തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്ര നാളെ തിരുവനന്തപുരത്ത് മാപിക്കും. ഫെബ്രുവരി ആറിന് കാസര്‍കോട് നിന്നും ആരംഭിച്ച യാത്രയില്‍ ജനലക്ഷങ്ങളാണ് പങകാളികളായിത. നാളെ വൈകീട്ട് അഞ്ചിന് പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനം ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും.

നാല് മണിയോടെ സെക്രട്ടേറിയറ്റ് ആസാദ് ഗേറ്റിന് മുന്നില്‍ നിന്നും പുതുയുഗ യാത്രാ നായകന്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ യു.ഡി.എഫ് തിരുവനന്തപുരം, നേമം, വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ സ്വീകരിക്കും. സ്വീകരണ റാലി പുത്തരിക്കണ്ടം മൈതാനത്ത് എത്തുന്നതോടെ സമാപന സമ്മേളനത്തിന് തുടക്കമാകും.

പുതുയുഗ യാത്രയുടെ ഭാഗമായി 25 ദിവസത്തിനിടെ 121 പൊതുസമ്മേളനങ്ങള്‍ സംഘടിപ്പിച്ചു. ആരോഗ്യമേഖലയിലെ പ്രശ്നങ്ങള്‍ കണ്ടെത്താനനും പരിഹാരം നിര്‍ദ്ദേശിക്കാനും യു.ഡി.എഫ് സംഘടിപ്പിച്ച ഹെല്‍ത്ത് കോണ്‍ക്ലേവിന്റെ നയരേഖ കോഴിക്കോടും ഉന്നതവിദ്യാഭ്യാസ കോണ്‍ക്ലേവിന്റെ നയരേഖ തൃശൂരും പ്രകാശനം ചെയ്തു. 'സംവദിക്കാം പുതുയുഗത്തിനായ്' എന്ന സംവാദവും പതിനാല് ഇടങ്ങളില്‍ സംഘടിപ്പിച്ചു.

പൗരപ്രമുഖരെയല്ല, പ്രശ്‌നങ്ങള്‍ കൊണ്ട് വലയുന്ന സാധാരണക്കാരെയാണ് സംവാദ പരിപാടിയിലേക്ക് യു.ഡി.എഫ് ക്ഷണിച്ചത്. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍, കര്‍ഷകര്‍, അങ്കണവാടി ടീച്ചര്‍മാര്‍, ആശ വര്‍ക്കര്‍മാര്‍, ലോട്ടറി തൊഴിലാളികള്‍, പ്രീ പ്രൈമറി ടീച്ചേഴ്‌സ്, കെ.എസ്.ആര്‍.ടി.സി പെന്‍ഷനേഴ്‌സ്, ഭിന്നശേഷി കുട്ടികളുടെ മാതാപിതാക്കള്‍, ഒന്നാം റാങ്ക് കിട്ടിയിട്ടും നിയമനം കിട്ടാത്ത ഉദ്യോഗാര്‍ത്ഥികള്‍ തുടങ്ങി ജീവിതത്തിന്റെ സമസ്ത മേഖലകളിലുമുള്ളവര്‍ സംവാദ പരിപാടികളില്‍ പങ്കെടുത്തു.

ഒരോ ജില്ലകളിലെയും പ്രത്യേകമായ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള പ്രത്യേക ഡോക്യുമെന്റ് തയാറാക്കി ജില്ലകളിലെ പ്രശ്നങ്ങള്‍ മുന്‍ഗണനാക്രമത്തില്‍ പരിഹരിക്കുന്നതിനുള്ള ശ്രമമുണ്ടാകും. യു.ഡി.എഫിന്റെ പ്രകടനപത്രിക തയാറാക്കാനും അധികാരത്തില്‍ എത്തുമ്പോള്‍ സംസ്ഥാന തലത്തില്‍ മുന്‍ഗണന നല്‍കേണ്ട വിഷയങ്ങള്‍ ഏതൊക്കെയെന്നു മനസിലാക്കാനും യാത്രയുടെ ഭാഗമായി വിവിധ വിഭാഗം ജനങ്ങളുമായി ആശയവിനിമയം നടത്തിയത് സഹായകമായിട്ടുണ്ട്. തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഷ്ട്രീയ യാത്രയില്‍ നിന്നും വ്യത്യസ്തമായി വരാനിരിക്കുന്ന തലമുറകള്‍ക്ക് പ്രതീക്ഷ നല്‍കുന്ന തരത്തിലേക്ക് യാത്രയെ മാറ്റാന്‍ സാധിച്ചു.

സമാപന പൊതുസമ്മേളനത്തില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ കെ.സി വേണുഗോപാല്‍, ദീപദാസ് മുന്‍ഷി, എ.ഐ.സി.സി പ്രവര്‍ത്തക സമിതി അംഗങ്ങളായ രമേശ് ചെന്നിത്തല, ശശി തരൂര്‍, കൊടിക്കുന്നില്‍ സുരേഷ്, കെ.പി.സി അധ്യക്ഷന്‍ സണ്ണിജോസഫ് എം.എല്‍.എ, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എം.പി, എം.പിമാര്‍, എം.എല്‍.എമാര്‍, യു.ഡി.എഫ് നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും.