- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വി ഡി സതീശന്‍ അഹങ്കാരത്തിന്റെ ആള്‍രൂപം, ഇത്രയും നിലവാരമില്ലാത്ത പ്രതിപക്ഷ നേതാവിനെ കണ്ടിട്ടില്ല; ഞാനാണ് രാജാവും രാജ്ഞിയും രാജ്യവും എല്ലാം എന്ന ഭാവമാണ്; താന്‍ സത്യം വിളിച്ചുപറഞ്ഞപ്പോള്‍ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ വിളിച്ച് അഭിനന്ദിച്ചു; സതീശനെതിരെ വീണ്ടും വെള്ളാപ്പള്ളി
വി ഡി സതീശന്‍ അഹങ്കാരത്തിന്റെ ആള്‍രൂപം
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ വീണ്ടും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സതീശനെതിരെ രൂക്ഷ വിമര്‍ശനമാണ് വെള്ളാപ്പള്ളി ഉയര്‍ത്തിയത്. സതീശന്‍ അഹങ്കാരത്തിന്റെ ആള്‍രൂപമാണെന്നും ഇത്രയും നിലവാരമില്ലാത്ത, ബഹുമാനമില്ലാതെ സംസാരിക്കുന്ന പ്രതിപക്ഷനേതാവിനെ കണ്ടിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. രണ്ടാം പിണറായി സര്‍ക്കാര്‍ ഒന്നാം സര്‍ക്കാരോളം മെച്ചമല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
സതീശന്‍ അഹങ്കാരത്തിന്റെ ആള്‍രൂപമല്ലേ. ഇത്രയും നിലവാരമില്ലാത്ത പരോക്ഷമായിട്ട് ഒരു ബഹുമാനമില്ലാതെ സംസാരിക്കുന്ന പ്രതിപക്ഷനേതാവിനെ ഞാന്‍ കണ്ടിട്ടില്ല. ഞാനാണ് രാജാവും രാജ്ഞിയും രാജ്യവും എല്ലാം എന്ന ഭാവത്തിലാണ് പ്രതിപക്ഷനേതാവ് സംസാരിക്കുന്നത്. കെ.പി.സി.സി പ്രസിഡന്റിനെ മൂലയിലിരുത്തിക്കൊണ്ട്, ഒതുക്കിയല്ലേ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നത്.- വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
താന്‍ സത്യം വിളിച്ചുപറഞ്ഞപ്പോള്‍ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ വിളിച്ച് അഭിനന്ദിച്ചു. അവര്‍ പറയാന്‍ ആഗ്രഹിച്ചതാണ് താന്‍ പറഞ്ഞതെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കോണ്‍ഗ്രസിലെ ആളുകള്‍ സതീശനെ സഹിച്ച് ക്ഷമയുടെ നെല്ലിപ്പലക കണ്ടെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. 2026 ല്‍ യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് താനൊരിടത്തും പറഞ്ഞിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി മുഖമായി ചെന്നിത്തലയെ പരിഗണിക്കണമെന്നാണ് പറഞ്ഞത്.
അതേസമയം രണ്ടാം പിണറായി സര്‍ക്കാര്‍ ഒന്നാം സര്‍ക്കാരോളം മെച്ചമല്ലെന്നും വെള്ളാപ്പള്ളി. രണ്ടാം പിണറായി സര്‍ക്കാരിന്റെ ഭരണം ഒന്നാം പിണറായി സര്‍ക്കാരിനെ അപേക്ഷിച്ച് മെച്ചമല്ല എന്ന് അതിനകത്തുള്ളവര്‍ തന്നെ ചര്‍ച്ച ചെയ്ത് അത് നികത്താന്‍ വേണ്ടിയുള്ള നിര്‍ദേശം നല്‍കുന്ന കാലഘട്ടത്തില്‍ ഞാന്‍ സത്യമല്ലേ പറയേണ്ടത്. പുതുതായി വന്ന മന്ത്രിമാരില്‍ പ്രതീക്ഷിച്ച പ്രകടനം കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സതീശന്‍ പ്രതിപക്ഷ നേതാവായതോടെ പാര്‍ടിയില്‍ ഗ്രൂപ്പുകള്‍ കൂടി. എ, ഐ ഗ്രൂപ്പുകള്‍ക്ക് പകരം കോണ്‍ഗ്രസില്‍ വ്യക്തികളുടെ ഗ്രൂപ്പാണുള്ളതെന്ന് വെള്ളാപ്പള്ളി കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. സതീശന്‍ മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് മലര്‍പ്പൊടിക്കാരന്റെ സ്വപ്നം മാത്രമാകും. മറ്റൊരു നേതാവിനും ഇത്രയും ധാര്‍ഷ്ട്യമില്ല. ഒറ്റയ്ക്കായി എന്ന് തോന്നിയപ്പോഴാണ് പല വിഷയങ്ങളിലും തിരുത്തലിന് തയ്യാറായത്. ഇങ്ങനെപോയാല്‍ സതീശന്റെ രാഷ്ട്രീയജീവിതം സര്‍വനാശത്തിലാകും-വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഇനിയും അധികാരത്തില്‍ വരും. എല്‍.ഡി.എഫിന് കിട്ടുന്ന ഗുണം യു.ഡി.എഫിന്റെ ബലഹീനതയാണ്.മുസ്ലിം ലീഗിന്റെ മുന്നണി മാറ്റത്തിനുള്ള സാദ്ധ്യത കാണുന്നില്ല. ലീഗ് എല്‍.ഡി.എഫിലേക്ക് വരില്ല. ലീഗ് വന്നാല്‍ എല്‍.ഡി.എഫിന്റെ മുഖച്ഛായയും മതിപ്പും നഷ്ടമാകും.ലീഗും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും തമ്മില്‍ ആശയപരമായി നിരവധി വ്യത്യാസങ്ങളുണ്ട്. ഭരണത്തിന് വേണ്ടി മാത്രം അവര്‍ ഒന്നിക്കുമെന്ന് കരുതുന്നില്ല. എന്നും എപ്പോഴും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരാണ് ലീഗ്.അങ്ങനെയുള്ളവരെ കൂട്ടത്തില്‍ ചേര്‍ക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തയ്യാറാകില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കിയിരുന്നു.
നേരത്തെ എസ്.എന്‍.ഡി.പി. ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിമര്‍ശനത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ രംഗത്തുവന്നിരുന്നു. മുഖ്യമന്ത്രിയേയും മന്ത്രിമാരേയും വിമര്‍ശിക്കുന്നതുപോലെ പ്രതിപക്ഷ നേതാവിനേയും ആര്‍ക്കും വിമര്‍ശിക്കാം. വെള്ളാപ്പള്ളിയുടെ പ്രസ്താവന പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞത് രാഷ്ട്രീയ ഉദ്ദേശത്തോടെയാണോ അതോ താന്‍ തിരുത്തുന്നതിനായാണോ എന്ന് ശ്രദ്ധിക്കുമെന്നും സതീശന്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
അടുത്ത കാലത്തായി നാക്കുപിഴയോ മോശമായി സംസാരിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ തിരുത്തും. തെറ്റുകള്‍ മനുഷ്യസഹജമല്ലേയെന്നും താന്‍ ആരുമായും പിണക്കത്തിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെള്ളാപ്പള്ളിയുടെ പ്രസ്താവന സന്തോഷവും അഭിമാനവുമുണ്ടാക്കി. കഴിഞ്ഞമാസം അദ്ദേഹം പറഞ്ഞത് മൂന്നാമതും പിണറായി വിജയന്‍ അധികാരത്തില്‍ വരുമെന്നാണ്. 2026-ല്‍ യുഡിഎഫ് അധികാരത്തിലെത്തുമെന്നും കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി ഉണ്ടാകുമെന്നുമാണ് ഇപ്പോള്‍ അദ്ദേഹം പറയുന്നത്. ഇതില്‍ ഞങ്ങള്‍ക്ക് സന്തോഷവും അഭിമാനവുമുണ്ട്, പ്രതിപക്ഷനേതാവ് പറഞ്ഞു.
മന്നം ജയന്തിയോട് അനുബന്ധിച്ച് നടത്തുന്ന പൊതുസമ്മേളനത്തില്‍ മുഖ്യപ്രഭാഷകനായി ചെന്നിത്തലയെ എന്‍എസ്എസ് ക്ഷണിച്ചതിലും സതീശന്‍ നിലപാട് വ്യക്തമാക്കി. 'കോണ്‍ഗ്രസിന്റേയോ യുഡിഎഫിന്റെയോ ഏതൊരു നേതാവും ഏത് സാമുദായിക സംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചാല്‍ അതിന്റെ ഗുണം ലഭിക്കുന്നത് കോണ്‍ഗ്രസിനും യുഡിഎഫിനുമാണ്. എല്ലാ കോണ്‍ഗ്രസ് നേതാക്കള്‍ക്കും വിവിധ സാമുദിക സംഘടനകളുമായി ബന്ധമുണ്ട്. എനിക്ക് മാത്രം പോരല്ലോ ബന്ധം, എല്ലാവര്‍ക്കും വേണ്ടേ. ഒരു പരിപാടിയില്‍തന്നെ എല്ലാവര്‍ക്കും പങ്കെടുക്കാന്‍ പറ്റുമോ. സമുദായ സംഘടനകള്‍ക്ക് അവര്‍ക്ക് കൂടുതല്‍ അടുപ്പവും ബന്ധവും ഉള്ളവരെ വിളിക്കും. കോണ്‍ഗ്രസ് നേതാക്കന്മാരെയല്ലേ വിളിക്കുന്നത്. ഏത് കോണ്‍ഗ്രസ് നേതാവും മത സംഘടനകളുമായും സമൂഹത്തിലെ ആരുമായും കൂടുതല്‍ ബന്ധം സ്ഥാപിച്ചാല്‍ കൂട്ടത്തില്‍ ഏറ്റവും സന്തോഷിക്കുന്ന ഒരാള്‍ താനായിരിക്കും', സതീശന്‍ പറഞ്ഞു.
എന്‍എസ്എസിന് തന്നോട് അകല്‍ച്ചുള്ളതായി തോന്നിയിട്ടില്ലെന്നും എല്ലാവരുമായും നല്ല ബന്ധമാണുള്ളതെന്നും വ്യക്തമാക്കിയ അദ്ദേഹം, രാഷ്ട്രീയവും മതവും തമ്മില്‍ പ്രത്യേകമായൊരു അകലം വേണമെന്നതാണ് തന്റെ നിലപാടെന്നും കൂട്ടിച്ചേര്‍ത്തു.