കൊച്ചി: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് നേരിടാന്‍ യു.ഡി.എഫ് സുസജ്ജമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സാധാരണയായി 24 മണിക്കൂറിനകമാണ് യു.ഡി.എഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നത്. അതില്‍ കാലതാമസമുണ്ടാകില്ല. എല്ലാ നേതാക്കളുമായും ബന്ധപ്പെട്ട് സംസ്ഥാന ഘടകത്തിന്റെ നിര്‍ദ്ദേശം അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയെ അറിയിക്കും. അഖിലേന്ത്യാ നേതൃത്വമാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നതെന്നും സതീശന്‍ വ്യക്തമാക്കി.

നിലമ്പൂരില്‍ യു.ഡി.എഫ് ഉജ്ജ്വല വിജയം നേടും. യു.ഡി.എഫില്‍ നിന്നും നഷ്ടപ്പെട്ട നിലമ്പൂര്‍ സീറ്റില്‍ വലിയ ഭൂരിപക്ഷത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി വിജയിക്കുമെന്ന ആത്മവിശ്വാസമുണ്ട്. പി.വി. അന്‍വര്‍ യു.ഡി.എഫിന്റെ ഭാഗമായിരിക്കുമെന്ന് നേരത്തെ തന്നെ തീരുമാനിച്ചിട്ടുണ്ട്. അത് എങ്ങനെയാണ് യു.ഡി.എഫിന്റെ ഭാഗമാകുന്നതെന്ന് അടുത്ത ദിവസം തീരുമാനിക്കും. എല്ലാവരുമായും സംസാരിച്ച് തീരുമാനം പ്രഖ്യാപിക്കാന്‍ യു.ഡി.എഫ് നേതൃത്വം പ്രതിപക്ഷ നേതാവിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിലമ്പൂരില്‍ എം.എല്‍.എ ആയിരുന്ന അന്‍വറിന്റെ സാന്നിധ്യം യു.ഡി.എഫിന് ഗുണം ചെയ്യും. അന്‍വര്‍ യു.ഡി.എഫുമായി പൂര്‍ണമായും സഹകരിക്കും. യു.ഡി.എഫിനൊപ്പം അന്‍വറുമുണ്ടാകും. യു.ഡി.എഫ് പ്രഖ്യാപിക്കുന്ന ഏത് സ്ഥാനാര്‍ഥിക്കും പിന്തുണ നല്‍കുമെന്ന് അന്‍വര്‍ യു.ഡി.എഫ് ചെയര്‍മാന്‍ എന്ന നിലയില്‍ എന്നെ നേരിട്ട് അറിയിച്ചിട്ടുണ്ട്.

കോണ്‍ഗ്രസ് വേഗത്തില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും. മാധ്യമങ്ങള്‍ അന്വേഷിക്കേണ്ടത് സി.പി.എം സ്ഥാനാര്‍ഥി ആരാണെന്നും അയാള്‍ അരിവാള്‍ ചുറ്റിക നക്ഷത്രത്തിലാണോ അതോ സ്വതന്ത്ര സ്ഥാനാര്‍ഥി ആയാണോ മത്സരിക്കുന്നത്, ബി.ജെ.പി സ്ഥാനാര്‍ഥി ആരാണ് തുടങ്ങിയ കാര്യങ്ങളാണ്. മാധ്യമങ്ങള്‍ കോണ്‍ഗ്രസിന് പിന്നാലെ മാത്രമാണ് നടക്കുന്നത്. മറ്റു രണ്ടു പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികളെ കുറിച്ച് അറിയാനും ജനങ്ങള്‍ക്ക് താല്‍പര്യമുണ്ട്.

ഒമ്പത് വര്‍ഷം കൊണ്ട് കേരളത്തെ തകര്‍ത്ത ഈ സര്‍ക്കാരിനെ നിലമ്പൂരിലെ ജനങ്ങള്‍ക്ക് മുന്നില്‍ യു.ഡി.എഫ് വിചാരണ ചെയ്യും. കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെ പ്രതീകമായി നിലമ്പൂരിലെ ജനങ്ങള്‍ നില്‍ക്കും. ഈ സര്‍ക്കാരിനെ ജനങ്ങളുടെ മനസാക്ഷിക്ക് മുന്നില്‍ വിചാരണ ചെയ്യും. അഴിമതി ആരോപണങ്ങള്‍ ഉള്‍പ്പെടെ ചര്‍ച്ചയാക്കും. ആദ്യം മലപ്പുറത്താണല്ലോ ദേശീയപാത തകര്‍ന്നു വീണത്. ഇപ്പോള്‍ അത് എല്ലാ ജില്ലകളിലുമായിട്ടുണ്ട്. അതെല്ലാം ചര്‍ച്ചയാകും -വി.ഡി. സതീശന്‍ പറഞ്ഞു.