- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോട് കോര്‍പ്പറേഷനില്‍ സര്‍പ്രൈസ് നീക്കവുമായി കോണ്‍ഗ്രസ്; സംവിധായകന്‍ വി എം വിനുവിനെ മേയര്‍ സ്ഥാനാര്‍ഥിയാക്കാന്‍ നീക്കം; ഫോണില്‍ വിളിച്ചു രമേശ് ചെന്നിത്തല
കോഴിക്കോട് കോര്‍പ്പറേഷനില്‍ സര്‍പ്രൈസ് നീക്കവുമായി കോണ്‍ഗ്രസ്
കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ സര്‍പ്രൈസ് നീക്കവുമായി കോണ്‍ഗ്രസ്. സിനിമാ സംവിധായകന്‍ വി എം വിനു യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചേക്കും. ഇതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഫോണില്‍ വി എം വിനുവുമായി ആശയവിനിമയം നടത്തിയതായാണ് വിവരം. തെരഞ്ഞെടുപ്പില്‍ വി എം വിനു മത്സരിക്കുമെന്ന് തന്നെയാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
കോഴിക്കോട് ഡിസിസി ഓഫീസില്‍ കോഴിക്കോട് കോര്‍പറേഷന്‍ സ്ഥാനാര്‍ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് അവസാന ഘട്ട ചര്‍ച്ചകള്‍ നടന്നുവരികയാണ്. അതിനിടെയാണ് വി എം വിനു സ്ഥാനാര്‍ഥിയാകുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവരുന്നത്. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല കോഴിക്കോട് ഉണ്ട്.
സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് ചെന്നിത്തല ഫോണില്‍ വി എം വിനുവിനെ ബന്ധപ്പെട്ടതായാണ് വിവരം. ചെന്നിത്തല ഫോണില്‍ വിളിച്ചപ്പോള്‍ വി എം വിനു എന്ത് പ്രതികരണമാണ് നടത്തിയത് എന്നതിനെ കുറിച്ച് വ്യക്തതയില്ല. എങ്കിലും ഇത്തവണ കോഴിക്കോട് കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ വി എം വിനു മത്സരിക്കുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്.
ഇന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. ഒറ്റഘട്ടത്തില്‍ തന്നെ മുഴുവന്‍ സ്ഥാനാര്‍ഥികളെയും പ്രഖ്യാപിക്കണമെന്നില്ല. അതിനിടെയാണ് തിരക്കിട്ട നീക്കം കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ കുറെ നാളുകളായി എല്‍ഡിഎഫാണ് കോര്‍പറേഷന്‍ ഭരിക്കുന്നത്. ഇത്തവണ എങ്ങനെയെങ്കിലും കോര്‍പറേഷന്‍ ഭരണം പിടിക്കാനുള്ള തീവ്ര ശ്രമത്തിലാണ് കോണ്‍ഗ്രസ്. അതിന്റെ ഭാഗമായി വി എം വിനു അടക്കമുള്ള ജനപ്രിയ മുഖങ്ങളെ രംഗത്തിറക്കി കളം പിടിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.
പ്രമുഖ എഴുത്തുകാരനും നാടകപ്രവര്‍ത്തകനുമായ വിനയന്റെ മകനായ വിനു പഠനകാലത്തുതന്നെ നാടകപ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു. പിന്നീട് സിനിമയിലെത്തി. ബാലേട്ടന്‍, വേഷം, ബസ് കണ്ടക്ടര്‍, പല്ലാവൂര്‍ ദേവനാരായണന്‍, മയിലാട്ടം, ആകാശത്തിലെ പറവകള്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ അടക്കം പതിനഞ്ചോളം സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.




