- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അതീവദരിദ്രരില്ലാത്ത സംസ്ഥാനമെന്ന അവകാശവാദം തെറ്റ്: കള്ളക്കണക്ക് കൊണ്ട് കൊട്ടാരം പണിയുന്നു; ചിലരെ മാത്രം ഉള്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ അതീവദരിദ്രരുടെ പട്ടിക ഉണ്ടാക്കുന്നത്; 64,000പേരാണ് സര്‍ക്കാര്‍ പട്ടികയിലുള്ളത്; എല്‍ഡിഎഫ് പ്രകടന പത്രികയില്‍ പറയുന്നത് 4.5 ലക്ഷവും; പട്ടികയുടെ മാനദണ്ഡമെന്തെന്ന് സതീശന്‍
അതീവദരിദ്രരില്ലാത്ത സംസ്ഥാനമെന്ന അവകാശവാദം തെറ്റ്
തിരുവനന്തപുരം: അതീവദരിദ്രരില്ലാത്ത സംസ്ഥാനമെന്ന സംസ്ഥാന സര്‍ക്കാറിന്റെ അവകാശവാദത്തിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സര്‍ക്കാറിന്റെ അവകാശവാദം തെറ്റാണെന്നും സര്‍ക്കാര്‍ കള്ളക്കണക്ക് കൊണ്ട് കൊട്ടാരം പണിയുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ഭക്ഷണം, പാര്‍പ്പിടം, ആരോഗ്യം, വരുമാനം എന്നിവ ഇല്ലാത്തവരെയാണ് അതിദരിദ്രരായി കണക്കാക്കുന്നത്. ഇങ്ങനെ ലക്ഷക്കണക്കിനു പേര്‍ കേരളത്തിലുണ്ട്. ഇവരില്‍ ചിലരെ മാത്രം ഉള്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ അതീവദരിദ്രരുടെ പട്ടിക ഉണ്ടാക്കിയത്. 64,000പേരാണ് സര്‍ക്കാര്‍ പട്ടികയിലുള്ളത്. എന്നാല്‍, എല്‍ഡിഎഫ് പ്രകടന പത്രികയില്‍ പറയുന്നത് 4.5 ലക്ഷം പരമദരിദ്ര കുടുംബങ്ങളുണ്ടെന്നാണ്. പരമ ദരിദ്രരും അതീവ ദരിദ്രരും തമ്മിലുള്ള വ്യത്യാസം എന്താണെന്നു വി ഡി സതീശന്‍ ചോദിച്ചു.
കേന്ദ്രം നിശ്ചയിച്ച മാനദണ്ഡം അനുസരിച്ച് ദരിദ്രരില്‍ അതിദരിദ്രര്‍ക്കാണ് എഎവൈ റേഷന്‍ കാര്‍ഡ് നല്‍കുന്നത്. കേരളത്തില്‍ 5.95 ലക്ഷം കാര്‍ഡ് ഇങ്ങനെയുണ്ട്. അവര്‍ ദാരിദ്രത്തില്‍നിന്ന് മാറിയിട്ടില്ല. വിദഗ്ധര്‍ സര്‍ക്കാരിന് അയച്ച കത്തില്‍ ഇതാണ് ചോദിച്ചിരിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് പറഞ്ഞു. എന്ത് മാനദണ്ഡം ഉപയോഗിച്ചാണ് അതിദരിദ്രരുടെ പട്ടിക ഉണ്ടാക്കിയതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ആസൂത്രണ ബോര്‍ഡിനോട് ഇക്കാര്യം ചോദിച്ചിരുന്നോ, പ്രഖ്യാപിച്ച 64,000 പേര്‍ക്ക് എല്ലാവര്‍ക്കും വീടായിട്ടുണ്ടോ എന്നീ കാര്യങ്ങള്‍ വ്യക്തമാക്കണം. ഇതു തെറ്റായ സമീപനമാണ്. തിരഞ്ഞെടുപ്പിനു മുന്‍പ് പാവപ്പെട്ടവരെ വച്ച് രാഷ്ട്രീയ പ്രചാരണം നടത്തുകയാണ്. അവരോട് നീതിപൂര്‍വം പെരുമാറാതെ തട്ടിപ്പ് നടത്തുകയാണ്.
2011ലെ സെന്‍സസ് അനുസരിച്ച് കേരളത്തില്‍ 4.85 ലക്ഷം ആദിവാസികളുണ്ട്. സര്‍ക്കാരിന്റെ അതിദരിദ്രരുടെ കണക്കില്‍ 6,400 ആദിവാസികളേ ഉള്ളൂ. ബാക്കിയുള്ളവര്‍ ഏത് വിഭാഗത്തിലാണെന്നു പ്രതിപക്ഷ നേതാവ് ചോദിച്ചു. കേരള സര്‍ക്കാര്‍ പുതിയ പ്രഖ്യാപനത്തില്‍നിന്ന് പിന്‍മാറണം. അതീവദരിദ്രരെക്കുറിച്ച് ആസൂത്രണ ബോര്‍ഡിനെകൊണ്ട് പഠനം നടത്തണം. ഇടതുപക്ഷ സഹയാത്രികരും ആസൂത്രണ ബോര്‍ഡില്‍ ഉണ്ടായിരുന്നവരുമാണ് പ്രഖ്യാപനത്തിനെതിരെ പരാതിയുമായി എത്തിയിരിക്കുന്നത്. അതിദരിദ്രരില്ലെന്നു സംസ്ഥാനം പ്രഖ്യാപിച്ചാല്‍ പാവപ്പെട്ടവര്‍ക്കു നല്‍കുന്ന സഹായം കേന്ദ്രം നിര്‍ത്തലാക്കുമെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ക്ഷേമപെന്‍ഷനും വര്‍ധിപ്പിച്ചത്. പെന്‍ഷന്‍ 2,500 രൂപയാക്കും എന്നു പ്രഖ്യാപിച്ചിട്ട് നാലര കൊല്ലം ഒരു രൂപ കൂട്ടിയില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.




