- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല സ്വര്‍ണക്കൊള്ളയില്‍ ജയിലിലായവര്‍ക്കെതിരെ നടപടി എടുക്കില്ലെന്നു പറയാന്‍ തൊലിക്കട്ടിയുള്ള പാര്‍ട്ടി സെക്രട്ടറിയാണ് സി.പി.എമ്മിനുള്ളത്; സ്വര്‍ണം കൊണ്ടു പോയത് കടകംപള്ളിക്ക് അറിയാമായിരുന്നു; എല്ലാവരുടെയും പേരുകള്‍ പുറത്ത് വരുമെന്ന് ഭയന്നാണ് കവര്‍ച്ചക്കാരെ സംരക്ഷിക്കുന്നത്: വി ഡി സതീശന്‍
ശബരിമല സ്വര്‍ണക്കൊള്ളയില്‍ ജയിലിലായവര്‍ക്കെതിരെ നടപടി എടുക്കില്ലെന്നു പറയാന്‍ തൊലിക്കട്ടിയുള്ള പാര്‍ട്ടി സെക്രട്ടറിയാണ് സി.പി.എമ്മിനുള്ളത്
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ ജയിലിലായവര്‍ക്കെതിരെ നടപടി എടുക്കില്ലെന്നു പറയാന്‍ തൊലിക്കട്ടിയുള്ള പാര്‍ട്ടി സെക്രട്ടറിയാണ് സിപിഎമ്മിനുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഉജ്ജ്വല വിജയമുണ്ടാകും. തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ യു.ഡി.എഫിന്റെ അതിശക്തമായ തിരിച്ചുവരവായിരിക്കും കേരളത്തിലുണ്ടാകുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
സംസ്ഥാന വ്യാപകമായി മുന്നൊരുക്കങ്ങള്‍ നടത്തി ടീം യു.ഡി.എഫായാണ് മത്സരിക്കുന്നത്. അതിന്റെ ഫലമുണ്ടാകും. സര്‍ക്കാരിന്റെ തെറ്റായ കാര്യങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കും. അവര്‍ മറന്നു പോയ കാര്യങ്ങള്‍ ജനങ്ങളെ ഓര്‍മ്മപ്പെടുത്തും. അതിനൊപ്പം യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ സമഗ്രമായ മാറ്റമുണ്ടാക്കുന്ന പ്രകടനപത്രകയും അവതരിപ്പിച്ചിട്ടുണ്ട്. സര്‍ക്കാരിനെതിരെ യു.ഡി.എഫ് അവതരിപ്പിച്ച കുറ്റപത്രവും അധികാരത്തില്‍ എത്തിയാല്‍ എന്ത് ചെയ്യുമെന്ന മാനിഫെസ്റ്റോയുമായിരിക്കും ഈ തിരഞ്ഞെടുപ്പിലെ ചര്‍ച്ചയെന്നും അദ്ദേഹം പറഞ്ഞു.
വി ഡി സതീശന്റെ വാക്കുകള്‍ ഇങ്ങനെ: ശബരിമലയില്‍ നടത്തിയ സ്വര്‍ണക്കൊള്ളയും തിരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാന വിഷയമാകും. അതിന് പിന്നില്‍ സി.പി.എം ഗൂഡാലോചനയുണ്ട്. കൊള്ളയില്‍ പങ്കാളികളായവരെ സി.പി.എം ഇപ്പോഴും സംരക്ഷിക്കുകയാണ്. മോഷണക്കുറ്റത്തിന് ജയിലില്‍ പോയ രണ്ട് നേതാക്കള്‍ക്കെതിരെ നടപടി എടുക്കില്ലെന്നു പറയുന്ന തൊലിക്കട്ടിയുള്ള പാര്‍ട്ടി സെക്രട്ടറിയാണ് സി.പി.എമ്മിനുള്ളത്. അവര്‍ മൊഴി നല്‍കിയാല്‍ വമ്പന്‍ നേതാക്കന്മാര്‍ പെടുമോയെന്ന പേടിയിലാണ് അവര്‍ക്കെതിരെ നടപടി എടുക്കാത്തത്. അയ്യപ്പന്റെ ശ്രീകോവിലിലെ വാതിലും കട്ടിളയും ദ്വാരപാലക ശില്‍പങ്ങളും കൊള്ളയടിക്കുകയും രണ്ടാമത് കൊള്ളയടിക്കാന്‍ ശ്രമിക്കുകയും ചെയ്തവരെയെല്ലാം നിയമത്തിന് മുന്നില്‍ കൊണ്ടു വരണം. ജയിലിലേക്കുള്ള ഘോഷയാത്ര തുടരുകയാണ്.
പത്മകുമാര്‍ തന്ത്രിക്കെതിരെ മാത്രമല്ല മൊഴി നല്‍കിയിരിക്കുന്നത്. തന്ത്രിക്ക് അറിയാമായിരുന്നു. അക്കാര്യം ബോര്‍ഡ് അംഗങ്ങളെയും ദേവസ്വം വകുപ്പിനെയും അറിയിച്ചിരുന്നെന്നാണ് അദ്ദേഹം പറഞ്ഞത്. മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനെയും അറിയിച്ചിരുന്നു എന്നതാണ് അതിന്റെ അര്‍ത്ഥം. സ്വര്‍ണം പുറത്തേക്ക് കൊണ്ടു പോയത് കടകംപള്ളി സുരേന്ദ്രന് അറിയാമായിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയെ അയച്ചതും കടകംപള്ളി സുരേന്ദ്രനാണ്. 2018-19 കാലത്ത് കടകംപള്ളി സുരേന്ദ്രന് ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ബന്ധമുണ്ടായിരുന്നു. അതിനുള്ള തെളിവ് ഞങ്ങള്‍ ഹാജരാക്കാം. എല്ലാവരുടെയും പേരുകള്‍ പുറത്ത് വരും. അതുകൊണ്ടാണ് ശബരിമലയിലെ കവര്‍ച്ചക്കാരെ സംരക്ഷിക്കുന്ന നിലപാട് സി.പി.എം സ്വീകരിച്ചത്. അതിനുള്ള മറുപടി ഈ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിനെക്കൊണ്ട് ജനങ്ങള്‍ പറയിക്കും.
ശബരിമലയിലെ സ്വര്‍ണക്കൊള്ള രാഷ്ട്രീയമായി എടുത്ത തീരുമാനമാണ്. ആദ്യ കളവ് ആരും അറിഞ്ഞില്ലെന്ന് കണ്ടാണ് രണ്ടാമതും കക്കാനാണ് ദ്വാരപാലക ശില്‍പം ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഏല്‍പ്പിച്ചത്. ആദ്യം മോഷണം നടത്തിയെന്ന് പ്രതിപക്ഷത്തിനും മാധ്യമങ്ങള്‍ക്കും ജനങ്ങള്‍ക്കും അറിയില്ലായിരുന്നെങ്കിലും കട്ടവര്‍ക്ക് അറിയാമായിരുന്നു. അതുകൊണ്ടാണ് രണ്ടാമതും കക്കാന്‍ ഇറങ്ങിയത്. അന്ന് പ്രതിപക്ഷം പറഞ്ഞതില്‍ ഒരു അതിയോക്തിയും ഇല്ലായിരുന്നു. അതുതന്നെയാണ് കോടതിയും പറഞ്ഞത്.
മുനമ്പം വിഷയത്തില്‍ ജനങ്ങളുടെ പ്രശ്നമായിരുന്നു യു.ഡി.എഫിന് മുഖ്യം. അതുകൊണ്ടു തന്നെ അഭിഭാഷകരുമായി വിഷയം ചര്‍ച്ച ചെയ്തു. അതിനെ തുടര്‍ന്നാണ് മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന നിലപാടെടുത്തത്. വഖഫ് ഭൂമിയെന്നു പറഞ്ഞാല്‍ ആ പ്രദേശത്തെ പാവങ്ങളെ ഒഴിപ്പിക്കേണ്ടി വരും. 5 കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്നു പറഞ്ഞത്. അന്ന് ആ നിലപാട് എടുത്തതിന് എന്നെ എല്ലാവരും ആക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്തു. ഇയാള്‍ ആരാണ് ഇത് പറയാന്‍ എന്നു പോലും ചോദിച്ചു. എന്നാല്‍ വഖഫ് ഭൂമി അല്ലെന്ന നിലപാട് തന്നെയാണ് ഡിവിഷന്‍ ബെഞ്ചും സ്വീകരിച്ചത്.
രണ്ടു മതങ്ങളെ തമ്മിലടിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പിന് ബി.ജെ.പി നടത്തിയ ശ്രമത്തിന് പിണറായി സര്‍ക്കാര്‍ കുടപിടിച്ചു. എന്നാല്‍ രണ്ട് മതങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം ലഘൂകരിക്കാനാണ് യു.ഡി.എഫ് ശ്രമിച്ചത്. അതിന് ഞങ്ങളെ സഹായിച്ചത് പാണക്കാട് സാദിഖലി തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയുമാണ്. അവര്‍ കൊച്ചിയിലെത്തി ക്രൈസ്തവ നേതാക്കളെ സന്ദര്‍ശിച്ച് പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തും. മുസ്ലീം- ക്രൈസ്തവ സംഘടനാ നേതാക്കള്‍ യോജിച്ച് നിന്ന് ഭിന്നതയുണ്ടാക്കാനുള്ള ശ്രമത്തെ പരാജയപ്പെടുത്തി. വഖഫ് ബോര്‍ഡിനെ ഉപയോഗിച്ച് ഈ സര്‍ക്കാര്‍ ബി.ജെ.പിയുടെ ഭിന്നതയുണ്ടാക്കാനുള്ള ശ്രമങ്ങള്‍ക്ക് കൂട്ടു നിന്നു. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരമാണ് മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന നിലപാട് വഖഫ് ബോര്‍ഡ് സ്വീകരിച്ചത്. സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും കേരള സര്‍ക്കാരിന്റെയും നിലപാടുകള്‍ ഒന്നായിരുന്നു. യു.ഡി.എഫ് സ്വീകരിച്ച നിലപാടായിരുന്ന ശരി. മുനമ്പത്ത് സമരം ചെയ്യുന്നവര്‍ സി.പി.എമ്മുകാരെയും ബി.ജെ.പിക്കാരെയും കണ്ടാല്‍ ഓടിക്കും. അവരോട് സത്യസന്ധമായി പെരുമാറിയത് യു.ഡി.എഫ് ആണെന്ന് അവര്‍ക്ക് ബോധ്യമായി.
ലേബര്‍ കോഡില്‍ മന്ത്രി ശിവന്‍കുട്ടിയുടെ വ്യക്തിപരമായ നിലപാടല്ല. അത് മുഖ്യമന്ത്രി അറിഞ്ഞു കൊണ്ടുള്ള സി.പി.എമ്മിന്റെ കൂടി നിലപാടാണ്. പി.എം ശ്രീയില്‍ പ്രധാനമന്ത്രിയെയും അമിത്ഷായെയും കണ്ട് ആറ് ദിവസത്തിനുള്ളില്‍ ഒപ്പുവച്ചു. സംസ്ഥാന മന്ത്രിസഭ തീരുമാനം എടുക്കാന്‍ മാറ്റിവച്ച വിഷയമാണ് മന്ത്രിസഭാ അംഗങ്ങള്‍ പോലും അറിയാതെ ഒപ്പുവച്ചത്. അഞ്ച് ദിവസം കഴിഞ്ഞ് ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ മന്ത്രി രാജന്‍ ഉള്‍പ്പെടെയുള്ള സി.പി.ഐ മന്ത്രിമാര്‍ പി.എം ശ്രീയില്‍ ഒപ്പുവയ്ക്കരുതെന്ന് ശക്തിയായി ആവശ്യപ്പെട്ടു. അപ്പോഴും മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും മിണ്ടാതിരുന്നു. എന്തൊരു കാപട്യമായിരുന്നു അത്.
ഒപ്പുവച്ച കാര്യം കൂടെയുള്ള മന്ത്രിമാരോട് പോലും പറഞ്ഞില്ല. അതുപോലെയാണ് എല്ലാവരുമായും ആലോചിച്ച് മാത്രമെ ലേബര്‍ കോഡില്‍ കരട് വിജ്ഞാപനം തയാറാക്കൂവെന്ന് 2022-ല്‍ ശിവന്‍കുട്ടി പറഞ്ഞത്. എന്നാല്‍ 2021-ല്‍ തന്നെ കരട് വിജ്ഞാപനം തയാറാക്കി വച്ചിരിക്കുകയായിരുന്നു. വീണ്ടും എല്ലാവരെയും പറ്റിച്ചു. അവരുടെ പാര്‍ട്ടിയോ പ്രതിപക്ഷമോ ഘടകകക്ഷികളോ മന്ത്രിസഭയോ അത് അറിഞ്ഞില്ല. തൊഴിലാളി വിരുദ്ധമായ ലേബര്‍ കോഡിന് കുടപിടിച്ചു കൊടുക്കുകയാണ് ഈ സര്‍ക്കാര്‍ ചെയ്യുന്നത്. പി.എം ശ്രീയിലും ലേബര്‍ കോഡിലും സര്‍ക്കാരിന് ഇരട്ടത്താപ്പാണ്.
കോണ്‍ഗ്രസില്‍ രാഹുല്‍ മാങ്കൂട്ടത്തിന് എതിരായ നടപടിയില്‍ ഒരു അഭിപ്രായവ്യത്യാസവുമില്ല. ഈ തിരഞ്ഞെടുപ്പില്‍ ശബരിമല ചര്‍ച്ച ചെയ്യപ്പെടാതിരാന്‍ ചില നടത്തുന്ന പ്ലാനിന്റെ ഭാഗമായാണ് ആ വിഷയം വീണ്ടും ചര്‍ച്ചയാക്കാന്‍ ശ്രമിക്കുന്നത്. ആ വിഷയം നേരത്തെ തന്നെ കേരളവും പാര്‍ട്ടിയും ചര്‍ച്ച ചെയ്തതാണ്. അതില്‍ പാര്‍ട്ടി നടപടിയും എടുത്തു. ഏകകണ്ഠമായി തീരുമാനം എടുത്ത വിഷയം വീണ്ടും ചര്‍ച്ച ചെയ്യാന്‍ കൊണ്ടുവരുന്നത് ശബരിമല വിഷയത്തില്‍ നിന്നും സി.പി.എമ്മിനെ രക്ഷിക്കുന്നതിനു വേണ്ടിയാണെന്നത് എല്ലാ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും മനസിലുണ്ടാകണം. ചര്‍ച്ച ചെയ്യപ്പെടേണ്ടത് ശബരിമല വിഷയം തന്നെയാണ്. സി.പി.എമ്മിന്റെ കെണിയില്‍ ഞങ്ങളുടെ ഒരു നേതാക്കളും വീഴില്ല.




