- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കാഫിര്‍' സ്‌ക്രീന്‍ ഷോട്ട് വിവാദത്തില്‍ റിബേഷ് രാമകൃഷ്ണനെതിരെ വകുപ്പ് തല അന്വേഷണം; കാസിമിന്റെ ഫോണ്‍ ഫോറന്‍സിക് പരിശോധനക്കയച്ചു
തിരുവനന്തപുരം: വടകരയിലെ 'കാഫിര്‍' സ്‌ക്രീന്‍ ഷോട്ട് വിവാദത്തില്‍ അധ്യാപകനായ റിബേഷ് രാമകൃഷ്ണനെതിരെ വകുപ്പ് തല അന്വേഷണം. തോടന്നൂര്‍ എഇഒയെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ചുമതലപ്പെടുത്തി. യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി വി പി ദുല്‍ഖിഫിലിന്റെ പരാതിയിലാണ് നടപടി. ഇടത് അധ്യാപക സംഘടനാ നേതാവ് കൂടിയാണ് റിബേഷ് രാമകൃഷ്ണന്‍. ഷാഫി പറമ്പിലിനെതിരായ സ്‌ക്രീന്‍ഷോട്ട് റിബേഷ് പ്രചരിപ്പിച്ചിരുന്നു. പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ഉണ്ടായിരുന്നത്. അധ്യാപകനായ റിബേഷ് സര്‍വീസ് ചട്ടം ലംഘിച്ചു എന്ന് ആരോപിച്ചാണ് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പൊതു […]
തിരുവനന്തപുരം: വടകരയിലെ 'കാഫിര്‍' സ്‌ക്രീന്‍ ഷോട്ട് വിവാദത്തില്‍ അധ്യാപകനായ റിബേഷ് രാമകൃഷ്ണനെതിരെ വകുപ്പ് തല അന്വേഷണം. തോടന്നൂര്‍ എഇഒയെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ചുമതലപ്പെടുത്തി. യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി വി പി ദുല്‍ഖിഫിലിന്റെ പരാതിയിലാണ് നടപടി. ഇടത് അധ്യാപക സംഘടനാ നേതാവ് കൂടിയാണ് റിബേഷ് രാമകൃഷ്ണന്‍. ഷാഫി പറമ്പിലിനെതിരായ സ്‌ക്രീന്‍ഷോട്ട് റിബേഷ് പ്രചരിപ്പിച്ചിരുന്നു. പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ഉണ്ടായിരുന്നത്.
അധ്യാപകനായ റിബേഷ് സര്‍വീസ് ചട്ടം ലംഘിച്ചു എന്ന് ആരോപിച്ചാണ് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് പരാതി നല്‍കിയത്. വര്‍ഗീയ പ്രചരണം നടത്തിയ അധ്യാപകനെതിരെ നടപടിയെടുക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി പി ദുല്‍ഖിഫ് പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.
കാഫിര്‍ പരാമര്‍ശമടങ്ങിയ സ്‌ക്രീന് ഷോട്ട് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ആദ്യമായി പോസ്റ്റ് ചെയ്തത് ഡിവൈഎഫ് ഐ വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷാണെന്ന ആരോപണവുമായി കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട എം എസ് എഫ് നേതാവ് മുഹമ്മദ് കാസിം രംഗത്തെത്തിയിരുന്നു. ആറങ്ങോട്ട് എം എല്‍ പി സ്‌കൂള്‍ അധ്യാപകനായ റിബേഷുള്‍പ്പെടെയുള്ളവരെ സംരക്ഷിക്കാനാണ് പൊലീസിന്റെ ശ്രമമെന്നും കാസിം ആരോപിച്ചിരുന്നു.
പൊലീസ് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ റെഡ് എന്‍ കൗണ്ടേഴ്‌സ് എന്ന വാട്‌സാപ് ഗ്രൂപ്പില്‍ നിന്നാണ് മറ്റു ഗ്രൂപ്പുകളിലേക്ക് കാഫിര്‍ പരാമര്‍ശമടങ്ങിയ സ്‌ക്രീന് ഷോട്ട് എത്തിയതെന്ന് വ്യക്തമാക്കിയിരുന്നു. റിബേഷ് രാമകൃഷ്ണന്‍ എന്നയാളാണ് ഇത് പോസ്റ്റ് ചെയ്തത്. എവിടെ നിന്നാണ് സ്‌ക്രീന്‍ ഷോട്ട് കിട്ടിയതെന്ന് റിബേഷ് വ്യക്തമാക്കാത്തതിനാല്‍ ഫോണ്‍ പിടിച്ചെടുത്ത് പരിശോധനക്ക് അയച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ പരാതിക്കാരനായ എം.എസ്.എഫ് ജില്ലാ സെക്രട്ടറി പി.കെ കാസിമിന്റെ ഫോണും അന്വേഷണ സംഘം ഫോറന്‍സിക് പരിശോധനക്കയച്ചു. വിവാദ പോസ്റ്ററുകള്‍ ഉണ്ടാക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്തിട്ടുണ്ടോ എന്നറിയാനാണ് പരിശോധന.
കാസിമിന്റെ പേരിലായിരുന്നു കാഫിര്‍ സ്‌ക്രീന്‍ഷോട്ട് സൃഷ്ടിച്ചിരുന്നത്. എന്നാല്‍, താന്‍ ഇങ്ങനെ ഒരു സന്ദേശം അയച്ചിട്ടില്ലെന്നും തന്നെയും യു.ഡി.എഫിനെയും അപകീര്‍ത്തിപ്പെടുത്താന്‍ മറ്റാരോ സൃഷ്ടിച്ചതാണ് ഇതെന്നും കാസിം തുടക്കം മുതല്‍ വ്യക്തമാക്കിയിരുന്നു. തന്റെ പേരില്‍ വ്യാജ വാട്സ്ആപ്പ് സന്ദേശം സൃഷ്ടിച്ചവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് അഭിഭാഷകന്‍ മുഹമ്മദ് ഷാ മുഖേന ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയും ചെയ്തു.
അന്വേഷണത്തില്‍ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചത് സി.പി.എം സൈബര്‍ കേന്ദ്രങ്ങളാണെന്ന് പൊലീസ് കണ്ടെത്തി. ഈ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു. ഡി.വൈ.എഫ്.ഐ നേതാവ് റിബേഷാണ് ആദ്യം പുറത്തുവിട്ടതെന്നാണ് പൊലീസ് കണ്ടെത്തല്‍. എന്നാല്‍, ആരാണ് ഇത് സൃഷ്ടിച്ചതെന്ന് അറിയില്ലെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
അതിനിടെ, കേസില്‍ വ്യാജരേഖ ചമക്കല്‍, മതസ്പര്‍ധയുണ്ടാക്കാന്‍ ശ്രമിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന ഹരജിക്കാരന്റെ ആവശ്യം അന്വേഷണസംഘം പരിഗണിക്കണമെന്ന് ഹൈകോടതി ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ഇതുവരെയുള്ള അന്വേഷണം പ്രഥമദൃഷ്ട്യാ ശരിയായ ദിശയിലാണെന്നും ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് പറഞ്ഞു. അന്വേഷണം ഫലപ്രദമല്ലെന്ന് കാട്ടി കാസിം നല്‍കിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. വ്യാജരേഖ ചമച്ച് അതുപയോഗിച്ച് മതസൗഹാര്‍ദം തകര്‍ക്കലായിരുന്നു ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ ലക്ഷ്യമെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്.
അന്വേഷണം ഉചിത രീതിയിലാണെങ്കിലും ചില കുറ്റങ്ങള്‍ ചേര്‍ത്തിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ സാധ്യതയുള്ളയാളുടെ പേര് ഒരു സാക്ഷി പരാമര്‍ശിച്ചെങ്കിലും ഇയാളെ ചോദ്യംചെയ്തിട്ടില്ല. ഇയാളെ ചോദ്യം ചെയ്തിരുന്നെങ്കില്‍ ചില സൂചനകള്‍ ലഭിക്കുമായിരുന്നു. എങ്കിലും അന്വേഷണം നടക്കുന്നതിനാല്‍ ഇപ്പോള്‍ പുതിയ നിര്‍ദേശങ്ങള്‍ നല്‍കുന്നില്ല. പലരുടെയും മൊബൈല്‍ ഫോണ്‍ കണ്ടുകെട്ടിയിട്ടുണ്ടെന്നും ഇവയുടെ ഫോറന്‍സിക് പരിശോധന പുരോഗമിക്കുകയാണെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസിലും അന്വേഷണം ശരിയായ ദിശയിലാണ്. എന്നാല്‍, പോസ്റ്റിട്ടവരെ പ്രതിയാക്കിയിട്ടില്ലെന്നും പോസ്റ്റ് ഇപ്പോഴും പ്രചരിക്കുന്നുണ്ടെന്നും ഹര്‍ജിക്കാരന്‍ ബോധിപ്പിച്ചു. പൊലീസ് അവര്‍ക്ക് ചെയ്യാവുന്നതെല്ലാം ചെയ്യുന്നില്ലേയെന്ന് ഈ ഘട്ടത്തില്‍ കോടതി ആരാഞ്ഞു. പരിമിതികള്‍ മനസ്സിലാക്കാം. മെറ്റയെ കക്ഷി ചേര്‍ത്തിട്ടുണ്ടെങ്കിലും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തയാള്‍ക്ക് അത് നീക്കംചെയ്യാവുന്നതല്ലേയെന്നും ചോദിച്ചു. ഹര്‍ജിക്കാരനെതിരെ ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് അറിയിച്ചതും കോടതി എടുത്തുപറഞ്ഞു. ഹര്‍ജി വീണ്ടും സെപ്റ്റംബര്‍ ആറിന് പരിഗണിക്കാന്‍ മാറ്റി.