തിരുവനന്തപുരം: സോണിയ ഗാന്ധി ശബരിമലയിലെ സ്വര്‍ണം മോഷ്ടിച്ചെന്ന മന്ത്രി വി.എസ്. ശിവന്‍കുട്ടിയുടെ പരാമര്‍ശത്തിന് ചുട്ട മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സോണിയ ഗാന്ധി മാതൃതുല്യയാണെന്നും അവര്‍ക്കെതിരായ മന്ത്രി ശിവന്‍കുട്ടിയുടെ പരാമര്‍ശം വേദനയുണ്ടാക്കിയെന്നും സതീശന്‍ നിയമസഭയില്‍ വ്യക്തമാക്കി.

''സോണിയ ഗാന്ധി ഞങ്ങള്‍ക്ക് മാതൃതുല്യയാണ്. ഹൃദയത്തില്‍ തൊട്ടാണ് ഇക്കാര്യം പറയുന്നത്. ഞങ്ങളുടെ അമ്മക്ക് സമാനമാണ്. അവരുടെ വീട് റെയ്ഡ് ചെയ്യണം. അറസ്റ്റ് ചെയ്യണം. അവരുടെ വീട്ടിലാണ് ശബരിമലയിലെ സ്വര്‍ണം മോഷ്ടിച്ച് വെച്ചിട്ടുള്ളതെന്ന് ഒരു മന്ത്രി നിയമസഭയില്‍ പറയുകയാണ്. ഞങ്ങള്‍ക്ക് വേദനയും വിഷമവും പ്രയാസവും ഉണ്ടായി.

ചില മന്ത്രിമാര്‍ അതിന്റെ കൂടെ കൂടി. ഇദ്ദേഹം വളരെ മോശം ഭാഷയത്തില്‍, സോണിയ ഗാന്ധിയുടെ കൈയ്യില്‍ കെട്ടിയ ചരട് ശബരിമലയിലെ സ്വര്‍ണമാണെന്ന് അധിക്ഷേപിച്ചു. 80 വയസായ സ്ത്രീയെ അധിക്ഷേപിച്ചു. വിദ്യാഭ്യാസ മന്ത്രി അടക്കമുള്ളവര്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്ന് പത്രസമ്മേളനത്തില്‍ ഞാന്‍ ആദ്യം ആവശ്യപ്പെട്ടു.

രേഖകളില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് എഴുതി നല്‍കി. ജീവിതത്തില്‍ ഒരുപാട് സങ്കടങ്ങള്‍ അനുഭവിച്ചിട്ടുള്ള ഒരു പാവം സ്ത്രീയെ കുറിച്ച് ഇത്രയും പ്രബുദ്ധമായ ഒരു നിയമസഭയില്‍ ഇങ്ങനെ ഒരു വര്‍ത്തമാനം പറയാന്‍ പാടില്ല. സ്പീക്കര്‍ ഒരു നടപടിയും സ്വീകരിച്ചില്ല. ഞങ്ങള്‍ക്ക് വിഷമമുണ്ടായപ്പോള്‍ മറുപടി പറഞ്ഞു. ഞാന്‍ സംസാരിക്കുന്ന സാധാരണ ഭാഷയില്‍ നിന്ന് കടന്നു പറഞ്ഞു. അത് സത്യമാണ്.

എന്നാല്‍, അവനെന്നും ഇവനെന്നും പറഞ്ഞിട്ടില്ല. നിങ്ങള്‍ ആ പ്രസംഗം കേള്‍ക്ക്. നിയമസഭയില്‍ അദ്ദേഹം (മന്ത്രി ശിവന്‍കുട്ടി) ക്ലാസ് എടുക്കേണ്ടെന്ന് പറഞ്ഞു. പണ്ട് അദ്ദേഹം (മന്ത്രി ശിവന്‍കുട്ടി) ചെയ്ത കാര്യം ഓര്‍മിപ്പിച്ചു. അത്രേയുള്ളൂ. ഞാന്‍ വേറെ മോശമായി പറഞ്ഞ് അധിക്ഷേപിച്ചിട്ടില്ല. അത് സത്യമല്ലേ. ഡെസ്‌കില്‍ കയറി നിന്ന് നിയമസഭ അലങ്കോലപ്പെടുത്തിയ ആള്‍ ഞങ്ങളെ ഉപദേശിക്കാന്‍ വരേണ്ട എന്ന് പറഞ്ഞത് സത്യമാണ്. അതിലെന്താണ് അധിക്ഷേപം.

അധിക്ഷേപച്ചല്ല പറഞ്ഞതെങ്കിലും ഒരു നിബന്ധനയുടെ അടിസ്ഥാനത്തില്‍ പ്രസ്താവന പിന്‍വലിക്കാന്‍ തയാറാണ്. പ്രിയങ്കരിയായ സോണിയ ഗാന്ധിയെ കുറിച്ച് നിയമസഭയില്‍ മന്ത്രി ശിവന്‍കുട്ടി നടത്തിയ ഏറ്റവും ഹീനമായ പ്രസ്താവന പിന്‍വലിച്ചാല്‍ ഞാന്‍ പൂര്‍വകാല പ്രാബല്യത്തോടെ എന്റെ പ്രസ്താവന പിന്‍വലിക്കാം''- വി.ഡി. സതീശന്‍ വ്യക്തമാക്കി.