തിരുവനന്തപുരം: തിരുവനന്തപുരത്തെ സിപിഎമ്മിന്റെ തോല്‍വിയില്‍ മേയര്‍ ആര്യ രാജേന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ആര്യ ഉണ്ടാക്കിയ വിവാദങ്ങള്‍ ഓര്‍മ്മപ്പെടുത്തി കൊണ്ടാണ് വെള്ളാപ്പള്ളിയുടെ വിമര്‍ശനം. വിളയാതെ ഞെളിയരുതെന്നാണ് വെള്ളാപ്പള്ളിയുടെ വിമര്‍ശനം. ആര്യയ്ക്ക് ധാര്‍ഷ്ട്യവും അഹങ്കാരവുമാണ്. അധികാരത്തില്‍ ഇരുന്ന് ഞെളിയരുതെന്ന് പറഞ്ഞ വെള്ളാപ്പള്ളി പണ്ടത്തെ കാലമല്ല, നന്നായി പെരുമാറണമെന്നും കൂട്ടിച്ചേര്‍ത്തു. ആര്യാ രാജേന്ദ്രന്റെ പെരുമാറ്റദൂഷ്യം തിരുവനന്തപുരത്ത് തിരിച്ചടിയായി എന്നാണ് വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടത്.

തിരുവനന്തപുരം ജില്ലയില്‍ ബിജെപി വോട്ടുഷെയര്‍ വര്‍ദ്ധിപ്പിച്ചുവെന്നത് നേരുതന്നെയാണ്. തിരുവനന്തപുരത്തെ മേയര്‍ ആര്യ രാജേന്ദ്രനെ എല്ലാവരും കൂടെ പൊക്കി, അവര്‍ അങ്ങ് പൊങ്ങുകയും ചെയ്തു. ഈ പൊങ്ങച്ചത്തിന്റെ ദോഷം ഉണ്ടായി. ആളുകളോടുള്ള പെരുമാറ്റം മോശമായിരുന്നു. അധികാരത്തിന്റെ ധാര്‍ഷ്ട്യമായിരുന്നു അവര്‍ക്ക്. അധികാരത്തിന്റെ വിനയം കാട്ടാതെ പ്രായത്തിന്റെയും ചെറുപ്പത്തിന്റെയും അഹങ്കാരവും ധാര്‍ഷ്ട്യവും കാട്ടിയതാണ് ചര്‍ച്ചാവിഷയമായത്. ഇതാണ് കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമായത്. പൊതുപ്രവര്‍ത്തനത്തില്‍ വളയാതെ ഞെളിയരുത്. എന്തെല്ലാം നല്ല നേട്ടങ്ങള്‍ ചെയ്തിട്ടും അത് താഴെത്തട്ടിലുകളില്‍ അറിയിക്കാന്‍ ഇടതുപക്ഷത്തിന് സാധിച്ചില്ല. പിന്നെ മസിലുപിടിത്തമുണ്ട്. ആളുകളോട് മാന്യമായിട്ടും സ്നേഹമായിട്ടും പെരുമാറേണ്ടതുണ്ട്'- വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി.

ബിഡിജെഎസിന്റെ സീറ്റുകളില്‍ സവര്‍ണര്‍ വോട്ട് ചെയ്തില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. നടന്നു കാല് തേഞ്ഞതല്ലാതെ ഒന്നും കിട്ടിയില്ല. ഇടത് പക്ഷത്തുള്ളവര്‍ക്ക് എന്തൊക്കെ കിട്ടി. എന്‍ഡിഎയില്‍ ഒന്നുമില്ല. പത്ത് വര്‍ഷം നടന്നു കാല് തളര്‍ന്നതല്ലാതെ എന്ത് കിട്ടി എന്ന് അവര്‍ ചിന്തിക്കട്ടെയെന്നും വെള്ളാപ്പള്ളി നടേശന്‍ ചൂണ്ടിക്കാട്ടി. മുന്നണി മാറ്റം അവര്‍ ആലോചിക്കുന്നുണ്ട്. അവര്‍ ആലോചിക്കട്ടെയെന്നും എസ്എന്‍ഡി പി ഇടപെടില്ലെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു. ബിഡിജെഎസ് ഇടത് പക്ഷത്തേക്ക് പോകണം എന്ന് അഭിപ്രായം ഉള്ളവര്‍ ഉണ്ട്. അവര്‍ തീരുമാനിക്കട്ടെ.

പാട്ടിന്റെ പുറകെ പോയിട്ട് കാര്യമില്ലെന്നാണ് പാട്ട് വിവാദത്തില്‍ വെള്ളാപ്പള്ളി പ്രതികരിച്ചത്. യാഥാര്‍ഥ്യബോധത്തോടെ എല്ലാം കാണണം. എല്‍ഡിഎഫിന് തെരഞ്ഞെടുപ്പില്‍ ക്ഷീണം ഉണ്ടായി എന്ന് കരുതി മുങ്ങി പോയെന്നല്ലെന്നും മൂന്നാം പിണറായി സര്‍ക്കാര്‍ വരുമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

തന്നെ മുസ്ലിം വിരുദ്ധനാക്കി ചിത്രീകരിക്കുകയാണെന്നും വര്‍ഗീയവാദിയാക്കുന്നതിനായി ബോധപൂര്‍വം ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഞാനാണ് കേരളത്തിലെ ഏറ്റവും വലിയ വര്‍ഗീയവാദിയെന്നാണ് മുസ്‌ലിം ലീഗ് പറയുന്നത്. ഞാന്‍ ഗുരുവിന്റെ പാതയിലൂടെയാണ് സഞ്ചരിക്കുന്നത്. സോദരചിന്തയോടെ ജീവിക്കണമെന്നാണ് തനിക്കാകെ അറിയാവുന്നത്. സ്നേഹം കൊടുത്ത് സ്നേഹം വാങ്ങുന്ന പ്രസ്ഥാനമാണ് എസ്എന്‍ഡിപി. ഞങ്ങള്‍ ഒരിക്കലും ഒരു മതവിശ്വാസത്തിനെതിരല്ല. എന്നെ മുസ്ലിം വിരുദ്ധനാക്കി വേട്ടയാടുകയാണ്. മലപ്പുറം പാര്‍ട്ടിയായ ലീഗ് എല്ലാം മലപ്പുറത്തേക്ക് ഊറ്റിയെടുക്കുകയാണ് -വെള്ളാപ്പള്ളി നടേശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

'അധികാരത്തിലിരുന്ന് ലീഗ് അവരുടെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ ശ്രമിക്കുകയാണ്. അവരുടെ വകുപ്പും മന്ത്രിയുമൊക്കെ മലപ്പുറത്താണ് പ്രഖ്യാപിക്കുന്നത്. ഇങ്ങനെ ചെയ്തവരാണ് മതേതരത്വം പറയുന്നത്. ലീഗ് മലപ്പുറം പാര്‍ട്ടിയാണ്. ലീഗിന് പലമുഖങ്ങളുണ്ട്. 14 യൂണിവേഴ്സിറ്റികള്‍ ഉണ്ടായിട്ട് ഒരൊറ്റ യൂണിവേഴ്സിറ്റി പോലും ഈഴവര്‍ക്കില്ല.

മുസ്ലിം സമുദായത്തെ ഞാന്‍ ഇതുവരെയും ആക്ഷേപിച്ചിട്ടില്ല. ലീഗിന് ഒരുപാട് സ്‌കൂളുകള്‍ ഉണ്ടായിരിക്കെ ഒരൊറ്റ സ്‌കൂളെങ്കിലും ഞങ്ങള്‍ക്ക് തരണമെന്ന് അപേക്ഷിക്കുക മാത്രമാണ് ചെയ്തത്. ഫസല്‍ ഗഫൂര്‍ എന്ത് കൊള്ളയാണ് നടത്തുന്നത്. സകല അലവലാതികളും എന്നെ വര്‍ഗീയവാദിയാക്കാനുള്ള നെട്ടോട്ടത്തിലാണ്.

ലീഗ് മലപ്പുറം പാര്‍ട്ടി തന്നെയാണ്. മുഖ്യമന്ത്രി ആണും പെണ്ണും കെട്ടവനാണെന്ന് വരെ ലീഗുകാര്‍ പറഞ്ഞിട്ടുണ്ട്. ആണും പെണ്ണും കെട്ടവനാണെങ്കില്‍ എങ്ങനെയാണ് കുട്ടികളുണ്ടാവുക? പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരുന്ന 10 വര്‍ഷക്കാലത്ത് ഒരു കലാപവും ഉണ്ടായിരുന്നില്ല' -വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.