- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനധികൃത സ്വത്ത് സമ്പാദനമെന്ന് പരാതി; കോണ്‍ഗ്രസ് വിമത നേതാവ് പി.കെ രാഗേഷിന്റെ ബാങ്ക് അക്കൗണ്ട് വിജിലന്‍സ് മരവിപ്പിച്ചു; രാഗേഷിന്റെ കോര്‍പറേഷന്‍ കാബിനില്‍ നടത്തിയ റെയ്ഡിലും രേഖകള്‍ പിടിച്ചെടുത്തു; രാഷ്ട്രീയ പ്രേരിതമെന്ന് രാഗേഷ്
പി.കെ രാഗേഷിന്റെ ബാങ്ക് അക്കൗണ്ട് വിജിലന്‍സ് മരവിപ്പിച്ചു
കണ്ണൂര്‍ : കോണ്‍ഗ്രസ് വിമത നേതാവും, കണ്ണൂര്‍ കോര്‍പറേഷന്‍ വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ പി.കെ.രാഗേഷിന്റെ വീട്ടില്‍ നടത്തിയ റെയ്ഡ് ചൊവ്വാഴ്ച രാത്രിയോടെ അവസാനിച്ചു. തലശേരി വിജിലന്‍സ് കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. രാത്രി ഏറെ വൈകിയാണ് പരിശോധന അവസാനിച്ചത്. അനധികൃത സ്വത്ത് സമ്പാദനമെന്ന പി.കെ.രാഗേഷിനെതിരെയുള്ള ആരോപണത്തില്‍ കഴമ്പുണ്ടെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു.. വീട്ടില്‍ നിന്നും കണ്ണൂര്‍ കോര്‍പറേഷനിലെ കാബിനില്‍ നിന്നും നിരവധി രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്.
കോഴിക്കോട് വിജിലന്‍സ് സെല്‍ എസ്.പി കെ.പി അബ്ദുള്‍ റസാഖിന്റെ നേതൃത്വത്തിലാണ് വിജിലന്‍സ് റെയ്ഡ് നടത്തിയത്. ഒരേ സമയത്തായിരുന്നു ചാലാട് മുള്ളങ്കണ്ടിയിലെ പി.കെ രാഗേഷിന്റെ വസതിയിലും കോര്‍പറേഷനിലെ പി.കെ രാഗേഷിന്റെ ക്യാബിനിലും റെയ്ഡ് നടന്നത്.
വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനമെന്ന ആരോപണമാണ് പി.കെ രാഗേഷിനെതിരെ മൂന്ന് വര്‍ഷം മുന്‍പ് വിജിലന്‍സിന് ലഭിച്ചത്. പി.കെ.രാഗേഷിന്റെ കണ്ണൂര്‍ കോര്‍പറേഷനിലെ ക്യാബിനില്‍ ചൊവ്വാഴ്ച രാവിലെ ഏഴരയോടെ അതീവ രഹസ്യമായി വിജിലന്‍സ് എത്തുകയായിരുന്നു. തുടര്‍ന്ന് പരിശോധന മണിക്കൂറുകള്‍ നീണ്ടു.
ഇവിടെ സൂക്ഷിച്ച പ്രധാന ഫയലുകള്‍ ഉള്‍പ്പെടെ വിജിലന്‍സ് വിളിച്ചു വരുത്തി പരിശോധിച്ചിട്ടുണ്ട്. ക്യാബിനില്‍ നടന്ന പരിശോധനയില്‍ മൂന്ന് വിജിലന്‍സ് ഉദ്യോഗസ്ഥരാണ് പങ്കെടുത്തത്. കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെയും വിളിച്ചു വരുത്തിയിരുന്നു. വസതിയില്‍ നിന്നും കണ്ടെത്തിയ ചില രേഖകള്‍ വിജിലന്‍സ് കൊണ്ടുപോയി.
വിജിലന്‍സ് സൂപ്രണ്ടിന് പുറമേ ഡി.വൈ.എസ്പി ഗസ്റ്റഡ് ഉദ്യോഗസ്ഥന്‍മാര്‍ തുടങ്ങി 15 അംഗ ടീമാണ് പങ്കെടുത്തത്. രണ്ടു വര്‍ഷം മുന്‍പെ പി.കെ രാഗേഷിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയിരുന്നു. ഇതിനിടെ റെയ്ഡിനിടയില്‍ പി.കെ രാഗേഷ് ചൊവ്വാഴ്ച്ച രാവിലെ 11 ന് നടന്ന കണ്ണൂര്‍ കോര്‍പറേഷന്‍ വികസന സെമിനാറിലെത്തി പദ്ധതിരേഖ അവതരിപ്പിക്കുകയും ചെയ്തു.
വിജിലന്‍സ് പരിശോധന രാഷ്ട്രീയ പ്രേരിതമാണെന്ന് പി.കെ രാഗേഷ് പ്രതികരിച്ചു. എല്ലാ വര്‍ഷവും ലോകായുക്തയില്‍ സ്വത്ത് സംബന്ധമായും മറ്റുള്ള വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്താരുണ്ട്. ഇതില്‍ കൂടുതല്‍ എന്തെങ്കിലുമുണ്ടോയെന്ന പരിശോധന നടത്താനുള്ള അവകാശം വിജിലന്‍സിനുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു. വരുന്ന ദിവസം രാഗേഷിന്റെ ബാങ്ക് അക്കൗണ്ടുകളുടെ വിശദവിവരങ്ങള്‍ വിജിലന്‍സ് അന്വേഷിക്കും.