തിരുവനന്തപുരം: സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളിലെ വാര്‍ഡുവിഭജനം പൂര്‍ത്തിയായി. 941 ഗ്രാമ പഞ്ചായത്തുകളിലെ വാര്‍ഡുകള്‍ വിഭജിച്ചതിന്റെ അന്തിമ വിജ്ഞാപനം സര്‍ക്കാര്‍ പുറത്തിറക്കി. സംസ്ഥാനത്ത് 1375 വാര്‍ഡുകളാണ് പുതിയതായി ഉള്ളത്. 87 നഗരസഭകള്‍, 6 കോര്‍പറേഷനുകള്‍ എന്നിവയിലെ വാര്‍ഡുകള്‍ വിഭജിച്ച് അന്തിമ വിജ്ഞാപനം അടുത്തു തന്നെ ഇറക്കും.

വാര്‍ഡ് വിഭജനത്തിന്റെ കരട് കഴിഞ്ഞവര്‍ഷം പ്രസിദ്ധീകരിച്ചിരുന്നു. ഇതിന് ശേഷം പരാതികളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കാന്‍ ഡിസംബര്‍ നാലുവരെ സമയം നല്‍കിയിരുന്നു. ഈ നടപടിക്രമങ്ങളെല്ലാം കഴിഞ്ഞതിന് ശേഷമാണ് വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കി വിജ്ഞാപനം ഇറക്കിയത്.

പതിനാറായിരത്തിലേറെ പരാതികളാണു ലഭിച്ചത്. വാര്‍ഡുകളുടെ അതിര്‍ത്തികള്‍ നിര്‍ണയിച്ചതിലെ പോരായ്മ, വീടുകള്‍ ഒഴിവാക്കിയത്, ഓരോ വാര്‍ഡിലെയും ജനസംഖ്യയിലെ ഏറ്റക്കുറച്ചിലുകള്‍, വാര്‍ഡുകള്‍ക്ക് പുതിയ പേരുകള്‍ നല്‍കിയതിലെ പ്രശ്നങ്ങള്‍ എന്നിവയായിരുന്നു പ്രധാന പരാതികള്‍. ഇവ അന്വേഷിക്കാന്‍ ആയിരത്തില്‍പരം ഉദ്യോഗസ്ഥരെ നിയമിച്ചു. ഇവര്‍ നല്‍കിയ റിപ്പോര്‍ട്ടുകള്‍ ജില്ലാ കലക്ടര്‍മാരുടെ ശുപാര്‍ശയോടെ കമ്മിഷനു ലഭിച്ചു. തുടര്‍ന്ന് കഴിഞ്ഞ ജനുവരി 16 മുതല്‍ ഫെബ്രുവരി 22 വരെ ജില്ലാതല തെളിവെടുപ്പുകളും കമ്മിഷന്‍ നടത്തി. അതേസമയം, നടപടിക്രമങ്ങളില്‍ പിഴവുണ്ടായതായി പ്രതിപക്ഷം ആരോപണം ഉന്നയിച്ചിട്ടുണ്ട്.

ഓരോ തദ്ദേശ സ്ഥാപനത്തിലും 2011ലെ ജനസംഖ്യാനുപാതികമായാണ് വാര്‍ഡുകളും അതിര്‍ത്തികളും പുനര്‍നിര്‍ണയിച്ചത്. 2021ല്‍ സെന്‍സസ് നടക്കാത്തതിനാലാണ് 2011ലെ ജനസംഖ്യ അടിസ്ഥാനമാക്കുന്നത്. തിരഞ്ഞെടുപ്പ് നടത്തി 2025 ഡിസംബറില്‍ പുതിയ തദ്ദേശ ജനപ്രതിനിധികള്‍ അധികാരമേല്‍ക്കുന്നത് പുതിയ വാര്‍ഡുകളുടെ അടിസ്ഥാനത്തിലാകും. ബ്ലോക്ക് പഞ്ചായത്ത് കരട് വിജ്ഞാപനം മേയ് 27 ന് പുറപ്പെടുവിക്കും.

ഏറ്റവും അധികം വാര്‍ഡുകള്‍ ഉള്ളത് മലപ്പുറം ജില്ലയിലാണ്. 223 വാര്‍ഡുകളാണ് പുതിയതായി ഉണ്ടായത്. ഏറ്റവും കുറവ് വാര്‍ഡുകള്‍ പുതിയതായി ഉണ്ടായത് വയനാട് ജില്ലയിലാണ്, 37 എണ്ണം. പുതിയ വാര്‍ഡുകള്‍ വരുന്നതോടെ സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലായി 17337 വാര്‍ഡുകളുണ്ടാകും. വരുന്ന തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ വാര്‍ഡ് വിഭജനത്തിന്റെ അടിസ്ഥാനത്തിലാകും ജനപ്രതിനിധികളെ തിരഞ്ഞെടുക്കുക.