തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായുള്ള കൂടിക്കാഴ്ചയ്ക്ക് സന്നദ്ധ അറിയിച്ച് കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദ. അടുത്താഴ്ച തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി കൂടിക്കാഴ്ച നടത്തിയേക്കും. ഇന്നലെ കൂടിക്കാഴ്ചക്ക് സമയം തേടിയിരുന്നത് താന്‍ അറിഞ്ഞിരുന്നില്ലെന്ന് ജെ പി നഡ്ഡ വ്യക്തമാക്കി. ആശ വര്‍ക്കര്‍മാരുമായി ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് വീണാ ജോര്‍ജ് ഡല്‍ഹിയിലേക്ക് പോയത്.

മുന്‍കൂട്ടി അനുമതി ഇല്ലാതെയായിരുന്നോ യാത്രയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി ഉണ്ടായിരുന്നില്ല. പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനാല്‍ മുന്‍കൂട്ടി അനുമതി നേടുന്നതില്‍ ആരോഗ്യമന്ത്രിയുടെ ഓഫിസിനു വീഴ്ച പറ്റിയെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ബുധനാഴ്ച വൈകിട്ട് കത്തു നല്‍കിയിരുന്നതായും എന്നാല്‍ അനുമതി ലഭിച്ചില്ലെന്നുമാണ് ഇതു സംബന്ധിച്ച് ഉണ്ടായ വിശദീകരണം.

ഇക്കാര്യത്തില്‍ ഫേസ്ബുക്കില്‍ മന്ത്രി വീണ ജോര്‍ജ് പ്രതികരണവുമായി രംഗത്തെത്തി. അനുവാദം നല്‍കുമെന്ന് പറഞ്ഞതായി വാര്‍ത്തകള്‍ വരുന്നത് നല്ല കാര്യമാണെന്നും തന്റെ കത്തിന് മറുപടിയോ അറിയിപ്പോ ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. കേന്ദ്രത്തിനയച്ച ഇ-മെയിലും മന്ത്രി പുറത്തുവിട്ടു.


മറുപടി ലഭിക്കുന്ന മുറയ്ക്ക് അനുവാദം ലഭിക്കുന്നുണ്ടെങ്കില്‍ കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയെ കാണുമെന്ന് വീണാ ജോര്‍ജ് പറഞ്ഞു. ചില മാധ്യമങ്ങള്‍ തന്നെ ക്രൂശിക്കാന്‍ ശ്രമിക്കുകയാണെന്ന് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

മന്ത്രിയുടെ കുറിപ്പ്

കേന്ദ്ര ആരോഗ്യ മന്ത്രി അടുത്താഴ്ച കൂടിക്കാഴ്ചയ്ക്ക് അനുവാദം നല്‍കുമെന്ന് പറഞ്ഞതായി വാര്‍ത്തകള്‍ വരുന്നു എന്ന് പറയുന്നു.

നല്ല കാര്യം. ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖറിന്റെ ഏഷ്യാനെറ്റ് ന്യൂസ് ഉള്‍പ്പെടെ 'മന്ത്രിയുടെ തട്ടിപ്പ്, മന്ത്രിയുടെ യാത്ര പ്രഹസനമോ, മന്ത്രിയുടെ മോണോ ആക്ട്' എന്ന് പറഞ്ഞ് ഒരു ദിവസം മുഴുവന്‍ ആക്രമിച്ച് മതിയാകാതെ ഇന്ന് രാവിലെ ഞാന്‍ കേരളത്തില്‍ വന്ന് ഇറങ്ങിയപ്പോള്‍, അപ്പോയ്മെന്റ് ചോദിച്ചതിലെ കുറ്റം കൊണ്ടാണ് അനുവാദം ലഭിക്കാത്തത് എന്ന് സ്ഥാപിക്കാനാണ് ശ്രമിച്ചത്.

ഇന്നവര്‍ രാവിലെ 'ബ്രേക്ക്' ചെയ്ത 'വീണാ ജോര്‍ജിന്റെ വാദം തള്ളി കേന്ദ്രം, കത്ത് നല്‍കിയത് ബുധനാഴ്ച രാത്രി വൈകി...' (ജന്മഭൂമി ഓണ്‍ലൈനിന്റെ ഇന്നലത്തെ വാര്‍ത്തയുടെ കോപ്പി) എന്ന വാര്‍ത്ത സമര്‍ത്ഥിക്കാനാണ് ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ ചോദ്യം ചോദിച്ചു കൊണ്ടിരുന്നത്. എപ്പോഴാണ് കേന്ദ്രത്തിന്റെ അപ്പോയ്‌മെന്റിനായി കത്തയച്ചത് എന്നായിരുന്നു ആവര്‍ത്തിച്ചുള്ള ചോദ്യം. എപ്പോള്‍ കത്തയ്ക്കണമായിരുന്നു എന്നാണ് നിങ്ങള്‍ പറയുന്നത് എന്ന് ഞാന്‍ തിരിച്ചു ചോദിച്ചു.

അപ്പോയ്‌മെന്റ് തേടിയുള്ള കത്തിന് എന്റെ ഓഫീസിലേക്കോ എനിക്കോ മറുപടിയോ അറിയിപ്പോ ഇതുവരെ ലഭിച്ചിട്ടില്ല. മറുപടി ലഭിക്കുന്ന മുറയ്ക്ക് അനുവാദം ലഭിക്കുന്നുണ്ടെങ്കില്‍ കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയെ കാണും. അപ്പോയ്‌മെന്റിന് അനുവാദം തേടി ഇ-മെയിലില്‍ അയച്ച കത്ത് ഡിജിറ്റല്‍ തെളിവ് കൂടിയാണല്ലോ. കേരള വിരുദ്ധതയില്‍ അഭിരമിക്കുന്ന ചില മാധ്യമ പ്രവര്‍ത്തകരുടെ നുണ പ്രചാരണങ്ങളെ തുറന്നു കാട്ടുവാന്‍ അത് കൂടി ഇവിടെ ചേര്‍ക്കുന്നു.