- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യൂത്ത് കോണ്‍ഗ്രസിന് നാണക്കേടായി വയനാട് പുനരധിവാസത്തിലെ വാഗ്ദാന ലംഘനം; പുനരധിവാസ ഫണ്ടിലേക്ക് നിശ്ചയിച്ച തുക പിരിച്ചെടുക്കാത്ത മണ്ഡലം പ്രസിഡന്റുമാരെ സസ്‌പെന്‍ഡ് ചെയ്തു യൂത്ത് കോണ്‍ഗ്രസ്; നീക്കിയത് അഞ്ച് ജില്ലകളിലെ 11 നിയോജക മണ്ഡലം പ്രസിഡന്റുമാരെ
യൂത്ത് കോണ്‍ഗ്രസിന് നാണക്കേടായി വയനാട് പുനരധിവാസത്തിലെ വാഗ്ദാന ലംഘനം
തിരുവനന്തപുരം: വയനാട് ദുരന്തബാധിതരെ സഹായിക്കാനുള്ള ഫണ്ട് ശേഖരണവുമായി യൂത്ത് കോണ്‍ഗ്രസിന് നാണക്കേടായ സംഭവങ്ങള്‍ ഉണ്ടായിരുന്നു. ഫണ്ട് പിരിവ് എങ്ങുമെത്താത പോയതും വാഗ്ദാന ലംഘനവും അടക്കം വിവാദമായി നിന്നു. ഇതോടെ വയനാട് പുനരധിവാസ ഫണ്ട് വിവാദത്തില്‍ യൂത്ത് കോണ്‍ഗ്രസില്‍ നടപടി. നിശ്ചയിച്ച തുക പിരിച്ചെടുക്കാത്ത നിയോജക മണ്ഡലം പ്രസിഡന്റുമാരെ സസ്‌പെന്‍ഡ് ചെയ്തു. അഞ്ച് ജില്ലകളിലെ 11 നിയോജക മണ്ഡലം പ്രസിഡന്റുമാരെയാണ് ചുമതലയില്‍ നിന്ന് മാറ്റിനിര്‍ത്തിയത്.
വയനാട് മുണ്ടക്കൈ - ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത മേഖലയിലെ ദുരിതബാധിതര്‍ക്ക് 30 വീടുകള്‍ വച്ചുനല്‍കുമെന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. ഇതിനായി ഓരോ നിയോജക മണ്ഡലം കമ്മിറ്റിയും 2.5 ലക്ഷം രൂപ വീതം പിരിച്ചുനല്‍കണമെന്നാണ് പറഞ്ഞിരുന്നത്. ഇതില്‍ 50000 രൂപ പോലും പിരിച്ചെടുക്കാത്തവരെയാണ് സസ്‌പെന്റ് ചെയ്തിരിക്കുന്നത്.
സംസ്ഥാനത്താകെ യൂത്ത് കോണ്‍ഗ്രസ് ഘടകങ്ങളില്‍ നിന്ന് ഒരു കോടി രൂപ പോലും പിരിച്ചെടുക്കാന്‍ യൂത്ത് കോണ്‍ഗ്രസിനായില്ല. ഈ സാഹചര്യത്തിലാണ് നിശ്ചയിച്ച് നല്‍കിയ പണം പിരിച്ചെടുക്കാത്ത മണ്ഡലം കമ്മിറ്റി പ്രസിഡന്റുമാരെ ചുമതലയില്‍ നിന്ന് മാറ്റിനിര്‍ത്തിയത്. എന്നാല്‍ സംഘടനാപരമായി വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടിയെന്നാണ് യൂത്ത് കോണ്‍ഗ്രസ് വിശദീകരണം.
വയനാട് ദുരന്തബാധിതരെ സഹായിക്കാനുള്ള ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കു വേരെ സംഘഠനാ ക്യാമ്പില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. എട്ടുലക്ഷം രൂപ വീതം ചെലവുള്ള 30 വീടുകള്‍ നിര്‍മിച്ചുനല്‍കുമെന്ന വാഗ്ദാനം പാലിച്ചില്ലെന്നാണ് ഉയര്‍ന്ന വിമര്‍ശനം.
എന്നാല്‍, വിമര്‍ശനമുണ്ടായെന്നത് രാഹുല്‍ മാങ്കൂട്ടത്തില്‍ പത്രസമ്മേളനത്തില്‍ തള്ളിയിരുന്നു. 2.4 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിട്ടത്. യൂത്ത് കോണ്‍ഗ്രസ് അക്കൗണ്ട് വഴിയാണ് പണംപിരിച്ചത്. 84 ലക്ഷം രൂപ ഇതുവരെ കിട്ടി. ഇത് കെപിസിസിക്കു കൈമാറും. സമാനപദ്ധതി പാര്‍ട്ടിയും നടത്തുന്നുണ്ട്. പ്രഖ്യാപിച്ച തുക മുഴുവന്‍ നല്‍കുമെന്നും രാഹുല്‍ പറഞ്ഞിരുന്നു.
അതേസമയം കെപിസിസി പ്രഖ്യാപിച്ച വീടുകളുടെ കാര്യവും എങ്ങുമെത്തിയിട്ടില്ല. ഭൂമി ലഭിക്കാത്തതാണ് നിര്‍മാണം വൈകാന്‍ കാരണമെന്നും കോണ്‍ഗ്രസ് സ്വന്തമായി ഭൂമി കണ്ടെത്തി വീട് നിര്‍മിച്ചു നല്‍കുമെന്നും കെ പി സി സി നേതൃത്വം പറയുന്നു. അതേസമയം, സര്‍ക്കാര്‍ പദ്ധതിയുമായി സഹകരിക്കില്ലെന്ന് കെ പി സി സി വ്യക്തമാക്കിയിരുന്നു.
സര്‍ക്കാരിന്റെ വയനാട് പുനരധിവാസ ടൗണ്‍ഷിപ്പ് പദ്ധതിയില്‍ മുഖ്യമന്ത്രിക്കൊപ്പം രക്ഷാധികാരിയാണ് പ്രതിപക്ഷനേതാവും. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗങ്ങളില്‍ വി ഡി സതീശനും പങ്കെടുത്തിരുന്നു. അവിടെയൊന്നും നടത്താത്ത പ്രഖ്യാപനമാണ് ഇപ്പോള്‍ കോണ്‍ഗ്രസ് പറയുന്നത്. ഫണ്ട് തിരിമറി വിവാദങ്ങളില്‍ നിന്ന് രക്ഷപ്പെടാനുള്ള പുതിയ തന്ത്രമാണെന്നാണ് സിപിഎം ആരോപണം ഉന്നയിക്കുന്നതും.
ഭൂമി ലഭിക്കാത്തതാണ് നിര്‍മാണം വൈകാന്‍ കാരണമെന്നും കോണ്‍ഗ്രസ് സ്വന്തമായി ഭൂമി കണ്ടെത്തി വീട് നിര്‍മിച്ചു നല്‍കുമെന്നുമാണ് കെ പി സി സി നേതൃത്വത്തിന്റെ പുതിയ വിശദീകരണം. ഭൂമിക്കായി സര്‍ക്കാരിന് മുന്നില്‍ കാത്തിരുന്നു, ഭൂമി കിട്ടിയില്ല, അതാണ് നിര്‍മാണം വൈകുന്നതെന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെയും വാദം. പണം തിരിമറി നടന്നില്ലെന്ന് തെളിയിക്കാന്‍ അക്കൗണ്ടിലെ രേഖകളാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ കാണിക്കുന്നത്.