പത്തനംതിട്ട: പിവി അന്‍വറിനെ യുഡിഎഫില്‍ എടുക്കില്ലെന്ന സൂചന നല്‍കി വിഡി സതീശന്‍. പി.വി അന്‍വര്‍ യു.ഡി.എഫിലേക്കെന്ന് ഒരു മാധ്യമം വാര്‍ത്ത കൊടുത്തു. അന്‍വര്‍ നയിക്കുന്ന യാത്രയില്‍ ഡി.സി.സി അധ്യക്ഷന്‍മാരും ലീഗ് നേതാക്കളും പങ്കെടുക്കുമെന്ന് പറഞ്ഞു. യു.ഡി.എഫ് ചെയര്‍മാനായ ഞാന്‍ അറിഞ്ഞില്ല. എന്നിട്ട് ഏതെങ്കിലും നേതാക്കള്‍ ആ യാത്രയില്‍ പങ്കെടുത്തോ? യു.ഡി.എഫ് ചെയര്‍മാനായ ഞാന്‍ അറിയാതെ മാധ്യമങ്ങളാണ് അന്‍വറിനെ മുന്നണിയില്‍ എടുത്തത്. അതില്‍ ഞങ്ങള്‍ക്ക് എന്തു ചെയ്യാനാകും. കോണ്‍ഗ്രസും യു.ഡി.എഫും എടുക്കേണ്ട തീരുമാനം മാധ്യമങ്ങള്‍ എടുക്കുന്നത് എന്തിനാണ്? രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും വേണ്ടത് വിശ്വാസ്യതയാണ്. ഞാന്‍ ഇന്ന് പറയുന്ന കാര്യം തിരുവനന്തപുരത്ത് പോയി മാറ്റി പറഞ്ഞാല്‍ എന്റെ വിശ്വാസ്യതയാണ് ഇല്ലാതാകുന്നതെന്ന് സതീശന്‍ പറഞ്ഞു.

എക്സൈസ് കേസ് എടുത്തതിന്റെ പേരില്‍ ഞങ്ങള്‍ ആരും എം.എല്‍.എയെ ആക്രമിക്കാന്‍ പോയില്ല. നാട്ടില്‍ ലഹരി ഉപയോഗം കൂടി വരികയാണ്. അതില്‍ പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ ഇല്ല. എല്ലാ കുടുംബങ്ങളിലെയും കുട്ടികളെ സൂക്ഷിക്കേണ്ട കാലമാണ്. ആരെങ്കെലും ഏതെങ്കിലും കൂട്ടത്തില്‍ പെട്ടുപോയതിന് മാതാപിതാക്കളെ എന്തിനാണ് പറയുന്നത്. പക്ഷെ ഇതൊന്നും ന്യായികരിക്കേണ്ട കാര്യങ്ങളല്ല. സജി ചെറിയാന്‍ എല്ലായിപ്പോഴും വഴിവിട്ട് സംസാരിക്കുന്ന ആളാണ്. അദ്ദേഹത്തിന് ഒന്നിലും നിയന്ത്രണമില്ല. ഒരിക്കല്‍ മന്ത്രി സ്ഥാനം പോയിട്ടും മനസിലാക്കിയില്ല. പുക വലിക്കുന്ന ആളാണെങ്കില്‍ പോലും അത് പറയാന്‍ പാടില്ല. പ്രധാനപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ പറയുന്നത് ഒരു സന്ദേശം കൂടിയാണെന്ന് ഓര്‍ത്താല്‍ നന്ന്. ഇരിക്കുന്ന സ്ഥാനത്തെ മറക്കരുതെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

താന്‍ മുഖ്യമന്ത്രിയാകാന്‍ തീരുമാനിച്ചിറങ്ങിയാല്‍ യുഡിഎഫ് തിരിച്ചു വരില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അങ്ങനെ ആയാല്‍ അതിന്റെ പിറകെയെ താന്‍ പോകു. അങ്ങനെയുണ്ടാകില്ല. തനിക്ക് ഒരു ലക്ഷ്യമെയുള്ളു. യുഡിഎഫിനെ തിരിച്ചു കൊണ്ടുവരിക. പോയ വര്‍ഷത്തെ മുണ്ടക്കൈ ചൂരല്‍മല ദുരന്തം വലിയ വേദനയുണ്ടാക്കി. പുതുവര്‍ഷം തിരഞ്ഞെടുപ്പുവര്‍ഷം. ഒരു നിമിഷം പോലും പാഴാക്കാനില്ലെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

ഉമ തോമസ് എം.എല്‍.എയ്ക്ക് പരിക്കേറ്റ സംഭവത്തില്‍ ജി.സി.ഡി.എയ്ക്ക് ഉത്തരവാദിത്തമുണ്ട്. ജി.സി.ഡി.എയുടെ എന്‍ജിനീയറിങ് വിഭാഗം സുരക്ഷ പരിശോധിച്ചോ? ഇത്തരമൊരു അപകടം കുസാറ്റിലുമുണ്ടായി. എന്നിട്ടും മുപ്പത്തയ്യായിരത്തോളം ആളുകള്‍ വരുന്ന പരിപാടിയിലെ സുരക്ഷ പൊലീസ് നോക്കിയോ. സുരക്ഷാ വീഴ്ചയില്‍ നടപടി എടുക്കണം. അതുകൊണ്ടാണ് സ്‌കൂള്‍ കലോത്സവത്തില്‍ സുരക്ഷ ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് വിദ്യാഭ്യാസമന്ത്രിക്ക് കത്ത് നല്‍കിയത്.

കഴിഞ്ഞ തവണ പ്രതിഷേധിച്ചതിന്റെ പേരില്‍ കായിക മേളയില്‍ രണ്ട് സ്‌കൂളുകളെ പങ്കെടുപ്പിക്കില്ലെന്നു തീരുമാനിക്കാന്‍ ഇത് സ്റ്റാലിന്റെ റഷ്യയാണോ? കുട്ടികളെ പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിക്ക് കത്ത് നല്‍കും. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഷേധം പ്രകടിപ്പിച്ചിട്ടുള്ള ആളാണ് വിദ്യാഭ്യാസ മന്ത്രി. പ്രതിഷേധങ്ങള്‍ നടത്തിയ ആള്‍ മന്ത്രിയും എം.എല്‍.എയും ആകാന്‍ പറ്റില്ലെന്നു പറയാന്‍ പറ്റുമോ? അന്തര്‍ദേശീയ മത്സരങ്ങളില്‍ ഉള്‍പ്പെടെ പങ്കെടുക്കേണ്ട ആ കുട്ടികളെയും കായികമേളയില്‍ ഉള്‍പ്പെടുത്തണം-സതീശന്‍ വിശദീകരിച്ചു.