- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുനമ്പത്ത് പ്രശ്നം ഉണ്ടാക്കിയത് സംസ്ഥാന സര്‍ക്കാരും വഖഫ് ബോര്‍ഡുമെന്ന വാദം ശരിയെന്നു തെളിഞ്ഞു; സംഘ്പരിവാര്‍ അജണ്ടയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ കുടപിടിച്ചു; മുനമ്പത്തെ ജനങ്ങള്‍ക്ക് ഭൂമിയിലുള്ള പൂര്‍ണ അവകാശം പുനസ്ഥാപിച്ചു നല്‍കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് വി ഡി സതീശന്‍
മുനമ്പത്ത് പ്രശ്നം ഉണ്ടാക്കിയത് സംസ്ഥാന സര്‍ക്കാരും വഖഫ് ബോര്‍ഡുമെന്ന വാദം ശരിയെന്നു തെളിഞ്ഞു
-കൊച്ചി: മുനമ്പത്ത് പ്രശ്നമുണ്ടാക്കിയത് സംസ്ഥാന സര്‍ക്കാരും വഖഫ് ബോര്‍ഡുമെന്ന വാദവും ശരിയെന്നു തെളിഞ്ഞതായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സംഘ്പരിവാര്‍ അജണ്ടയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ കുടപിടിച്ചെന്നും മുനമ്പത്തെ ജനങ്ങള്‍ക്ക് ഭൂമിയിലുള്ള പൂര്‍ണ അവകാശം പുനസ്ഥാപിച്ചു നല്‍കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നു. മുനമ്പത്തെ ഭൂമിയില്‍ താമസക്കാര്‍ക്ക് അവകാശമുമുണ്ടെന്നും അവര്‍ക്ക് പൂര്‍ണസംരക്ഷണം നല്‍കണമെന്നുമാണ് പ്രതിപക്ഷവും മുസ്ലീം- ക്രൈസ്തവ സംഘടനകളും ഒരേ സ്വരത്തില്‍ ആവശ്യപ്പെട്ടത്. 1950 ലെ ഭൂമി കൈമാറ്റരേഖകള്‍ അനുസരിച്ച് ഫാറൂഖ് കോളജ് മാനേജ്മെന്റിന് നല്‍കിയ ഭൂമി വഖഫ് അല്ലെന്നും ഇന്നത്തെ വിധിയിലും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
മുനമ്പത്ത് പ്രശ്നമുണ്ടാക്കിയത് സംസ്ഥാന സര്‍ക്കാരും അവര്‍ നിയോഗിച്ച വഖഫ് ബോര്‍ഡുമാണ്. ഭൂമിയില്‍ വഖഫ് ബോര്‍ഡ് അവകാശവാദമുന്നയിച്ചതാണ് മുനമ്പത്തെ ജനങ്ങളെ പ്രതിസന്ധിയിലാക്കിയത്. ഭൂമി കൈമാറി 69 വര്‍ഷത്തിനു ശേഷം 2019-ല്‍ വഖഫാണെന്നു പ്രഖ്യാപിച്ച സംസ്ഥാന വഖഫ് ബോര്‍ഡിന്റെ നടപടി ഏകപക്ഷീയമാണെന്ന് കോടതിയും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഭൂമി വഖഫ് അല്ലെന്ന് അത് നല്‍കിയ സേഠിന്റെ കുടുംബവും ഭൂമി വാങ്ങിയ ഫറൂഖ് കോളജ് മാനേജ്‌മെന്റും വഖഫ് ട്രിബ്യൂണലില്‍ നിലപാടെടുത്തിട്ടും സംസ്ഥാന സര്‍ക്കാര്‍ വഖഫ് ബോര്‍ഡിനെക്കൊണ്ട് ഹൈക്കോടതിയില്‍ കേസ് കൊടുപ്പിച്ച് ട്രിബ്യൂണലിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ സ്റ്റേ ചെയ്തു. പ്രശ്‌ന പരിഹരിക്കാരത്തിനുള്ള സാഹചര്യമുണ്ടായിട്ടും പിന്നില്‍ നിന്നും കുത്തുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ അന്ന് സ്വീകരിച്ചത്.
തനിക്കെതിരെ വഖഫ് ബോര്‍ഡ് സി.ഇ.ഒ പ്രസ്താവന ഇറക്കുക വരെ ചെയ്തിട്ടും മുനമ്പത്തെ പ്രശ്‌നം പരിഹരിക്കാന്‍ പത്തു മിനിട്ട് മതിയെന്ന ശക്തമായ നിലപാടാണ് ഞങ്ങള്‍ സ്വീകരിച്ചത്. എന്നാല്‍ സങ്കീര്‍ണ നിയമ പ്രശ്നമെന്നു വരുത്തി തീര്‍ത്ത് തങ്ങളെ പരിഹസിക്കാനാണ് മുഖ്യമന്ത്രിയും നിയമ മന്ത്രിയും ശ്രമിച്ചത്.
വഖഫ് ഭേദഗതി നിയമം പാസാക്കിയാല്‍ മുനമ്പത്തെ ഭൂപ്രശ്നം പരിഹരിക്കുമെന്നായിരുന്നു ബി.ജെ.പിയുടെ വാഗ്ദാനം. പുതിയ നിയമം മുനമ്പത്തെ പ്രശ്നപരിഹാരത്തിന് പര്യാപ്തമല്ലെന്ന് നിയമം പാസാക്കുന്നതിന് മുന്‍പ് തന്നെ യു.ഡി.എഫ് പറഞ്ഞതാണ്. രണ്ടു മതവിഭാഗങ്ങള്‍ തമ്മിലുള്ള പ്രശ്‌നമാക്കി അതില്‍ നിന്നും രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള സംഘ്പരിവാര്‍ അജണ്ടയ്ക്ക് കുടപിടിച്ചു കൊടുക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്.
കേന്ദ്ര സര്‍ക്കാര്‍ മുനമ്പത്തെ ജനങ്ങളെ പറഞ്ഞു പറ്റിക്കുകയും സംസ്ഥാന സര്‍ക്കാര്‍ ചതിക്കുകയും ചെയ്തപ്പോഴും തുടക്കം മുതല്‍ക്കെ വഖഫ് ഭൂമിയല്ലെന്ന നിലപാട് എടുത്ത് മുനമ്പത്തെ ജനങ്ങള്‍ക്ക് പിന്തുണ നല്‍കിയത് യു.ഡി.എഫ് മാത്രമാണ്.
വഖഫ് ബോര്‍ഡിനെ ഉപയോഗിച്ച് ട്രിബ്യൂണലിനെ അസ്ഥിരപ്പെടുത്തി ഭൂ പ്രശ്നം നീട്ടിക്കൊണ്ടു പോകുന്ന സര്‍ക്കാരിന്റെ കള്ളക്കളി ഇനിയെങ്കിലും അവസാനിപ്പിക്കണം. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിയുടെ അടിസ്ഥാനത്തില്‍ മുനമ്പത്തെ ജനങ്ങള്‍ക്ക് അവരുടെ ഭൂമിയിലുള്ള പൂര്‍ണ അവകാശം പുനസ്ഥാപിച്ചു നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണം. മുനമ്പത്തെ താമസക്കാരില്‍ നിന്നും നികുതി സ്വീകരിക്കാനും സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.