- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിഡിജെഎസും മകന് തുഷാറും ബിജെപി ക്യാമ്പില്‍ നില്ക്കുന്നിടത്തോളം വെള്ളാപ്പള്ളിയുമായി സിപിഎം സഹകരിക്കില്ല; പിണറായി പുകഴ്ത്തല്‍ ബിജെപിക്കും ഞെട്ടല്‍
തിരുവനന്തപുരം: സി.പി.എമ്മിനും സര്‍ക്കാരിനും അനുകൂലമായി എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പ്രസ്താവന പുറപ്പെടുവിച്ചുവെങ്കിലും തല്കാലം അത് സിപിഎം മുഖവലിയ്ക്ക് എടുക്കില്ല. എസ് എന്‍ ഡി പിയിലെ സിപിഎം ഇടപെടലുകളില്‍ ഭയമുള്ളതു കൊണ്ടാണ് വെള്ളാപ്പള്ളി അനുനയത്തിന് ശ്രമിക്കുന്നതെന്നാണ് പ്രബല വിഭാഗത്തിന്റെ വിലയിരുത്തല്‍. ബിഡിജെഎസും മകന് തുഷാര്‍ വെള്ളാപ്പള്ളിയും ബിജെപി ക്യാമ്പില്‍ നില്ക്കുന്നിടത്തോളം വെള്ളാപ്പള്ളിയുമായി സിപിഎം പരസ്യ സഹകരണത്തിന് മുതിരില്ല. എസ് എന്‍ ഡി പി യോഗത്തില്‍ സമര്‍ദ്ദ ശക്തിയാകാന്‍ സിപിഎം അണികളിലൂടെ ശ്രമിക്കുകയും ചെയ്യും.
സി.പി.എമ്മും പിണറായി വിജയനും ശൈലി മാറ്റേണ്ട കാര്യമില്ലെന്നായിരുന്നു ഇന്നലെ വെള്ളാപ്പള്ളി പറഞ്ഞത്. എസ്.എന്‍.ഡി.പി. യോഗം തെരഞ്ഞെടുപ്പില്‍ ഇടപെടണമെന്ന സന്ദേശം പാര്‍ട്ടി അണികള്‍ക്കും നേതാക്കള്‍ക്കും സി.പി.എം. നല്‍കിയിരുന്നു. ഇതിന്റെ പ്രതിഫലനമാണു വെള്ളാപ്പള്ളിയുടെ വാക്കുകളിലുള്ളതെന്നാണു സി.പി.എം. നിഗമനം. പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദനെ പരിഹസിച്ച വെള്ളാപ്പള്ളിയാണ് പൊടുന്നനെ മുഖ്യമന്ത്രിയെ പുകഴ്ത്തുന്നത്. ഇതിന് പിന്നില്‍ യോഗ നേതൃത്വത്തില്‍ തിരിച്ചടിയുണ്ടാകാതിരിക്കാനുള്ള ശ്രമമാണെന്നും വിലയിരുത്തലുണ്ട്. അതിനിടെ വെള്ളാപ്പള്ളിയുടെ പുതിയ പ്രസ്താവന ബിജെപിയേയും ഞെട്ടിച്ചിട്ടുണ്ട്.
വെള്ളാപ്പള്ളിയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ സിപിഎം വിമര്‍ശനത്തിന്റെ മൂര്‍ച്ച കുറയ്ക്കില്ല. ബി.ജെ.പിയുമായുള്ള വെള്ളാപ്പള്ളിയുടെ ബന്ധത്തെ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് പരസ്യമായി വിമര്‍ശിച്ചിരുന്നു. ഇതിന് ശേഷം ഗോവിന്ദനെ വെള്ളാപ്പള്ളിയും പരിഹസിച്ചു. എന്നാല്‍ പെട്ടെന്ന് വെള്ളാപ്പള്ളി സി.പി.എം അനുകൂല പ്രസ്താവനയുമായി എത്തുകയായിരുന്നു. അതുകൊണ്ട് തന്നെ വലിയ വിമര്‍ശനം തല്കാലം സിപിഎം വെള്ളാപ്പള്ളിക്കെതിരെ ഇനി നടത്തില്ല. എന്നാല്‍ യോഗത്തിലെ ഇടപെടലുകള്‍ തുടരുകയും ചെയ്യും. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വന്‍തോതില്‍ ഈഴവ വോട്ടുകള്‍ ബിജെപിയിലേക്ക് ചോര്‍ന്നിരുന്നു. ഇത് ബിജെപിക്ക് വോട്ടു വിഹിതവും കൂട്ടി.
ഇതിന് പിന്നാലെയാണ് സിപിഎമ്മിന്റെ വിമര്‍ശകനായി വെള്ളാപ്പള്ളി എത്തിയത്. ഇത് അനുകൂലമാക്കി ഇനിയും നേട്ടമുണ്ടാക്കമെന്ന് ബിജെപി കരുതി. അതിനിടെയാണ് വെള്ളാപ്പള്ളിയുടെ പിണറായി അനുകൂല പ്രസ്താവന. ഇത് ബിജെപിയ്ക്കും അപ്രതീക്ഷിത തിരിച്ചടിയായി. പിണറായിയെ കുറിച്ച് വെള്ളാപ്പള്ളിയുടെ പുതിയ പ്രസ്താവന ഇങ്ങനെ-' എല്ലാവരും പിണറായിയുടെ ശൈലി മാറ്റണമെന്നാണ് പറയുന്നത്. എന്നാല്‍ പിണറായി ശൈലി മാറ്റേണ്ട യാതൊരു കാര്യവുമില്ല' എന്നായിരുന്നു വെള്ളപ്പള്ളിയുടെ പുതിയ പ്രതികരണം. ' പിണറായി ഇതേ ശൈലിയില്‍നിന്നാണ് ആദ്യ അഞ്ചു വര്‍ഷം ഭരിച്ചത്. രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ടു. അപ്പോഴും അതേ ശൈലിയില്‍ തുടരുന്നു. ശൈലികൊണ്ട് അദ്ദേഹത്തിന് വോട്ട് കുറഞ്ഞിട്ടൊന്നുമില്ല. മൂന്നാം ഊഴവും പിണറായി സര്‍ക്കാര്‍ തുടരുമെന്നതില്‍ സംശയമില്ല.
കരുണാകരനും നായനാര്‍ക്കും വി.എസിനും വ്യത്യസ്ത ശൈലിയായിരുന്നു. ഓരോരുത്തരും വരുന്ന സാഹചര്യമാണ് അതിനുകാരണം. പിണറായിയുടെ ശൈലിയുമായി ജനങ്ങള്‍ താദാത്മ്യപ്പെട്ടു. അത് മാറ്റാന്‍ കഴിയില്ല.'- വെള്ളാപ്പള്ളി പറഞ്ഞു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിന്റെ കാരണം കണ്ടെത്തി പാര്‍ട്ടി പരിഹാരം കണ്ടെത്തണം. പ്രീണനം നടത്തിയെങ്കിലും ന്യൂനപക്ഷ വിഭാഗങ്ങള്‍ കാര്യത്തോട് അടുത്തപ്പോള്‍ സി.പി.എമ്മിന് വോട്ടു ചെയ്തില്ലെന്നും വെള്ളാപ്പള്ളി ആരോപിച്ചു.