പാലക്കാട്: തൃത്താലയിലെ വി.ടി ബല്‍റാം - സി.വി ബാലചന്ദ്രന്‍ തര്‍ക്കത്തില്‍ ഇടപെട്ട് കെപിസിസി നേതൃത്വം. വിഷയത്തില്‍ പരസ്യ പ്രതികരണം വേണ്ടെന്നാണ് ഇരുനേതാക്കള്‍ക്കും പാര്‍ട്ടി മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്. തൃത്താല കോണ്‍ഗ്രസിന് ജയിക്കാന്‍ കഴിയുന്ന മണ്ഡലമാണെന്നും അനാവശ്യ വിവാദം ഉണ്ടാക്കി പാര്‍ട്ടിയുടെ സാധ്യത ഇല്ലാതാക്കരുതെന്നും കെപിസിസി നേതൃത്വം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം കൊഴിക്കരയില്‍ നടന്ന കുടുംബസംഗമത്തിലാണ് സി.വി ബാലചന്ദ്രന്‍ ബല്‍റാമിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചത്. നൂലില്‍ കെട്ടിയിറക്കിയ നേതാവാണ് ബല്‍റാമെന്നും പാര്‍ട്ടിക്ക് വേണ്ടി ഒരു പ്രവര്‍ത്തനവും നടത്താതെ, പാര്‍ട്ടിയെ നശിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ബല്‍റാമില്‍ നിന്നുണ്ടാകുന്നത്. തൃത്താലയില്‍ ബല്‍റാം തോറ്റത് അഹങ്കാരവും ധാര്‍ഷ്ട്യവും കൊണ്ടാണ്. കോണ്‍ഗ്രസ് നിലനില്‍ക്കണം, പാര്‍ട്ടിക്ക് മേലെ വളരാന്‍ ആരെങ്കിലും ശ്രമിക്കുന്നുണ്ടെങ്കില്‍ അവരെ പിടിച്ച് പുറത്തിടണമെന്നും ബാലചന്ദ്രന്‍ പറഞ്ഞിരുന്നു. ബല്‍റാമിനെ തോല്‍പ്പിച്ചത് സി.വി ബാലചന്ദ്രനാണെന്ന് നേരത്തെ വിമര്‍ശനം ഉയര്‍ന്നിരുന്നു

ഇതിന് പിന്നാലെ ചാലിശ്ശേരി ആലിക്കരയിലെ കുടുംബസംഗമത്തില്‍ വി.ടി ബല്‍റാമും മറുപടി നല്‍കി. കേരളം മുഴുവന്‍ മാറ്റത്തിന് തയാറെടുക്കുമ്പോള്‍ പിന്നില്‍ നിന്ന് കുത്തരുതെന്നാണ് ബല്‍റാം പറഞ്ഞത്. മാറ്റത്തിന് വേണ്ടി തൃത്താല തയാറാകുമ്പോള്‍ നമ്മുടെ ഇടയില്‍ നിന്നുള്ള പ്രശ്‌നങ്ങള്‍ ഇതിന് തടസ്സമാകരുതെന്നും ബല്‍റാം പറഞ്ഞു.

ഇതിന് പിന്നാലെ സിപ് ലൈനില്‍ തൂങ്ങി പോകുന്ന ഫോട്ടോ വി. ടി. ബല്‍റാം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചു. 'സ്നേഹം' എന്ന ക്യാപ്ഷനോടെയാണ് ബല്‍റാം ചിത്രം പോസ്റ്റ് ചെയ്തത്. ''തൃത്താല ഫെസ്റ്റ്' എന്ന പേരില്‍ എല്ലാ വര്‍ഷവും നടന്നുവരാറുള്ള പരിപാടി നാടിന്റെ ഒരു പൊതു ആഘോഷമായിട്ടാണ് സംഘടിപ്പിക്കപ്പെടാറുള്ളതെന്ന് കെപിസിസിസി വൈസ് പ്രസിഡന്റ് വി.ടി ബല്‍റാമിന്റെ പ്രസ്താവനയും വലിയ ചര്‍ച്ചയായിരുന്നു.

മതപരിപാടിയായല്ല ദേശോത്സവമായാണ് തൃത്താല ഫെസ്റ്റ് നടക്കാറുള്ളതെന്നും ഇത്തവണത്തെ ഫെസ്റ്റിന് മന്ത്രി എം.ബി.രാജേഷ്, എം.പി. അബ്ദുസ്സമദ് സമദാനി, ബിജെപി നിയോജക മണ്ഡലം പ്രസിഡണ്ട് എന്നിവരൊക്കെ ആശംസകളര്‍പ്പിച്ചിട്ടുണ്ടെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ ബല്‍റാം വ്യക്തമാക്കി. ഇവര്‍ ആശംസകള്‍ അര്‍പ്പിച്ചതിന്റെ സപ്ലിമെന്റും അദ്ദേഹം പങ്കുവെച്ചു. ദേശോത്സവത്തിന്റെ ഭാഗമായി നടന്ന ആന എഴുന്നള്ളത്തില്‍ ഹമാസ്- ഹിസ്ബുല്ല നേതാക്കളുടെ ചിത്രങ്ങളും ഇടം പിടിച്ചിരുന്നു. ഇതിനെതിരെ സംഘ്പരിവാര്‍ വിദ്വേഷ പ്രചാരണവുമായി രംഗത്ത് എത്തിയതിന്റെ പശ്ചാതത്തിലാണ് ബല്‍റാമിന്റെ പ്രതികരണം.

''ഇസ്രയേല്‍-ഫലസ്തീന്‍ പ്രശ്നത്തില്‍ ഫലസ്തീന്‍ ജനതക്കും അവരുടെ സ്വാതന്ത്ര്യാഭിലാഷങ്ങള്‍ക്കുമൊപ്പമാണ് സംഘികളല്ലാത്ത മുഴുവന്‍ ഇന്ത്യക്കാരും. ഇന്ത്യാ സര്‍ക്കാരിന്റെ ഔദ്യോഗിക നിലപാടും ഇതേ ദിശയില്‍ത്തന്നെയാണ്. ഹമാസ് എന്ന സംഘടനയുടെ നേതാക്കളെ ഗ്ലോറിഫൈ ചെയ്യണോ എന്നത് വേറെ വിഷയമായി ചര്‍ച്ച ചെയ്യാവുന്നതാണ്. എന്നാല്‍ ഈ വിഷയത്തെ മുസ്ലിം വിരുദ്ധ ഹേയ്റ്റ് ക്യാമ്പയിന് ഉപയോഗിക്കുന്ന സംഘ് പരിവാറിനെ കൃത്യമായിത്തന്നെ പ്രതിരോധിക്കേണ്ടതുണ്ട്. അതിനായി തൃത്താല എന്ന നാട് ഒരുമിച്ച് തന്നെ നിലയുറപ്പിക്കും''- ഫേസ്ബുക്കില്‍ അദ്ദേഹം വ്യക്തമാക്കി. ഈ വിവാദം മാറും മുമ്പാണ് സിവി ബാലചന്ദ്രന്റെ അഭിപ്രായവും എത്തിയത്.