കോട്ടയം: തനിക്ക് പാര്‍ലമെന്ററി വ്യാമോഹമില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.' പാര്‍ലമെന്ററി മോഹം വരുമ്പോഴാണ് നമ്മുടെ നടുവളയുന്നത്. ഇത്രയും പ്രായമുള്ള എനിക്ക് പാര്‍ലമെന്ററി മോഹമുണ്ടെന്ന് തോന്നിയാല്‍ ഉടന്‍ തന്നെ ഊളമ്പാറയിലേക്ക് അയക്കുകയാണ് വേണ്ടതെന്നം വെള്ളാപ്പള്ളി പറഞ്ഞു. പത്മഭൂഷണ്‍ ലഭിച്ച വെള്ളാപ്പള്ളിക്ക് എസ്എന്‍ഡിപി കോട്ടയം യൂണിറ്റ് നല്‍കിയ ആദരം സ്വീകരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'നമ്മളിരിക്കുന്ന കസേരയോട് നീതി പുലര്‍ത്തുകയാണ് വേണ്ടത്. ഈ കസേരയിലിരുന്നുകൊണ്ട് മറ്റൊരു കസേര മോഹിച്ചാല്‍ സംഘടന നന്നാകില്ല. തനിക്ക് ലഭിച്ച പത്മഭൂഷണ്‍ സമുദായത്തിന് ലഭിച്ച പുരസ്‌കാരമാണ്. മൈക്രോഫിനാന്‍സ് എന്ന പദ്ധതിയിലൂടെ ലക്ഷക്കണക്കിന് പാവപ്പെട്ടവരുടെ കണ്ണീരൊപ്പാന്‍ കഴിഞ്ഞ പ്രവര്‍ത്തനത്തിനാണ് തനിക്ക് പത്മഭൂഷണ്‍ പുരസ്‌കാരം ലഭിച്ച'തെന്നും വെള്ളാപ്പള്ളി പറഞ്ഞു.

'30 കൊല്ലങ്ങള്‍ക്ക് മുമ്പ് ഈഴവര്‍ക്ക് ഒരു പട്ടിയുടെ പരിഗണനയെങ്കിലും ലഭിച്ചിരുന്നോ?. ഞാന്‍ വന്നതിനു ശേഷമാണ് പട്ടിയല്ല, മനുഷ്യനാണ് എന്ന പരിഗണന വരുന്നത്. ഈ 30 കൊല്ലം കൊണ്ടാണ് മാറ്റം വന്നത്. അല്ലാതെ ആര് എന്തു പരിഗണനയാണ് നല്‍കുന്നത്. കോട്ടയത്ത് ഈഴവനായി ഒരു എംഎല്‍എ മാത്രമാണുള്ളത്. വി എന്‍ വാസവന്‍ മാത്രം.' വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

സര്‍ക്കാരില്‍ നിന്നും ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ പോലും കൃത്യമായി ലഭിച്ചിരുന്നില്ല. ഇതേപ്പറ്റി അറിവും തിരിച്ചറിവുമുള്ള ആളുകള്‍ പലരും ഇതേപോലുള്ള ആനുകൂല്യങ്ങള്‍ വാങ്ങിക്കൊണ്ടുപോകുമ്പോള്‍ നമ്മള്‍ക്ക് വെറുതെ നോക്കി നില്‍ക്കാനേ സാധിക്കുന്നുള്ളൂ

സംഘടിത മതശക്തികള്‍ എല്ലാം കൊണ്ടുപോകുമ്പോള്‍ ഭൂരിപക്ഷം കിടക്കുന്നത് എവിടെ എന്നായിരുന്നു വെള്ളാപ്പള്ളിയുടെ ചോദ്യം. സ്വാതന്ത്ര്യം കിട്ടിയിട്ട് ഇത്ര നാളായിട്ടും ഭൂരിപക്ഷത്തിന് ദുരിതവും തൊഴിലുറപ്പും മാത്രമാണ് ഉള്ളത്. ന്യൂനപക്ഷ സമൂഹം സമ്പന്നരായി ജീവിക്കുന്നു എന്നും വെള്ളാപ്പള്ളി നടേശന്‍ വിമര്‍ശിച്ചു.

സ്വാതന്ത്ര്യം കിട്ടിയിട്ട് ഇത്ര നാളായിട്ടും നമുക്കു മാത്രം വീടില്ല. മറ്റുള്ളവര്‍ മണിമാളികകള്‍ വച്ച് പിന്നെയും പിന്നെയും വളരുന്നു. അവര്‍ക്ക് പിന്നെയും സഹായങ്ങള്‍ കൊടുക്കാന്‍ പദ്ധതികള്‍ വരുന്നു. മറ്റു സമുദായങ്ങള്‍ സമ്പന്നരായി വാഴുന്നു. പാവങ്ങള്‍ക്ക് വേണ്ടി പറയാന്‍ പാര്‍ലമെന്റിലും നിയമസഭയിലും തദ്ദേശസ്ഥാപനങ്ങളിലും പ്രതിനിധികള്‍ ഇല്ല. നമുക്ക് കൂട്ടായ്മ ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെ വന്നതെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.

ഇത് ചോദിച്ചാല്‍ ജാതി പറഞ്ഞെന്നായി. പിന്നെ ഗുരുദേവനെ മുന്നില്‍ നിര്‍ത്തി നമ്മളെ തകര്‍ത്താനും തളര്‍ത്താനുമാണ് ശ്രമിക്കുന്നത്. എന്തായാലും നമുക്ക് ആരോടും വിദ്വേഷം വേണ്ടെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എന്നെ കൊല്ലാന്‍ വരെ ശ്രമിച്ചിട്ടുണ്ട്. കൊല്ലാന്‍ ശ്രമിച്ചവര്‍ ഒക്കെ ചത്ത് പോയതല്ലാതെ ഞാന്‍ ഇപ്പോഴും ചക്കക്കുരു പോലെ നില്‍ക്കുന്നു എന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.