- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റെജി ലൂക്കോസ് പാര്‍ട്ടിയുടെ ഒരു പദവിയും വഹിച്ചിരുന്ന ആളല്ല; അക്കരപ്പച്ച കണ്ടു പോകുന്നവര്‍ എല്ലായിടത്തും ഉണ്ടെന്ന് മന്ത്രി വി എന്‍ വാസവന്‍; റെജിയുടെ സ്വന്തം ഇഷ്ടപ്രകാരമാണ് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തതെന്ന് സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി; ചാനല്‍ ചര്‍ച്ച കൊണ്ടല്ലല്ലോ സിപിഎം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന് വി ശിവന്‍കുട്ടിയും
റെജി ലൂക്കോസ് പാര്‍ട്ടിയുടെ ഒരു പദവിയും വഹിച്ചിരുന്ന ആളല്ല; അക്കരപ്പച്ച കണ്ടു പോകുന്നവര്‍ എല്ലായിടത്തും ഉണ്ടെന്ന് മന്ത്രി വി എന്‍ വാസവന്‍
തിരുവനന്തപുരം: സിപിഎം സഹയാത്രികനായ റെജി ലൂക്കോസ് ബിജെപിയില്‍ ചേര്‍ന്നതോടെ പ്രതിരോധത്തിലായ സിപിഎം റെജിയെ തള്ളിപ്പറഞ്ഞു കൊണ്ട് രംഗത്ത്. താനുമായി അടുത്ത ബന്ധമുണ്ടെന്ന് ആവര്‍ത്തിക്കുന്ന റെജിയെ തള്ളി വി എന്‍ വാസവനും രംഗത്തെത്തി. റെജി ലൂക്കോസ് ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ പ്രതികരിച്ച് ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ പ്രതികരിച്ചു. ജനാധിപത്യ സംവിധാനത്തില്‍ ആര്‍ക്കും ഏതു രാഷ്ട്രീയ പ്രസ്ഥാനത്തിലും പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും റെജി ലൂക്കോസിനും അതിന് സ്വാതന്ത്ര്യം ഉണ്ടെന്നും വി എന്‍ വാസവന്‍ പറഞ്ഞു.
റെജി പാര്‍ട്ടിയുടെ ഒരു പദവിയും വഹിച്ചിരുന്ന ആളല്ല. അക്കരപ്പച്ച കണ്ടു പോകുന്നവര്‍ എല്ലായിടത്തും ഉണ്ട്. ഇത്തരം കൊഴിഞ്ഞുപോക്ക് ഇടതുമുന്നണിയെ ബാധിക്കില്ല. അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ 110 സീറ്റുകള്‍ നേടി ഇടതുമുന്നണി വീണ്ടും അധികാരത്തില്‍ വരുമെന്നും വി എന്‍ വാസവന്‍ പറഞ്ഞു. വികസനവും ക്ഷേമവുമാണ് ഇടതുപക്ഷം തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തിക്കാട്ടുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
റെജി ലുക്കോസുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് മന്ത്രി പി രാജീവും പ്രതികരിച്ചു. ചാനല്‍ ചര്‍ച്ചക്ക് സിപിഎം ആളെ വിടാത്തപ്പോള്‍ നിങ്ങള്‍ വിളിച്ചിരുത്തുന്ന ആള്‍ മാത്രമാണ് റെജിയെന്നും പി രാജീവ് പറഞ്ഞു. പാര്‍ട്ടി ഘടകങ്ങളിലില്ലത്ത ആരെ വേണേലും ഇടതുസഹയാത്രികന്‍ എന്ന് പേരിട്ടു വിളിക്കാം. കോണ്‍ഗ്രസില്‍ നിന്ന് പോയവരും പോകാന്‍ നില്‍ക്കുന്നവരും സഹയാത്രികരല്ല, വര്‍ക്കിങ് കമ്മിറ്റി അംഗങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, റെജി ലൂക്കോസ് ബിജെപിയില്‍ ചേര്‍ന്ന വിഷയം അറിഞ്ഞിട്ടില്ലെന്നായിരുന്നു മന്ത്രി വി ശിവന്‍കുട്ടിയുടെ പ്രതികരണം. പാര്‍ട്ടിയുടെ ലോക്കല്‍, ജില്ലാ, സംസ്ഥാനതല കമ്മിറ്റി അംഗമൊന്നുമല്ലല്ലോ. സഹയാത്രികന്മാര്‍ പലരും ഉണ്ടാകും. റെജി ലൂക്കോസ് പാര്‍ട്ടി അംഗമല്ല. ചാനല്‍ ചര്‍ച്ച കൊണ്ടല്ലല്ലോ സിപിഐഎം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളുടെ പിന്തുണ കൊണ്ട് മാത്രമല്ലല്ലോ എല്‍ഡിഎഫ് വളര്‍ന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റെജി ലൂക്കോസിന് പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ലെന്ന് സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി ടി ആര്‍ രഘുനാഥും പറഞ്ഞു. ഒരു ബന്ധവുമില്ലാത്ത ആളെ എങ്ങനെ പുറത്താക്കുമെന്നും പാര്‍ട്ടിയുടെ ഒരു ഘടകത്തിലും റെജി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. റെജിയുടെ സ്വന്തം ഇഷ്ടപ്രകാരമാണ് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തത്. അത് പാര്‍ട്ടിയുടെ നിര്‍ദ്ദേശപ്രകാരമല്ല. റെജി ബിജെപിയില്‍ ചേര്‍ന്നതിന് പിന്നിലെ കാരണമെന്തെന്ന് മാധ്യമങ്ങള്‍ അന്വേഷിക്കണമെന്നും ടി ആര്‍ രഘുനാഥ് പറഞ്ഞു.
ഇന്ന് രാവിലെയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഷാളണിയിച്ച് റെജി ലൂക്കോസിനെ ബിജെപിയിലേയ്ക്ക് സ്വീകരിച്ചത്. ദ്രവിച്ച ആശയങ്ങളുമായി മുന്നോട്ട് പോയാല്‍ കേരളം വൃദ്ധ സദനമാകുമെന്നായിരുന്നു റെജി ലൂക്കോസിന്റെ പ്രതികരണം സിപിഐഎം വര്‍ഗ്ഗീയ വിഭജനത്തിന് ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു'കുറെ നാളുകളായി എനിക്ക് ക്ഷണമുണ്ട്. ഇന്നുമുതല്‍ എന്റെ ആശയങ്ങള്‍ ബിജെപിക്കൊപ്പമാണ്. പാര്‍ട്ടിയുമായുള്ള എല്ലാ ബന്ധങ്ങളും വിട്ടു. ഇന്ന് ഈ നിമിഷം മുതല്‍ എന്റെ വാക്കുകളും പ്രവര്‍ത്തികളും ബിജെപിക്കുവേണ്ടിയാണ്', റെജി ലൂക്കോസ് കൂട്ടിച്ചേര്‍ത്തു.




