിച്ചത്. ഓരോ തിരഞ്ഞെടുപ്പിലും ഓരോ കള്ളത്തരങ്ങളുമായി ഇറങ്ങും. എന്നിട്ട് നാണംകെട്ട് തിരിച്ചു പോകും. ഇപ്പോഴും സി.പി.എം നാണംകെട്ട് നില്‍ക്കുകയാണ്. ഇപ്പോള്‍ ചെളിയില്‍ കിടന്ന് ഉരുളുകയാണ്. കൂടുതല്‍ ചെളി പറ്റും എന്നല്ലാതെ ഞങ്ങള്‍ക്ക് ആര്‍ക്കും ഒരു ചുക്കും സംഭവിക്കില്ല. ജനങ്ങള്‍ക്ക് എല്ലാം അറിയാം.

ആ ഹോട്ടലില്‍ താമസിക്കുന്ന എല്ലാ പാര്‍ട്ടിക്കാരും ട്രോളി ബാഗുമായാണ് വരുന്നതും തിരിച്ചു പോകുന്നതും. കൊടകര കുഴല്‍പ്പണ കേസിന്റെ ജാള്യത മറയ്ക്കുന്നതിന് വേണ്ടി ഉണ്ടാക്കിയ സ്‌ക്രിപ്റ്റാണിത്. കൊടകര കേസില്‍ കെ സുരേന്ദ്രന്‍ 41 കോടി കൊണ്ടു വന്നെന്ന പൊലീസ് റിപ്പോര്‍ട്ട് പിണറായി വിജയന്‍ രാഷ്ട്രീയ പ്രചരണത്തിന് പോലും ഉപയോഗിക്കാതെ മൂടിവച്ചു. അത് പുറത്തുവന്നതിന്റെ ജാള്യത മറയ്ക്കുന്നതിന് വേണ്ടിയാണ് ഈ നാടകം.

എ.എ റഹീം എം.പിയും ബി.ജെ.പി നേതാവ് വി.വി രാജേഷും ഹോട്ടലില്‍ രഹസ്യം പറഞ്ഞ് മുന്നോട്ട് പോകുന്നതിന്റെ ദൃശ്യങ്ങളുണ്ട്. പൊലീസ് കൈരളി ടി.വിയെ അറിയിച്ചിട്ടാണോ റെയ്ഡ് നടത്താന്‍ പോകുന്നത്? റെയ്ഡിന് മുന്‍പ് ഡി.വൈ.എഫ്.ഐയും ബി.ജെ.പിയും ഹോട്ടലിന് മുന്നില്‍ ക്യാമ്പ് ചെയ്തു. അവര്‍ ഇടകലര്‍ന്നാണ് അവിടെ നിന്നത്. ബി.ജെ.പി- സി.പി.എം നേതൃത്വത്തിന്റെ അറിവോട് ഈ മന്ത്രി നിര്‍ബന്ധിപ്പിച്ചാണ് പൊലീസിനെക്കൊണ്ട് റെയ്ഡ് നടത്തിച്ചത്.

എന്നാല്‍ ഈ പാതിരാനാടകം അരങ്ങത്ത് എത്തുന്നതിന് മുന്‍പ് പൊളിഞ്ഞു പാളീസായി പോയി. അവസാനം മാധ്യമങ്ങളാണ് പണം പുറത്തേക്ക് കൊണ്ടു പോയതെന്നു വരെ പറഞ്ഞു. എന്തിനാണ് വനിത നേതാക്കളുടെ മുറിയില്‍ പരിശോധന നടത്തിയത്. സി.പി.എം സാധാരണയായി വനിത നേതാക്കളുടെ മുറിയിലാണോ പണപ്പെട്ടി വയ്ക്കുന്നത്? മൂന്നാം സ്ഥാനത്ത് പോകുമെന്ന് ഉറപ്പുള്ള സി.പി.എം ബി.ജെ.പിയെ രക്ഷിക്കുന്നതിനു വേണ്ടിയാണ് നാടകം കളിച്ചത്. അപമാനിതനായി കേരള സമൂഹത്തിന് മുന്നില്‍ നില്‍ക്കുന്ന സുരേന്ദ്രനെ ബാലന്‍സ് ചെയ്യിക്കുന്നതിന് വേണ്ടിയാണ് സി.പി.എം ഇല്ലാത്ത കഥകളുണ്ടാക്കിയത്.

വനിതാ നേതാക്കളെ അപമാനിച്ചതില്‍ വനിതാ കമ്മിഷന് പരാതി നല്‍കിയിട്ടുണ്ട്. മനുഷ്യാവകാശ കമ്മിഷനും പൊലീസ് കംപ്ലെയിന്റ് അതോറിട്ടിക്കും തിരഞ്ഞെടുപ്പ് കമ്മിഷനും പരാതി നല്‍കും. ഈ വിഷയത്തില്‍ റിട്ട് പെറ്റീഷന്‍ നല്‍കുന്നതിനെ കുറിച്ചും ആലോചിക്കുന്നുണ്ട്.