- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'തനിക്ക് മേയര്‍ പദവി ലഭിച്ചത് ലത്തീന്‍ സഭയുടെ ഉറച്ച ഇടപെടല്‍ മൂലം'; പിതാക്കന്മാര് എനിക്ക് വേണ്ടി സംസാരിച്ചു; ലത്തീന്‍ സമുദായത്തിന്റെ ഉറച്ച ശബ്ദം സമുദായത്തിനായി സമൂഹത്തില്‍ ഉയര്‍ന്നതിന്റെ തെളിവാണ് തന്റെ കൊച്ചി മേയര്‍ പദവി'; ലത്തീന്‍ സഭയ്ക്ക് നന്ദി പറഞ്ഞ് കൊച്ചി മേയര്‍ വി കെ മിനിമോള്‍; ബാഹ്യ ഇടപെടല്‍ ഇല്ലെന്ന കോണ്‍ഗ്രസ് വാദങ്ങള്‍ തള്ളി മിനിമോള്‍
'തനിക്ക് മേയര്‍ പദവി ലഭിച്ചത് ലത്തീന്‍ സഭയുടെ ഉറച്ച ഇടപെടല്‍ മൂലം'
കൊച്ചി: തനിക്ക് കൊച്ചി മേയര്‍ പദവി തനിക്ക് ലഭിച്ചത് ലത്തീന്‍ സഭയുടെ ഇടപെടല്‍ മൂലമാണെന്ന് തുറന്നു പറഞ്ഞ് വി കെ മിനിമോള്‍. മേയര്‍ പദവി ലഭിക്കാന്‍ ലത്തീന്‍ സഭ പിന്തുണച്ചുവെന്നാണ് മിനിമോള്‍ വ്യക്തമാക്കിയത്. ലത്തീന്‍ സമുദായത്തിന്റെ ഉറച്ച ശബ്ദം സമുദായത്തിനായി സമൂഹത്തില്‍ ഉയര്‍ന്നതിന്റെ തെളിവാണ് തന്റെ കൊച്ചി മേയര്‍ പദവിയെന്നും സഭാ നേതൃത്വം തനിക്കായി പറഞ്ഞു എന്നുമായിരുന്നു കേരള റീജിയന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) ജനറല്‍ അസംബ്ലിയില്‍ മേയറുടെ പരാമര്‍ശം.
സഭാ നേതാക്കള്‍ക്ക് നന്ദി പറഞ്ഞ മിനിമോള്‍ സംഘടനാ ശക്തിയുടെ തെളിവാണിതെന്നും പറഞ്ഞിരുന്നു. കൊച്ചി മേയര്‍ തിരഞ്ഞെടുപ്പില്‍ ബാഹ്യഇടപെടല്‍ ഇല്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കല്‍ ഇതുവരെ പറഞ്ഞിരുന്നത്. ഈ വാദം തന്നെയാണ് മിനിമോള്‍ ഇപ്പോള്‍ തള്ളിയിരിക്കുന്നത്. ഇതോടെ പരാമര്‍ശത്തില്‍ മേയര്‍ വെട്ടിലായി. അതേസമയം വി കെ മിനിമോളുടെ പരാമര്‍ശത്തില്‍ തെറ്റില്ലെന്ന് കെആര്‍എല്‍സിസി അധ്യക്ഷന്‍ വര്‍ഗീസ് ചക്കാലക്കല്‍ പറഞ്ഞു.
മിനിമോള്‍ക്ക് സഭ പിന്തുണ നല്‍കിയിട്ടുണ്ടാകും. അത് തെറ്റാണെന്ന് തോന്നുന്നില്ല. ഒരാള്‍ വളര്‍ന്നു വരാന്‍ പിന്തുണ നല്‍കുന്നതാവാമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി മേയര്‍ പറഞ്ഞതില്‍ തെറ്റില്ലെന്നും ലത്തീന്‍ സമുദായത്തിന്റെ ആഗ്രഹം രാഷ്ട്രീയ നേതൃത്വത്തെ അറിയിച്ചിരുന്നുവെന്നും കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് പറഞ്ഞു. സമ്മര്‍ദമല്ല, പ്രാതിനിധ്യത്തിനായുള്ള ആഗ്രഹമാണ് അറിയിച്ചത്. കരയുന്ന കുഞ്ഞിനേ ജനാധിപത്യത്തില്‍ പാലുള്ളൂ. അര്‍ഹമായ പ്രാതിനിധ്യമാണ് ചോദിച്ചത്. പ്രാതിനിധ്യത്തിനായി ഇനിയും ശബ്ദം ഉയര്‍ത്തും. രാഷ്ട്രീയ പാര്‍ട്ടികള്‍ അറിഞ്ഞു ചെയ്യുമെന്ന് കരുതാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
സമുദായത്തിന് അര്‍ഹതപ്പെട്ട പ്രാതിനിധ്യത്തിനായി സംസാരിച്ചിട്ടുണ്ടാകാം. എന്നാല്‍ സമ്മര്‍ദ നീക്കമല്ല എന്നായിരുന്നു കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ പ്രസിഡന്റ് ഷെറി ജെ തോമസിന്റെ പ്രതികരണം. കൊച്ചി മേയര്‍ സ്ഥാനവുമായി ബന്ധപ്പെട്ട് ഏറെ അനിശ്ചിതത്വങ്ങളും ഭിന്നാഭിപ്രായങ്ങളും ഉയര്‍ന്നിരുന്നു. കെപിസിസി ജനറല്‍ സെക്രട്ടറിയായ ദീപ്തി മേരി വര്‍ഗീസിന്റെ പേരാണ് മേയര്‍ സ്ഥാനത്തേക്ക് യുഡിഎഫ് ഉയര്‍ത്തിക്കാണിച്ചിരുന്നതെങ്കിലും പിന്നീട് മിനിമോളെ മേയറാക്കുകയായിരുന്നു.
ടേം വ്യവസ്ഥപ്രകാരം ആദ്യ രണ്ടരക്കൊല്ലത്തേക്കാണ് ഇവര്‍ കൊച്ചി മേയറാവുക. ദീപക് ജോയ് ഇക്കാലയളവില്‍ ഡെപ്യൂട്ടി മേയറാകും. അവസാനത്തെ രണ്ടരക്കൊല്ലം ഷൈനി മാത്യുവിനാണ് മേയര്‍പദവി. കെ.വി.പി. കൃഷ്ണകുമാര്‍ ഇക്കാലയളവില്‍ ഡെപ്യൂട്ടി മേയറാകും. തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പ് തന്നെ കെപിസിസി ജനറല്‍ സെക്രട്ടറിയായ ദീപ്തി മേരി വര്‍ഗീസിനെ കൊച്ചി മേയര്‍സ്ഥാനത്തേക്ക് യുഡിഎഫ് ഉയര്‍ത്തിക്കാണിച്ചിരുന്നു. എന്നാല്‍ ഫലപ്രഖ്യാപനത്തിന് പിന്നാലെ എ,ഐ ഗ്രൂപ്പുകള്‍ സംയുക്തമായി ദീപ്തിയെ മേയര്‍സ്ഥാനത്തുനിന്ന് ഒഴിവാക്കുകയായിരുന്നു. കെപിസിസി മാനദണ്ഡങ്ങളും തള്ളിയാണ് മേയര്‍ സ്ഥാനത്തേക്ക് വി കെ മിനിമോള്‍ എത്തിയത്.
പാര്‍ലമെന്റെറി പാര്‍ട്ടി യോഗത്തില്‍ ഷൈനി മാത്യുവിനാണ് കൂടുതല്‍ പിന്തുണ ലഭിച്ചത്. വി.കെ. മിനിമോള്‍ക്ക് 17 പേര്‍ പിന്തുണ നല്‍കിയപ്പോള്‍ ഷൈനി മാത്യുവിനെ 19 പേരാണ് പിന്തുണച്ചത്. ദീപ്തിക്ക് നാലുപേരുടെ പിന്തുണ മാത്രമാണ് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്. പാര്‍ട്ടിയുടെ ഔദ്യോഗിക പദവി വഹിക്കുന്ന വ്യക്തിക്ക് കൂടുതല്‍ പരിഗണന നല്‍കണമെന്ന് കെപിസിസി ഇറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇതും തള്ളിക്കൊണ്ടാണ് തീരുമാനമെടുത്ത്. കൊച്ചി കോര്‍പറേഷനിലെ സ്റ്റേഡിയം വാര്‍ഡില്‍നിന്നുള്ള പ്രതിനിധിയാണ് ദീപ്തി. വി.കെ. മിനിമോള്‍ പാലാരിവട്ടത്തുനിന്നും ഷൈനി ഫോര്‍ട്ട് കൊച്ചിയില്‍നിന്നുമുള്ള പ്രതിനിധിയാണ്. ദീപക് ജോയ് അയ്യപ്പന്‍കാവിനെയും കെവിപി കൃഷ്ണകുമാര്‍ എറണാകുളം സൗത്തിനെയുമാണ് പ്രതിനിധീകരിക്കുന്നത്.
പാര്‍ട്ടിയില്‍ ദീപ്തിക്കുള്ള സീനിയോറിറ്റി പരിഗണിക്കണം എന്ന നിലപാടിലായിരുന്നു മുതിര്‍ന്ന നേതാക്കള്‍. ലത്തീന്‍ വിഭാഗത്തില്‍ നിന്നൊരാളെ മേയറാക്കണമെന്ന ആവശ്യം പാര്‍ട്ടിയിലെ ഒരു വിഭാഗം ഉയര്‍ത്തിയിരുന്നു. പാര്‍ട്ടിയുടെ ഉന്നത പദവിയിലിരിക്കുന്നവര്‍ക്ക് മുന്‍ഗണന നല്‍കണമെന്ന നിര്‍ദ്ദേശമിരിക്കെ ദീപ്തിയെ വെട്ടിയതിനെതിരേ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. അതേസമയം, ദീപ്തി അനുകൂല ചേരി കടുത്ത നിരാശയിലാണ്. മറ്റ് കോര്‍പറേഷനുകളിലൊന്നും ഇല്ലാത്ത രീതിയിലാണ് കൊച്ചിയിലെ മേയറെ തിരഞ്ഞെടുക്കാന്‍ എ, ഐ ഗ്രൂപ്പുകളും ഡിസിസിയും പ്രവര്‍ത്തിക്കുന്നതെന്നാണ് ആരോപണം. കൗണ്‍സിലര്‍മാരെ നേരിട്ട് കണ്ട് അഭിപ്രായം ചോദിച്ചും രഹസ്യബാലറ്റ് തടഞ്ഞും ദീപ്തി മേരി വര്‍ഗീസിനെ വെട്ടാനുള്ള ശ്രമമാണ് നടത്തിയതെന്നും ഇവര്‍ ആരോപിച്ചിരുന്നു.




