- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനിലിന്റെ ഭാര്യ ചില കാര്യങ്ങള്‍ എന്നോട് പറഞ്ഞിരുന്നു; അതീവ ഗൗരവമുള്ള വിഷയങ്ങളാണ് അവര്‍ ചൂണ്ടിക്കാട്ടിയത്; അനിലിന്റെ മരണത്തിന് പിന്നില്‍ സ്വന്തമെന്ന് അനില്‍ കരുതിയ ആള്‍ക്കാരുടെ ചതിയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി
അനിലിന്റെ ഭാര്യ ചില കാര്യങ്ങള്‍ എന്നോട് പറഞ്ഞിരുന്നു; അതീവ ഗൗരവമുള്ള വിഷയങ്ങളാണ് അവര്‍ ചൂണ്ടിക്കാട്ടിയത്
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി കൗണ്‍സിലര്‍ അനില്‍കുമാറിന്റെ മരണത്തില്‍ കൃത്യമായ അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി വി ശിവന്‍കുട്ടി. അനിലിന്റെ ഭാര്യ ചില കാര്യങ്ങള്‍ തന്നോട് വിഷമത്തോടെ പറഞ്ഞിരുന്നു. അതീവ ഗൗരവമുള്ള വിഷയങ്ങളാണ് അവര്‍ ചൂണ്ടിക്കാട്ടിയത്. അനിലിന്റെ മരണത്തിന് പിന്നില്‍ സ്വന്തമെന്ന് അനില്‍ കരുതിയ ആള്‍ക്കാരുടെ ചതിയാണ്. സ്വന്തം എന്ന് പറയുന്നത് ബിജെപി, ആര്‍എസ്എസുകാരാണല്ലോ. മാര്‍ക്സിസ്റ്റുകാര്‍ അല്ലല്ലോ. സര്‍ക്കാരിനെയും സിപിഐഎമ്മിനെയും കുറ്റപ്പെടുത്തി ബിജെപി നടത്തുന്ന സമരം അപഹാസ്യമായി മാറുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
അനിലിന്റെ ആത്മഹത്യക്ക് പിന്നില്‍ വലിയശാല ഫാം ആന്‍ഡ് ടൂറിസം സഹകരണ സംഘത്തിലെ ലോണ്‍ തിരിച്ചടക്കാത്തതാണെന്ന് പറഞ്ഞ മന്ത്രി സിപിഐഎമ്മും സര്‍ക്കാരുമല്ല ലോണെടുത്തെന്ന് പറഞ്ഞു. അന്വേഷണം നടക്കുമ്പോള്‍ കാര്യങ്ങള്‍ വ്യക്തമാകും. ലോണെടുത്ത് തിരിച്ചടക്കാത്തവരാണ് ആത്മഹത്യയ്ക്ക് ഉത്തരവാദികള്‍. ഇവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം. അടിയന്തരമായി സഹകരണ വകുപ്പ് ഇക്കാര്യം പരിശോധിക്കും.
അനിലിന്റെ ആത്മഹത്യയില്‍ ആര്‍എസ്എസ് നേതാക്കള്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല.
കരമന ജയനും രാജീവ് ചന്ദ്രശേഖറും അനിലിന്റെ ഭാര്യയെ കാണാന്‍ ചെന്നപ്പോള്‍ അവര്‍ നിലവിളിച്ചുകൊണ്ട് 'നിങ്ങളെയൊക്കെ ചേട്ടന്‍ വന്നു കണ്ടതല്ലേ' എന്ന് പറഞ്ഞിരുന്നു. രാജീവ് ചന്ദ്രശേഖറെയും കരമന ജയനെയും അനില്‍ കണ്ടിരുന്നുവെന്നും മന്ത്രി പറഞ്ഞു.
അതിനിടെ അനിലിന്റെ ആത്മഹത്യാ കുറുപ്പിന്റെ ചില ഭാഗങ്ങള്‍ പുറത്തുവന്നിരുന്നു. ഇതില്‍ ഉചിതമായ അന്വേഷണം നടത്തണം. താന്‍ വിശ്വസിച്ചവര്‍ തന്നെ ചതിച്ചു എന്ന നിലയിലാണ് കുറിപ്പ് വന്നിരിക്കുന്നത്. നമ്മുടെ ആള്‍ക്കാരെ സഹായിച്ചുവെന്നും മറ്റ് നടപടിക്ക് പോകാത്തത് തിരിച്ചടയ്ക്കാന്‍ കാലതാമസം ഉണ്ടാക്കിയെന്നും കത്തിലുണ്ട്. ഇക്കാര്യങ്ങള്‍ ഗൗരവത്തോടെ അന്വേഷിക്കണമെന്നും മന്ത്രി പറഞ്ഞു. അനിലിന്റെ ആത്മഹത്യയുടെ ഉത്തരവാദിത്വത്തില്‍ നിന്ന് ബിജെപിക്ക് എങ്ങനെ ഒഴിഞ്ഞുമാറാന്‍ കഴിയുമെന്നും മന്ത്രി ചോദിച്ചു.
അനില്‍കുമാര്‍ നല്ല ആര്‍എസ്എസുകാരനാണ്. ആത്മാര്‍ത്ഥതയുള്ള ആളാണ്. ഈ അവസരം ആയതുകൊണ്ട് പറയുന്നതല്ല. ഈ ആളുകള്‍ ആരൊക്കെയാണെന്ന് കണ്ടെത്തേണ്ടതുണ്ട്. അനിലിന്റെ ആത്മഹത്യയെ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ഉപയോഗിക്കുകയാണ്. വളരെ ദയനീയമായ സ്ഥിതിയാണ്. സത്യസന്ധമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് ഇതൊരു അനുഭവമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.