- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്നലെ പറഞ്ഞ കാര്യത്തില്‍ ഉറച്ചു നില്ക്കുന്നു; അതാണ് യുഡിഎഫ് നിലപാട്; അന്‍വര്‍ പറയുന്ന ഓരോ കാര്യത്തിനും മറുപടിയില്ല; വിട്ടുവീഴ്ച്ചയില്ലാതെ വി ഡി സതീശന്‍; പരസ്യ എതിര്‍പ്പ് എങ്ങനെ അംഗീകരിക്കുമെന്ന് സണ്ണി ജോസഫ്; യുഡിഎഫ് നിലപാടുകളുമായി യോജിക്കാന്‍ അന്‍വറിന് കഴിയണം; ഷൗക്കത്തിന് നിരുപാധിക പിന്തുണ പ്രഖ്യാപിക്കണമെന്ന നിലപാടില്‍ ഉറച്ച് കോണ്‍ഗ്രസ്
ഷൗക്കത്തിന് നിരുപാധിക പിന്തുണ പ്രഖ്യാപിക്കണമെന്ന നിലപാടില്‍ ഉറച്ച് കോണ്‍ഗ്രസ്
തിരുവനന്തപുരം: യുഡിഎഫിനെതിരായ പരാമര്‍ശത്തില്‍ പി.വി അന്‍വറിനോട് നിലപാട് കടുപ്പിച്ച് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ തള്ളിപ്പറഞ്ഞ അന്‍വറിന്റെ നിലപാടിനെ കോണ്‍ഗ്രസ് നേതാക്കള്‍ ഒറ്റക്കെട്ടായി എതിര്‍ക്കുകയാണ്. താന്‍ മുന്‍നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ഇന്നും വ്യക്തമാക്കി. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പിവി അന്‍വറാണ് ആദ്യം നിലപാട് പറയേണ്ടതെന്ന ഇന്നലെ പറഞ്ഞ കാര്യത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും നിലപാടാണ് താന്‍ പറഞ്ഞതെന്നും വിഡി സതീശന്‍ പറഞ്ഞു. രാവിലെ വാര്‍ത്താസമ്മേളനത്തില്‍ വിഡി സതീശനെതിരെ പിവി അന്‍വര്‍ രംഗത്തെത്തിയിരുന്നു.
വിഡി സതീശന്റെ പേര് എടുത്തുപറയാതെയായിരുന്നു വസ്ത്രാക്ഷേപം നടത്തി തെരുവിലിറക്കി വിട്ടവര്‍ ഇപ്പോള്‍ ചെളിവാരിയെറിയുന്നുവെന്ന് അന്‍വര്‍ തുറന്നടിച്ചത്. എന്നാല്‍, ഇന്നലെ പറഞ്ഞ കാര്യങ്ങള്‍ കോണ്‍ഗ്രസിന്റെ നിലപാടാണെന്നും അഹങ്കാരത്തോടെ പറഞ്ഞതല്ലെന്നും ലളിതമായ ഭാഷയിലാണ് അത് പറഞ്ഞതെന്നും വിഡി സതീശന്‍ പറഞ്ഞു. ഇന്നലെ പറഞ്ഞതുപോലെ ആദ്യം അന്‍വര്‍ നിലപാട് വ്യക്തമാക്കണം. അതിനുശേഷം യുഡിഎഫ് അന്‍വറിന്റെ കാര്യത്തിലുള്ള തീരുമാനവും വ്യക്തമാക്കും. ഇപ്പോള്‍ പിവി അന്‍വര്‍ പറയുന്ന ഒരോ കാര്യത്തിനും മറുപടി പറയേണ്ടതില്ലെന്നും വിഡി സതീശന്‍ പറഞ്ഞു.
അതേസമയം, നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ തെരെഞ്ഞെടുപ്പിലുണ്ടായ വീഴ്ചകള്‍ പരിഹരിച്ച് ഒറ്റക്കെട്ടായാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത്. പിവി അന്‍വറുമായി സംസാരിച്ചു. ശുഭകരമായ തീരുമാനത്തിലെത്തും. എല്‍ഡിഎഫിനെ പരാജയപ്പെടുത്താന്‍ ആഗ്രഹിക്കുന്നവരെ ഒരുമിച്ച് നിര്‍ത്തും. ഒരു ഘടകക്ഷിയെ മുന്നണിയിലെടുക്കുമ്പോള്‍ ചില ഫോര്‍മാലിറ്റീസുണ്ട്.താന്‍ പറയുന്നതും പ്രതിപക്ഷനേതാവ് പറയുന്നതും ഒരേ കാര്യമാണ്. അന്തിമതീരുമാനം എടുക്കാന്‍ പ്രതിപക്ഷനേതാവിനെ യുഡിഎഫ് ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ചില കാലതാമസം സ്വാഭാവികമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
യുഡിഎഫിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന ഒരു വ്യക്തിയും പാര്‍ട്ടിയും പരസ്യമായി എതിര്‍പ്പ് അറിയിക്കുന്നത് എങ്ങനെ അംഗീകരിക്കുമെന്നാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ചോദിച്ചത്. 'ആ ചോദ്യത്തിന് അന്‍വര്‍ കൃത്യമായും വ്യക്തമായും മറുപടി നല്‍കണം.യുഡിഎഫ് നേതൃത്വം എല്ലാ നേതാക്കളുമായി ആലോചിച്ചാണ് തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ തീരുമാനിച്ചത്. യുഡിഎഫിന്റെ നിലപാടുകളുമായി യോജിക്കാന്‍ അന്‍വറിന് കഴിയണം. അന്‍വര്‍ ഉന്നയിച്ച എല്ലാ ആരോപണങ്ങള്‍ക്കും മറുപടി നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ആരോപണങ്ങള്‍ ജനങ്ങള്‍ വിലയിരുത്തട്ടെയെന്നും സണ്ണി ജോസഫ് പറഞ്ഞു.
യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് പിന്തുണ പ്രഖ്യാപിക്കുകയാണ് പി.വി അന്‍വര്‍ ചെയ്യേണ്ടതെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ പ്രതികരിച്ചു. യുഡിഎഫില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ യുഡിഎഫിനെ കുറ്റം പറഞ്ഞാല്‍ എങ്ങനെയാണ്. പിന്തുണ പ്രഖ്യാപിച്ചാല്‍ അന്‍വറിനെ സഹകരിപ്പിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.
അന്‍വറിന് കീഴടങ്ങിയുള്ള പ്രശ്നപരിഹാരം വേണ്ടെന്ന നിലപാടിലേക്കാണ് പാര്‍ട്ടി നേതൃത്വം എത്തിയിരിക്കുന്നത്. ഇത് കൃത്യമായി തന്നെ കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. സഹകരിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്തിട്ടും ഹൈക്കമാന്‍ഡ് തീരുമാനിച്ച സ്ഥാനാര്‍ത്ഥിയെ അന്‍വര്‍ നിരന്തരം ചോദ്യം ചെയ്യുന്നത് അംഗീകരിക്കില്ലെന്ന നിലപാടിലാണ് യുഡിഎഫ്. കോണ്‍ഗ്രസ് കീഴടങ്ങിയെന്ന് വരുന്ന ഒത്തുതീര്‍പ്പും വേണ്ടതില്ലെന്നാണ് നേതാക്കളുടെ നിലപാട്. അ്ന്‍വര്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് നിരുപാധിക പിന്തുണ പ്രഖ്യാപിക്കണമെന്നാണ് ആവശ്യം.
അന്‍വര്‍ യുഡിഎഫുമായി സഹകരിക്കും എന്നാണ് പ്രതീക്ഷയെന്നും അസോസിയേറ്റ് അംഗം ആക്കുന്നതില്‍ കൂട്ടായ ചര്‍ച്ച നടത്തണമെന്നും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശും വ്യക്തമാക്കി. അന്‍വര്‍ മത്സരിക്കും എന്നതില്‍ പേടിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഡിഎഫിന്റെ പ്രചരണങ്ങളുടെ തന്ത്രം അന്‍വറിനെ പ്രതിപക്ഷത്തു കണ്ടു മതിയെന്ന നിലപാടിലേക്കും കോണ്‍ഗ്രസ് മാറിയിട്ടുണ്ട്. അതുകൊണ്ട് തന്നെ അന്‍വറിന്റെ തന്ത്രങ്ങളെ മറികടക്കാനുള്ള വഴികള്‍ കൂടി കോണ്‍ഗ്രസ് അണിയറയില്‍ ചര്‍ച്ച ചെയ്തു തുടങ്ങിയിട്ടുണ്ട്. സഹകരിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്തിട്ടും സ്ഥാനാര്‍ഥിയെ നിരന്തരം ചോദ്യം ചെയ്യുന്നത് അംഗീകരിക്കാനാവില്ല. യുഡിഎഫിനെ നയിക്കുന്ന കോണ്‍ഗ്രസ് കീഴടങ്ങിയെന്ന് വരുന്ന ഒത്തുതീര്‍പ്പ് വേണ്ടതില്ലെന്ന നിലപാടിലാണ് ചില നേതാക്കള്‍ക്കുള്ളത്.
അവസാന നിമിഷവും മത്സരിക്കുമെന്ന മുന്നറിയിപ്പ് നല്‍കി യുഡിഎഫിലെത്താന്‍ പരിശ്രമിക്കുകയാണ് പി വി അന്‍വര്‍. അന്‍വറിന്റെ പരാമര്‍ശങ്ങള്‍ സതീശനെ കൂടി ഉന്നമിട്ടാണ്. സ്വന്തം നിലയില്‍ മത്സരിക്കുന്ന കാര്യത്തില്‍ കെ സി വേണുഗോപാലിനെ കണ്ട ശേഷം അന്തിമ തീരുമാനം എന്നാണ് പി വി അന്‍വറിന്റെ പുതിയ പ്രഖ്യാപനം. ഇന്നലെ തന്നെ വസ്ത്രാക്ഷേപം നടത്തി തെരുവിലേക്ക് ദയാവധത്തിന് വിട്ടുകൊടുക്കുകയായിരുന്നുവെന്നും മുഖത്ത് ചെളിവാരി എറിയുകയാണെന്നും പിവി അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ തുറന്നടിച്ചു.
ജനങ്ങളോട് പറയുമ്പോഴാണ് അധികപ്രസംഗി ആകുന്നത്. ഇന്നലെ വസ്ത്രാക്ഷേപം നടത്തി തെരുവിലേക്ക് വിട്ടു. ഇപ്പോള്‍ ചെളിവാരി എറിയുകയാണ്. യുഡിഎഫില്‍നിന്ന് നീതി ലഭിച്ചില്ലെങ്കില്‍ നിലമ്പൂരില്‍ തനിച്ച് മത്സരിക്കുമെന്നും പ്രചാരണത്തിനായി മമത ബാനര്‍ജിയെ എത്തിക്കുമെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് നേതൃത്വം മറുപടി നല്‍കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് പ്രതികരിച്ചു. ആരോപണങ്ങളൊന്നും വ്യക്തിപരമായി കാണുന്നില്ല. വിജയിക്കുക എന്ന ദൗത്യം മാത്രമാണ് മുന്നിലുള്ളത്. നിലമ്പൂരിലെ വികസന മുരടിപ്പാണ് പ്രധാന വിഷയം. അത് പ്രചാരണയുധമാക്കി മുന്നോട്ട് പോകുമെന്ന് ആര്യാടന്‍ ഷൗക്കത്ത് കൂട്ടിച്ചേര്‍ത്തു. ഇപ്പോഴത്തെ സാഹചര്യത്തില്‍ അന്‍വര്‍ വിഷയത്തില്‍ യുഡിഎഫിനുള്ളില്‍ തുടര്‍ചര്‍ച്ചകള്‍ നടക്കും.