- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമലയുടെ വികസനത്തിന് ഒന്നും ചെയ്യാത്തവര്‍ക്ക് പത്താം വര്‍ഷത്തില്‍ തത്വമസിയെ കുറിച്ചുള്ള ബോധ്യം ഉണ്ടായത് പയ്യന്നൂരിലെ ജോത്സ്യന്‍ പറഞ്ഞിട്ടാണോയെന്ന് അന്വേഷിക്കണം; മുഖ്യമന്ത്രിയുടെ മൗനം ചര്‍ച്ചയാക്കി പ്രതിപക്ഷ നേതാവ്; അയ്യപ്പ സംഗമത്തില്‍ അടക്കം മുഖ്യമന്ത്രി മറുപടി പറയണമെന്ന് സതീശന്‍
കൊച്ചി: ആഭ്യന്തരവകുപ്പിന് നേരെ ഒരു കാലത്തും ഉണ്ടായിട്ടില്ലാത്ത തരത്തില്‍ തെളിവുകള്‍ പുറത്തുവന്നിട്ടും മുഖ്യമന്ത്രി എന്തുകൊണ്ടാണ് മൗനം പാലിക്കുന്നതെന്ന ചോദ്യവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കുന്നംകുളം പൊലീസ് സ്റ്റേഷനിലെ മര്‍ദ്ദനത്തിന്റെ വാര്‍ത്ത വന്നതിനു പിന്നാലെ സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നും പൊലീസ് മര്‍ദ്ദനത്തിന്റെ വാര്‍ത്തകള്‍ വരികയാണ്. വയനാട്ടില്‍ മാസ്‌ക് ശരിയായി ധരിക്കാത്ത ആളുടെ മുഖം പൊലീസ് ഇടിച്ചുപരത്തിയെന്ന വാര്‍ത്തയാണ് ഇന്നു രാവിലെ വന്നത്. പൊലീസിന്റെ ക്രൂര മര്‍ദ്ദനം സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നിട്ടും മുഖ്യമന്ത്രി എന്തുകൊണ്ടാണ് മൗനം പാലിക്കുന്നതെന്ന് സതീശന്‍ ചോദിച്ചു.
മുഖ്യമന്ത്രിക്കല്ലേ ആഭ്യന്തരവകുപ്പിന്റെ ചുമതല? ആഭ്യന്തരവകുപ്പിന് നേരെ ഒരു കാലത്തും ഉണ്ടായിട്ടില്ലാത്ത തരത്തില്‍ ദൃശ്യങ്ങള്‍ അടക്കമുള്ള തെളിവുകള്‍ പുറത്തുവന്നിട്ടും മുഖ്യമന്ത്രി എന്തുകൊണ്ടാണ് മൗനം പാലിക്കുന്നത്? മുഖ്യമന്ത്രി ആരെയാണ് സംരക്ഷിക്കുന്നത്? ആരെയാണ് ഭയപ്പെടുന്നത്? ഉത്തരവാദികളായ ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നും പിരിച്ചുവിടുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കേണ്ട മുഖ്യമന്ത്രി ഇതുവരെ കേരളത്തിന്റെ പൊതുസമൂഹത്തോട് മറുപടി പറയാതെ എവിടേക്കാണ് ഒളിച്ചോടുന്നത്? കസ്റ്റഡി മര്‍ദ്ദനങ്ങളെ കുറിച്ച് മുഖ്യമന്ത്രിക്ക് അഭിപ്രായമില്ലേ? ജനങ്ങള്‍ തിരഞ്ഞെടുത്ത ഭരണകൂടത്തിനെതിരെ ആരോപണങ്ങള്‍ ആക്ഷേപങ്ങളും ഉയരുമ്പോള്‍ മറുപടി പറയാനുള്ള ഭരണഘടനാപരവും ധാര്‍മ്മികവുമായ ഉത്തരവാദിത്തമുണ്ട്. ആ ഉത്തരവാദിത്വത്തില്‍ നിന്നാണ് മുഖ്യമന്ത്രി ഒളിച്ചോടുന്നത്. മുഖ്യമന്ത്രി അല്ലെങ്കില്‍ പിന്നെ ആരാണ് മറുപടി പറയേണ്ടത്? ഡി.ജി.പിയാണോ? അങ്ങനെയെങ്കില്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ ആവശ്യമില്ലല്ലോ? ഡി.ജി.പി മറുപടി പറഞ്ഞാല്‍ മതിയെങ്കില്‍ ഉദ്യോഗസ്ഥര്‍ ഭരിക്കട്ടെ. മുഖ്യമന്ത്രി ഒന്നും പറഞ്ഞില്ലെങ്കിലും കേരളത്തിലെ മാധ്യമങ്ങള്‍ക്ക് ഒരു കുഴപ്പവുമില്ലല്ലോ? ഞങ്ങള്‍ ആരെങ്കിലും മറുപടി പറയാന്‍ ഒരു ദിവസം വൈകിയാല്‍ വലിയ ബഹളമാണ്. ഇത്രയും ദിവസമായിട്ടും മുഖ്യമന്ത്രി മറുപടി പറയാതിരുന്നിട്ടും ഒരു മാധ്യമങ്ങള്‍ക്കും പ്രശ്നമില്ല. ഇത്രയും ക്രൂരമായ സംഭവങ്ങള്‍ ഉണ്ടായിട്ടും മുഖ്യമന്ത്രിക്ക് മറുപടിയില്ല. എന്തുകൊണ്ട് മുഖ്യമന്ത്രി മറുപടി പറയുന്നില്ല എന്നതില്‍ ഒരു മാധ്യമങ്ങള്‍ക്കും വൈകുന്നേരത്തെ ചര്‍ച്ച പോലുമില്ല. ഇതല്ലെങ്കില്‍ പിന്നെ ഏതു കാര്യത്തിനാണ് മറുപടി പറയുന്നത്. എന്തിനാണ് ഇങ്ങനെ പേടിച്ചോടുന്നത്. എത്ര ഓടിയാലും മുഖ്യമന്ത്രിയെക്കൊണ്ട് മറുപടി പറയിപ്പിക്കുക തന്നെ ചെയ്യും.
ശിവന്‍കുട്ടിയല്ല മറുപടി പറയേണ്ടത്. അദ്ദേഹം വിദ്യാഭ്യാസ വകുപ്പ് ഭരിച്ചാല്‍ മതി. ആഭ്യന്തരവകുപ്പിനെ കുറിച്ചുള്ള ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറയണം. ഈ ആരോപണങ്ങള്‍ മാധ്യമങ്ങള്‍ കെട്ടിപ്പൊക്കിയതല്ല. വിവരാവകാശ നിയമപ്രകാരം പൊലീസ് സ്റ്റേഷനുകളിലെ ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. പ്രതിപക്ഷം കുറെ പൊലീസുകാരെ വേഷംകെട്ടിച്ച് കൊണ്ടുവന്ന് ഇടിക്കുന്ന ദൃശ്യങ്ങള്‍ ഉണ്ടാക്കിയതാണോ? അത് ആദ്യം മന്ത്രി മനസിലാക്കട്ടെ. ഇങ്ങനെയുള്ളവരൊക്കെ മന്ത്രിയായി ഇരുന്നാല്‍ എന്താകും സ്ഥിതി. പൊലീസിന്റെ ക്രൂരകൃത്യങ്ങളില്‍ നടപടി വേണം. വല്ലവന്റെയും മക്കളെയാണ് ക്രൂരമായി തല്ലിച്ചതയ്ക്കുന്നത്. കൊലയാളികളോടോ ഗുണ്ടകളോടോ ചെയ്യാത്ത ക്രൂരതയാണ് ചെയ്യുന്നത്. ടി.പി കൊലക്കേസിലെ പ്രതികളെ ഫൈസ്റ്റാര്‍ ഹോട്ടലില്‍ കൊണ്ടു പോയി പൊലീസ് മദ്യം വാങ്ങിക്കൊടുക്കുകയാണ്. എന്നിട്ടാണ് പാവങ്ങളെ തല്ലിച്ചതയ്ക്കുന്നത്. ഇത് പൊലീസാണോ ഗുണ്ടാസംഘമാണോ? ഗുണ്ടാസംഘത്തിനും ക്രിമിനല്‍ സംഘത്തിനുമാണ് പിണറായി വിജയന്‍ നേതൃത്വം നല്‍കുന്നത്. അതിന് ആദ്യം മറുപടി പറയട്ടെ. കേരളത്തിലെ മുതിര്‍ന്ന നേതാക്കള്‍ കൂടിയാലോചിച്ച് ഏകകണ്ഠമായാണ് തീരുമാനം എടുത്തത്. ആ തീരുമാനം കെ.പി.സി.സി അധ്യക്ഷനാണ് പ്രഖ്യാപിച്ചത്. എല്ലാ കോണ്‍ഗ്രസ് നേതാക്കളും ബോധ്യത്തില്‍ നിന്നും ആലോചിച്ചെടുത്തതാണ് ആ തീരുമാനം. ഇതിനേക്കാള്‍ കടുത്ത തീരുമാനം എടുക്കണമെന്നതായിരുന്നു ഭൂരിപക്ഷ അഭിപ്രായം. എന്നാല്‍ എല്ലാവരും ചേര്‍ന്നാണ് സസ്പെന്‍ഷന്‍ നടപടിയെടുത്തത്. ആ അധ്യായം അടച്ചു. അതിനു മേല്‍ ഇനി ചര്‍ച്ചയില്ല. കോണ്‍ഗ്രസ് നേതൃത്വം എ.ഐ.സി.സിയുടെ അനുമതിയോടെ എടുത്ത അച്ചടക്ക നടപടിയെ കോണ്‍ഗ്രസുകാര്‍ ആരും ചോദ്യം ചെയ്യില്ല.
ഞാന്‍ വഴിവിട്ട് ഈ ചെറുപ്പക്കാരനെ സംരക്ഷിച്ചു എന്നാണ് മാധ്യമങ്ങള്‍ ആദ്യം എന്നോട് ചോദിച്ചത്. ഇപ്പോള്‍ ചോദിക്കുന്നത് ഈ ചെറുപ്പക്കാരനെ തകര്‍ക്കാന്‍ ഗൂഡാലോചന നടത്തിയെന്നാണ്. ഇത് രണ്ടും ഒരാള്‍ക്ക് ചെയ്യാന്‍ പറ്റുമോ? പരാതി നല്‍കിയ ആള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകയല്ലെന്ന് നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിയാം. ഇത്തരത്തിലുള്ള നിരവധി നാടകങ്ങളുണ്ടാകും. വി.ഡി സതീശന്‍ എന്ന വ്യക്തി ഒറ്റയ്ക്കല്ല, കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം കൂടിയാലോചന നടത്തി എടുത്ത തീരുമാനം അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ അംഗീകാരത്തോടെ കെ.പി.സി.സി അധ്യക്ഷന്‍ പ്രഖ്യാപിക്കുകയായിരുന്നു. ശബരിമലയിലെ ശ്രീകോവിലില്‍ ദ്വാരപാലകരെ പൊതിഞ്ഞിരുന്ന സ്വര്‍ണം കോടതിയെ പോലും അറിയിക്കാതെ ചെന്നൈയിലേക്ക് കൊടുത്തുവിട്ടു. 40 വര്‍ഷത്തെ വാറന്റിയുണ്ടായിരുന്ന സാധനം ആറു വര്‍ഷം കഴിഞ്ഞപ്പോള്‍ ചീത്തയായി. എന്തെല്ലാം ദുരൂഹതകളാണ് ശബരിമലയില്‍ നടക്കുന്നത്. ശബരിമലയിലെ അയ്യപ്പസംഗമം സംബന്ധിച്ച് ഞങ്ങള്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് ഇതുവരെ ആരും മറുപടി പറഞ്ഞിട്ടില്ല. ആചാരലംഘനത്തെ പിന്തുണയ്ക്കുന്ന സത്യവാങ്മൂലം പിന്‍വലിക്കുമോ? ആയിരക്കണക്കിന് ആളുകള്‍ക്ക് എതിരായ കേസുകള്‍ പിന്‍വലിക്കുമോ? സര്‍ക്കാരിന്റെ പത്താം വര്‍ഷത്തില്‍ ശബരിമലയിലെ മാസ്റ്റര്‍ പ്ലാനും വികസനവും നടപ്പാക്കുമെന്ന് പറഞ്ഞ് ഇറങ്ങുന്നത് ആരെ കബളിപ്പിക്കാനാണ്? അയ്യപ്പ ഭക്തരെ കബളിപ്പിക്കാനാണോ? പത്താം വര്‍ഷത്തില്‍ തത്വമസിയെ കുറിച്ച് ബോധ്യം ഉണ്ടാകണമെങ്കില്‍ പയ്യന്നൂരിലെ ജോത്സ്യന്‍ പറഞ്ഞിട്ടാണോയെന്ന് അന്വേഷിക്കേണ്ടതുണ്ട്. അയ്യപ്പ സംഗമത്തിന് പണം എവിടുന്നാണ് പിരിക്കുന്നതെന്ന കോടതിയുടെ ചോദ്യത്തിനും മറുപടിയില്ല. നവകേരള സദസിന്റെ കണക്ക് പോലും ഇതുവരെ പുറത്തുവിട്ടിട്ടില്ല. അര്‍ബന്‍ കോണ്‍ക്ലേവിന് പത്ത് ലക്ഷം വീതമാണ് തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും പിരിക്കുന്നത്. എല്ലാത്തിനും പണപ്പിരിവാണ്. പ്രത്യേക പിരിവ് സംഘം തന്നെ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്നുണ്ട്-സതീശന്‍ കൂട്ടിച്ചേര്‍ത്തു.