തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലകശില്‍പ്പം ഏത് കോടീശ്വരനാണ് വിറ്റതെന്ന് അന്നത്തെ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന് അറിയാമെന്ന പരാമര്‍ശത്തില്‍ പ്രതിപക്ഷ നേതാവിന് നോട്ടീസ് അയച്ച് കടകംപള്ളി സുരേന്ദ്രന്‍. വിവാദ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്നും ഇല്ലെങ്കില്‍ രണ്ടു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും കടകംപള്ളി സുരേന്ദ്രന്‍ നോട്ടീസില്‍ അറിയിച്ചു.

ശബരമലയിലെ ദ്വാരപാലക ശില്‍പം ഒരു കോടീശ്വരന് വിറ്റുവെന്നും കടകംപള്ളിയോട് ചോദിച്ചാല്‍ ആര്‍ക്കാണ് വിറ്റത് എന്നറിയാമെന്നുമായിരുന്നു വി ഡി സതീശന്‍ ആരോപിച്ചത്. സ്വര്‍ണം ചെമ്പാക്കിയ രാസവിദ്യ ആണ് നടന്നത്. ഒരു പത്രസമ്മേളനം നടത്തി സര്‍ക്കാരിന് പറയാനുള്ളത് പറയുകയാണ് വേണ്ടത്. എന്താണ് ഇത്രയും നാളായി മിണ്ടാതെ ഇരിക്കുന്നതെന്നും വി ഡി സതീശന്‍ വിമര്‍ശിച്ചിരുന്നു.

തുടര്‍ന്ന് വി ഡി സതീശനെ കടകംപള്ളി സുരേന്ദ്രന്‍ വെല്ലുവിളിക്കുകയുണ്ടാക്കി. തനിക്ക് എതിരായ പ്രതിപക്ഷ നേതാവിന്റെ ആരോപണം മാനസിക നില തെറ്റിയ ഒരാളുടേതാണെന്നും ആരോപണം വി ഡി സതീശന്‍ തെളിയിക്കണമെന്നുമായിരുന്നു കടകംപള്ളി സുരേന്ദ്രന്റെ വെല്ലുവിളി. എന്നാല്‍ വി ഡി സതീശന്‍ തന്റെ ആരോപണം ആവര്‍ത്തിക്കുന്ന നിലയായിരുന്നു. പിന്നാലെയാണ് ഇന്ന് നോട്ടീസ് അയച്ചിരിക്കുന്നത്.

സതീശന്റെ ആരോപണത്തിന് നിയമസഭയില്‍ മറുപടിയുമായി കടകംപള്ളി സുരേന്ദ്രന്‍ നേരത്തെ രംഗത്തുവന്നിരുന്നു. തനിക്ക് എതിരായ പ്രതിപക്ഷ നേതാവിന്റെ ആരോപണം മാനസിക നില തെറ്റിയ ഒരാളുടേതാണെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ശബരിമലയിലെ ദ്വാരപാലകശില്‍പം ഒരു കോടീശ്വരന് വിറ്റുവെന്നും ആര്‍ക്കാണെന്നത് കടകംപള്ളി സുരേന്ദ്രന് അറിയാം എന്നുമായിരുന്നു വി ഡി സതീശന്റെ ആരോപണം. അത് തെളിയിക്കാന്‍ കടകംപള്ളി സുരേന്ദ്രന്‍ വി ഡി സതീശനെ വെല്ലുവിളിച്ചു.

'അധികാരത്തിന് വേണ്ടി ആര്‍ത്തി മൂത്തയാളുടേതാണ് വി ഡി സതീശന്റെ പ്രസ്താവന. ഒരു രാഷ്ട്രീയനേതാവ് എത്രമാത്രം അധഃപതിക്കാമോ എന്നതിന്റെ പ്രകടമായ ഉദാഹരണം ആണിത്. ഏത് കോടീശ്വരനാണ് ദ്വാരപാലകശില്‍പം വാങ്ങിയതെന്ന് വി ഡി സതീശന്‍ തെളിയിക്കണം. തെളിയിച്ചാല്‍ രാഷ്ട്രീയ പ്രവര്‍ത്തനം നിര്‍ത്തി രാഷ്ട്രീയ വനവാസത്തിന് പോകാം', കടകംപള്ളി സുരേന്ദ്രന്‍ വി ഡി സതീശനെ വെല്ലുവിളിച്ചു.

പ്രതിപക്ഷം പുകമറ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. പ്രതിപക്ഷ നേതാവിന് ആണത്തം ഉണ്ടെങ്കില്‍, തന്റേടം ഉണ്ടെങ്കില്‍ തനിക്കെതിരെയുള്ള ആരോപണം തെളിയിക്കണം. അല്ലെങ്കില്‍ പ്രതിപക്ഷ നേതാവ് രാഷ്ട്രീയം അവസാനിപ്പിച്ച് വനവാസത്തിന് പോകണം. എന്തും പറയാം എന്നുള്ള നില സ്വീകരിക്കരുത്', കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.