- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ആളുകള്‍ ആരും എഴുന്നേറ്റ് പോയിട്ടില്ല, ഒഴിഞ്ഞ കസേരകള്‍ വളരെ നേരത്തെ ഷൂട്ട് ചെയ്തത്; പ്രചരിക്കുന്നത് ഒരു കൗണ്ടറിലെ മാത്രം നമ്പര്‍'; അയ്യപ്പ സംഗമത്തിലെ വിവാദങ്ങള്‍ അനാവശ്യമെന്ന് വി എന്‍ വാസവന്‍; സംഗമത്തില്‍ രാഷ്ട്രീയമില്ല, ജാതിയോ മതമോ ഇല്ല; ശബരിമലയുടെ വികസനം എന്ന ഒറ്റ ലക്ഷ്യം മാത്രമെന്നും ദേവസ്വം മന്ത്രി
'ആളുകള്‍ ആരും എഴുന്നേറ്റ് പോയിട്ടില്ല, ഒഴിഞ്ഞ കസേരകള്‍ വളരെ നേരത്തെ ഷൂട്ട് ചെയ്തത്;
പത്തനംതിട്ട: ശബരിമലയെ ആഗോള തീര്‍ഥാടനകേന്ദ്രമാക്കുകയെന്ന ലക്ഷ്യത്തോടെ മാത്രമാണ് അയ്യപ്പ സംഗമം സംഘടിപ്പിച്ചതെന്ന് ദേവസ്വം മന്ത്രി വി എന്‍ വാസവന്‍. ശബരിമലയുടെ പശ്ചാത്തല വികസനത്തിനുള്ള ചര്‍ച്ചകളിലാണ് അയ്യപ്പ സംഗമം ശ്രദ്ധ കേന്ദ്രീകരിച്ചത്. മറ്റ് വിവാദങ്ങളൊക്കെ അനാവശ്യമാണ്. അയ്യപ്പ സംഗമത്തിനെതിരെ പ്രചാരണം നടക്കുന്നവര്‍ക്ക് പല രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടാകാമെന്നും മന്ത്രി പറഞ്ഞു.
ആര്‍ക്കും പരാതികളോ പരിഭവങ്ങളോ ഇല്ലാതെയാണ് അയ്യപ്പ സംഗമം സമാപിച്ചത്. 4,126 പേരാണ് ആഗോള അയ്യപ്പസംഗമത്തില്‍ പങ്കെടുത്തത്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 2125 പേരും, വിദേശരാജ്യങ്ങളില്‍നിന്ന് 182 പേരും പങ്കെടുത്തു. ആകെ 15 രാജ്യങ്ങളില്‍നിന്നും 14 സംസ്ഥാനങ്ങളില്‍നിന്നും പങ്കാളിത്തമുണ്ടായി. സംഘാടകര്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ വിജയമായി സംഗമം മാറി. വിവിധ വിഷയങ്ങളിലുള്ള ചര്‍ച്ചകള്‍ വിജയകരമായി അവസാനിച്ചു. 3000 പേരുടെ പങ്കാളിത്തമായിരുന്നു ആദ്യം തീരുമാനിച്ചത്. കൂടുതല്‍ അഭ്യര്‍ഥന വന്നപ്പോള്‍ 3,500 പേരാക്കി. എന്നാല്‍ അതിലും കവിഞ്ഞുള്ള പങ്കാളിത്തമാണ് ഉണ്ടായതെന്ന് മന്ത്രി പറഞ്ഞു.
ഉദ്ഘാടനസമ്മേളനത്തിനു ശേഷം ചര്‍ച്ചകളിലേക്ക് പോകേണ്ടവര്‍ പേരുകള്‍ നല്‍കിയിരുന്നു. ഇതില്‍ ഒരു കൗണ്ടറില്‍ 640 എന്ന എണ്ണം കണ്ട് അയ്യപ്പസംഗമത്തില്‍ 640 പേര്‍ മാത്രം പങ്കെടുക്കുന്നു എന്ന രീതിയില്‍ പ്രചാരണം നടന്നു. കണക്കുകള്‍ ആര്‍ക്കും പരിശോധിക്കാമെന്ന് മന്ത്രി പറഞ്ഞു. മികച്ച ഓഡിറ്റോറിയം സമ്മേളനത്തിന്റെ വിജയത്തില്‍ പ്രധാന ഘടകങ്ങളിലൊന്നായി. തീര്‍ഥാടകര്‍ക്ക് തടസമുണ്ടാകാതെയും തികച്ചും ഹരിത ചട്ടം പാലിച്ചുമാണ് സംഗമം നടന്നതെന്നും മന്ത്രി പറഞ്ഞു.
ആളുകള്‍ ആരും എഴുന്നേറ്റ് പോയിട്ടില്ല. ഉദ്ഘാടനത്തിന് ഹാള്‍ നിറഞ്ഞു. ഉദ്ഘാടനത്തിന് ശേഷം വിവിധ സെഷനുകളിലേക്കാണ് ആളുകള്‍ മാറിയത്. പ്രചരിക്കുന്ന വിഡിയോയിലെ ഒഴിഞ്ഞ കസേരകള്‍ വളരെ നേരത്തെ ഷൂട്ട് ചെയ്തതാണ്. ചര്‍ച്ചകള്‍ക്കായി വേര്‍തിരിക്കുമ്പോള്‍ അതില്‍ താത്പര്യമുള്ളവരാണ് പോയിട്ടുള്ളത്. കുറെയാളുകള്‍ എക്സിബിഷന്‍ കാണുന്നതിനായി മാറിയിട്ടുണ്ട്. ചിലര്‍ ഭക്ഷണം കഴിക്കാന്‍ മാറിയിട്ടുണ്ട്. ചര്‍ച്ചകളില്‍ താത്പര്യമുള്ളവരും പേര് കൊടുത്തുവരുമാണ് പങ്കെടുത്തത്. ചില ആളുകള്‍ തെറ്റിദ്ധരിച്ച് ഒരു കൗണ്ടറിലെ മാത്രം നമ്പര്‍ എടുത്ത് അത്രയും പേര്‍ മാത്രമാണ് പങ്കെടുത്തതെന്ന് വാര്‍ത്ത നല്‍കി. ഏങ്ങും ഒരു പരാതിയും ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്റെ ഉദ്ഘാടന പ്രസംഗത്തിന് ശേഷം അയ്യപ്പ സംഗമത്തിന് എത്തിയ ആളുകള്‍ മടങ്ങിപ്പോയി എന്ന് വ്യാജപ്രചാരണം നടന്നു. ഉദ്ഘാടന സെക്ഷന്‍ കഴിഞ്ഞ് മൂന്ന് ഹാളുകളിലായി നടക്കുന്ന സെക്ഷനുകളില്‍ പങ്കെടുക്കാന്‍ ആളുകള്‍ പോയതാണ് തെറ്റായി പ്രചരിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു.
കര്‍ണാടക പിസിസി ഉപാധ്യക്ഷന്‍ പങ്കെടുത്തു. അദ്ദേഹത്തിനും പരാതി ഉണ്ടായിരുന്നില്ല. ഉദ്ഘാടനം കഴിഞ്ഞപ്പോള്‍ ആളുകള്‍ എഴുന്നേറ്റു പോയി എന്നാണ് മറ്റൊരു പ്രചാരണം. അവര്‍ പോയത് സെഷനുകളില്‍ പങ്കെടുക്കാനാണ്. 3 സ്ഥലങ്ങളില്‍ ആയിരുന്നു സെഷനുകള്‍ നടത്തിയത്. ഇതാണ് തെറ്റായ രീതിയില്‍ വ്യാഖ്യാനിച്ചത് എന്നും അദ്ദേഹം പറഞ്ഞു.
18 അംഗ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷം പൊതുജനങ്ങള്‍ക്ക് മുന്നില്‍ പ്രസിദ്ധീകരിക്കും. ഒഴിഞ്ഞ കസേരകളുടെ ഫോട്ടോ എടുത്തത് പരിപാടിക്ക് മുമ്പാണ്. ഉദ്ഘാടന സമയത്ത് പന്തല്‍ നിറഞ്ഞിരുന്നു. പാര്‍ട്ടി സെക്രട്ടറിക്ക് പരിപാടിയുടെ ഉള്ളടക്കം ബോധ്യപ്പെട്ടു. അതാണ് അദ്ദേഹം പ്രതികരിച്ചത്. മുഖ്യമന്ത്രിയും വെള്ളാപ്പള്ളിയും ഒരുമിച്ച വന്നതില്‍ വിവാദം വേണ്ട. ഒരേ പരിപാടിയില്‍ പങ്കെടുക്കാന്‍ വന്നവര്‍ ആണ് അവര്‍.
യോഗി ആദിത്യനാഥിന്റെ പിന്തുണയെ കുറിച്ചും അദ്ദേഹം സംസാരിച്ചു. യോഗി ആദിത്യനാഥ് അയച്ച സന്ദേശത്തില്‍ ഒരു വര്‍ഗീയതയില്ല. മുഖ്യമന്ത്രി എന്ന നിലക്കാണ് ക്ഷണിച്ചത്. എന്നാല്‍ യോഗിയുടെ എല്ലാ നിലപാടിനോടും യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.