വടകര: പാര്‍ട്ടി അംഗത്വത്തിന്റെയും, അനുഭാവികളുടെ എണ്ണവും വെച്ചുനോക്കുമ്പോള്‍ ഇന്ത്യയില്‍ സിപിഎമ്മിന് ഏറ്റവും ശക്തിയുള്ള ജില്ലയാണ് കോഴിക്കോട് ജില്ല. ജില്ലയിലെ 12 നിയമസഭാമണ്ഡലങ്ങളില്‍ പത്തും എല്‍ഡിഎഫിന്റെ കൈയിലാണ്. കഴിഞ്ഞ പത്തുവര്‍ഷംകൊണ്ട് സി.പി.എമ്മിന് ജില്ലയില്‍ 23,813 അംഗങ്ങളുടെ വര്‍ധനയുണ്ടായി എന്നാണ് കണക്ക്. പുതിയ 109 ലോക്കല്‍ കമ്മിറ്റികളും 1,879 ബ്രാഞ്ച് കമ്മിറ്റികളും നിലവില്‍വന്നു. 2015-ല്‍ 31,811 അംഗങ്ങളും 174 ലോക്കല്‍ കമ്മിറ്റികളും 2622 ബ്രാഞ്ചുകളുമാണ് ഉണ്ടായിരുന്നത്. അത് യഥാക്രമം 55,624 -283 -4501 എന്നിങ്ങനെയായി വര്‍ധിച്ചു.അവസാന മൂന്നുവര്‍ഷംകൊണ്ട് 4,037 അംഗങ്ങളും ആറുലോക്കല്‍ കമ്മിറ്റികളും 135 ബ്രാഞ്ച് കമ്മിറ്റികളുമാണ് വര്‍ധിച്ചത്. വനിതാ അംഗങ്ങളുടെ എണ്ണം 27.07 ശതമാനമായി വര്‍ധിച്ചു. ജില്ലയിലെ 10 ലോക്കല്‍ സെക്രട്ടറിമാരും 395 ബ്രാഞ്ച് സെക്രട്ടറിമാരും വനിതകളാണ്. ഈ രീതിയിലുള്ള ഒരു ട്രാക്ക് റെക്കോര്‍ഡ് കണ്ണൂര്‍ ജില്ലക്കുപോലുമില്ല. അതുകൊണ്ടുതന്നെയാണ് കോഴിക്കോട് ജില്ലയുടെ സെക്രട്ടറി സ്ഥാനം എന്നത് പാര്‍ട്ടിയില്‍ നിര്‍ണ്ണായകമാണ്.

ഇപ്പോള്‍ സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനം വടകരില്‍ നടക്കുകയാണ്. പ്രതിനിധി സമ്മേളനവും, പൊതുസമ്മേളനവും മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. മൂന്ന് ടേം പൂര്‍ത്തിയാക്കിയ ജില്ലാ സെക്രട്ടറി പി മോഹനന്‍ ഈ സമ്മേളനത്തോടെ സ്ഥാനം ഒഴിയമ്പോള്‍ ആരാവും പതിയ സെക്രെട്ടറി എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ആരാവും പുതിയ ജില്ലാ സെക്രട്ടറി?

മുന്‍ എംഎല്‍യും, ഡിവൈഫ്ഐയുടെ പഴയ തീപ്പൊരിയുമായ എ പ്രദീപ് കുമാര്‍ ,കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം.മെഹബൂബ് എന്നിവരാണ് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന പ്രമുഖര്‍. സംസ്ഥാന വൈസ് പ്രസിഡണ്ട് കെ കെ ദിനേശന്‍, ഡിവൈഎഫ്ഐ മുന്‍ ജില്ലാ സെക്രട്ടറി ടി വിശ്വനാഥനും സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാന്‍ സാധ്യത ഉള്ളവരാണ്.

്ഇതില്‍ എ പ്രദീപ്കുമാറാണ് പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ ഏറെ സ്വീകാര്യനായിട്ടുള്ളത്. കോഴിക്കോട് നോര്‍ത്ത് എംഎല്‍എ എന്ന നിലയില്‍ നന്നായി തിളങ്ങിയ എ പ്രദീപ്കുമാര്‍, ജില്ലയിലെ ഏറ്റവും ജനകീയനായ നേതാവാണ്. രണ്ടുടേം പൂര്‍ത്തിയാക്കിയതിന്റ പേരില്‍ സ്ഥാനമൊഴിഞ്ഞ പ്രദീപ് ഇപ്പോള്‍ പൂര്‍ണ്ണമായും സംഘടനാ പ്രവര്‍ത്തനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. എന്നാല്‍ മഖ്യമന്ത്രിയുടെ മരുമകനായ, മന്ത്രി മുഹമ്മദ് റിയാസുമായി അത്ര സ്വര ചേര്‍ച്ചയില്‍ അല്ലാത്താണ് പ്രദീപിന്റെ സാധ്യതകള്‍ക്ക് വിഘാതമാവുന്നത്. സിപിഎമ്മിലെ വിഭാഗീയതക്കാലത്ത്, പ്രദീപ് വിഎസ് പക്ഷത്തായിരുന്നുവെന്നതും ഇപ്പോള്‍ വിനയാണ്.

പക്ഷേ കോഴിക്കോട് ജില്ലയില്‍ പിണറായി വിജയനോട് ഏറ്റവും അടുപ്പം പുലര്‍ത്തുന്ന നേതാവാണ് മെഹബൂബ്. ഒന്നാം പിണറായി സര്‍ക്കാരില്‍ കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാനായ മെ്ബൂബ് 2021-ല്‍ വീണ്ടും ചെയര്‍മാനായി. വിവാദമായ ചേവായൂര്‍ ബാങ്ക് തിരഞ്ഞെടുപ്പില്‍ മുന്നില്‍ നിന്ന് തന്ത്രങ്ങള്‍ ഒരുക്കിയതും മെഹബൂബ് ആയിരുന്നു. മന്ത്രി മുഹമ്മദ് റിയാസുമായും അടുത്ത ബന്ധമാണ് മഹബൂബിനുള്ളത്. കര്‍ഷക തൊഴിലാളി യൂണിയന്റെ സംസ്ഥാന വൈസ് പ്രസിഡണ്ടായ കെ കെ ദിനേശന്‍ മികച്ച സംഘാടകനും, പാര്‍ട്ടിയിലെ ജനകീയ മുഖവുമാണ്. മലയോര മേഖലയില്‍ നിന്ന് മത്തായി ചാക്കോയ്ക്ക് ശേഷം മറ്റൊരു നേതാവ് ജില്ലയിലെ സിപിഎം നേതൃത്വത്തിലേക്ക് വന്നിട്ടില്ല. അങ്ങനെയാണെങ്കില്‍ മലയോര മേഖലയിലെ നേതാവായ ടി വിശ്വനാഥനും സാധ്യത കല്‍പ്പിക്കപ്പെടുന്നു.

സമ്മേളനത്തില്‍ മുഖ്യമന്ത്രിക്ക് പുറമെ പിബി അംഗങ്ങളായ എംവി ഗോവിന്ദനും ,എ വിജയ രാഘവനും കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇപി ജയരാജനും, പി കെ ശ്രീമതിയും പങ്കെടുക്കും. സമ്മേളനം നടക്കുന്ന മൂന്നുദിവസവും മുഖ്യമന്ത്രി പിണറായി വിജയന്‍ വടകരയില്‍ ഉണ്ടാകും. വടകര ലോക്സഭാ മണ്ഡലത്തിലെ കെ കെ ശൈലജയുടെ തോല്‍വിയും, ആഭ്യന്തരവകുപ്പിനെതിരായ തുടര്‍ച്ചയായ വിമര്‍ശനങ്ങളും സമ്മേളനത്തില്‍ ചര്‍ച്ചയായിട്ടുണ്ട്. ഏരിയാ സമ്മേളനങ്ങള്‍ക്ക് ശേഷം മന്ത്രി പി എ മുഹമ്മദ് റിയാസ് ജില്ലയില്‍ പുതിയ ശക്തി കേന്ദ്രമായി ഉയര്‍ന്നു വന്നിട്ടുണ്ട്. ജില്ലാ കമ്മിറ്റിയിലും, സെക്രട്ടറിയേറ്റിലും ഇതിന്റെ പ്രതിഫലനം ഉണ്ടാവാനുള്ള സാധ്യതയും കൂടുതലാണ്.