തിരുവനന്തപുരം: കോണ്‍ഗ്രസില്‍ നിന്നും സസ്‌പെന്റ് ചെയ്യപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തിലിനെ അനുകൂലിച്ച് പാര്‍ട്ടി മുഖപത്രമായ വീക്ഷണത്തല്‍ ലേഖനം. പീഡന പരാതികള്‍ ആസൂത്രിതമായ ഗൂഢാലോചനയാണെന്നും പരാതിക്കാര്‍ക്ക് സിപിഎം ബന്ധമുണ്ടെന്നും കോണ്‍ഗ്രസ് മുഖപത്രമായ 'വീക്ഷണ'ത്തിലെ ലേഖനത്തില്‍ ആരോപിക്കുന്നു.

മാങ്കൂട്ടത്തിലെ മാന്തോട്ടത്തില്‍ വച്ച് പീഡിപ്പിച്ചുവെന്ന് വരെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിടാന്‍ ഇക്കൂട്ടര്‍ക്ക് മടിയുണ്ടാവില്ല. മൊഴിയില്‍ നിന്നും പരസ്പര സമ്മതത്തോടെയാണെന്ന് വ്യക്തം. സ്ത്രീ സമ്മതിക്കാതെ ഒരു ഗര്‍ഭഛിദ്രവും നടക്കില്ല, അത് ഒരാളുടെ മാത്രം തീരുമാനമല്ല. ആവശ്യമില്ലാത്ത ഗര്‍ഭം കലക്കിയത് ആ സ്ത്രീയുടെ കൂടി തീരുമാനം ആയിരുന്നു. സിപിഎം നാറ്റിച്ചാല്‍ തകരുന്നവരല്ല കോണ്‍ഗ്രസിലെ യുവനേതാക്കളെന്നും ലേഖനത്തില്‍ കൂട്ടിച്ചേര്‍ത്തു.

ഇത്തരം തറവേലകള്‍ കൊണ്ട് മൂന്നാം ഭരണം കിട്ടുമെന്ന് വിചാരിക്കേണ്ട. സിപിഎമ്മിലെ 'കത്ത് ചോര്‍ച്ചാ വിവാദം' മറയ്ക്കാനുള്ള ആസൂത്രിത നീക്കമാണിത്. എല്ലാത്തിനും നിന്നുകൊടുത്തിട്ട് പിന്നീട് പരാതിയുമായി വരുന്നത് ശരിയായ ഉദ്ദേശ്യത്തോടെയല്ലെന്നും വെളിച്ചം വിളക്ക് അന്വേഷിക്കുമ്പോള്‍ എന്ന ലേഖനത്തില്‍ പരാമര്‍ശിച്ചു.

അതേസമയം ലൈംഗികാരോപണം നേരിട്ട പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് നിയമസഭയില്‍ ഇനി പ്രത്യേക ബ്ലോക്കിലായിരിക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. സഭയില്‍ വരുന്നതിനെക്കുറിച്ച് തീരുമാനിക്കേണ്ടത് രാഹുലാണ്. ഇതുവരെ അവധി അപേക്ഷ ലഭിച്ചിട്ടില്ലെന്നും സ്പീക്കര്‍ പറഞ്ഞു.

എട്ടു ബില്ലുകള്‍ അടക്കമുള്ളവയുടെ നിയമ നിര്‍മാണത്തിന് മാത്രമായി ചേരുന്ന 12 ദിവസത്തെ സഭാസമ്മേളനം നാളെയാണ് ആരംഭിക്കുന്നത്.ആരോപണം ഉയര്‍ന്നതിന് പിന്നാലെ രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തുനിന്ന് രാജി വച്ചിരുന്നു. പാര്‍ട്ടിയില്‍ നിന്നും പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയില്‍ തങ്ങളുടെ ഭാഗമല്ലെന്നും രാഹുലിനെതിരായ നടപടി നേതൃത്വത്തിന്റെ ബോധ്യത്തില്‍ നിന്നാണുണ്ടായതെന്നും വി ഡി സതീശന്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുമായി ബന്ധപ്പെട്ട് തങ്ങള്‍ക്കുമുന്നില്‍ ഒരു ആരോപണം വന്നു. ആ സമയത്ത് അയാള്‍ക്കെതിരെ ഔദ്യോഗികമായി ഒരു പരാതിയും വന്നിരുന്നില്ല. തങ്ങള്‍ കൂടിയാലോചിച്ചാണ് രാഹുലിനെ യൂത്ത്കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് രാജി വയ്പ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ യുവനടിയുടെ മൊഴിയില്‍ നിയമോപദേശം തേടാന്‍ ഒരുങ്ങുകയാണ് ക്രൈംബ്രാഞ്ച്.

വെളിപ്പെടുത്തലില്‍ ഉറച്ചുനിന്ന നടി രാഹുല്‍ അയച്ച മെസേജുകളുടെ സ്‌ക്രീന്‍ഷോട്ട് ക്രൈംബ്രാഞ്ചിന് നല്‍കിയിരുന്നു. തെളിവുകള്‍ കൈമാറിയെങ്കിലും നിയമനടപടിക്ക് താല്‍പര്യമില്ലെന്നാണ് നടി അറിയിച്ചത്. കൂടാതെ രാഹുലിനെതിരെ ആരോപണം ഉന്നയിച്ച മറ്റ് രണ്ട് സ്ത്രീകളും നിയമപരമായി നീങ്ങില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് രാഹുലിനെതിരെ കേസെടുക്കാന്‍ ക്രൈംബ്രാഞ്ച് കൂടുതല്‍ നിയമവശം പരിശോധിക്കുന്നത്.