- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രസിഡന്റായാല്‍ യുക്രൈന്‍ യുദ്ധത്തിന് ഒറ്റദിവസം കൊണ്ട് പരിഹാരമെന്ന് ട്രംപ്; നടക്കില്ലെന്ന് റഷ്യ; ട്രംപ് പ്രസിഡന്റായാല്‍ എന്തു സംഭവിക്കും?
ന്യൂയോര്‍ക്ക്: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്കുള്ള ആദ്യ സംവാദത്തില്‍ തന്നെ ട്രംപ് മേല്‍ക്കൈ നേടിയിട്ടുണ്ട്. ഇതോടെ അദ്ദേഹം തിരികെ പ്രസിഡന്റ് സ്ഥാനത്തേക്ക എത്തുമെന്ന വികാരം ശക്തമാണ്. ഇതിനിടെയാണ് അന്താരാഷ്ട്ര വിഷയങ്ങളില്‍ തന്റെ അഭിപ്രായങ്ങള്‍ പറഞ്ഞ് ട്രംപ് രംഗത്തുവന്നത്.
വീണ്ടും യു.എസ്. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാല്‍ യുക്രൈന്‍ യുദ്ധത്തിന് ഒറ്റദിവസംകൊണ്ട് പരിഹാരമുണ്ടാക്കുമെന്ന് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയത്. റഷ്യന്‍ അനുകൂല നിലപാടുള്ള വ്യക്തിയാണ് ട്രംപ്. എന്നാല്‍, യുദ്ധം തീര്‍ക്കാന്‍ ട്രംപിനെക്കൊണ്ടതിനാവില്ലെന്നും യുക്രൈന്‍-റഷ്യ സംഘര്‍ഷം ഒറ്റദിവസംകൊണ്ട് പരിഹരിക്കാവുന്നതല്ലെന്നും യു.എന്നിലെ റഷ്യന്‍ സ്ഥാനപതി വാസിലി നെബെന്‍സിയ പറഞ്ഞു.
കഴിഞ്ഞ മേയിലാണ് യുക്രൈന്‍ വിഷയം താന്‍ പുഷ്പംപോലെ പരിഹരിക്കുമെന്ന് ട്രംപ് ആദ്യമായി പറഞ്ഞത്. പിന്നെയും പലകുറി അതാവര്‍ത്തിച്ചു. കഴിഞ്ഞയാഴ്ച പ്രസിഡന്റ് ജോ ബൈഡനുമായി ഏറ്റുമുട്ടിയ ടെലിവിഷന്‍ സംവാദത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിനാണ് യഥാര്‍ഥ നേതാവെന്നും യുക്രൈനില്‍ അദ്ദേഹം അധിനിവേശം നടത്തിയിട്ടില്ലെന്നും ട്രംപ് പറഞ്ഞിരുന്നു.
നവംബര്‍ അഞ്ചിനാണ് യു.എസില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്. അതിനിട ട്രംപിന് ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷന്‍ പരിരക്ഷയുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കിയത് ഏറെ ആശ്വാസമായ കാര്യമാണ്. ഇതാദ്യമാണ് ട്രംപിന് മുന്‍ പ്രസിഡന്റെന്ന നിലയില്‍ ഏതെങ്കിലും തരത്തിലുളള പരിരക്ഷയുണ്ടെന്ന് കോടതി വ്യക്തമാക്കുന്നത്.
പ്രസിഡന്റ് എന്ന പദവിയില്‍ അദ്ദേഹം ചെയ്ത കാര്യങ്ങളില്‍ മാത്രമാണു നിയമപരിരക്ഷ. വ്യക്തിപരമായ പ്രവൃത്തികളില്‍ ബാധകമല്ല. 2020 ലെ തിരഞ്ഞെടുപ്പു ഫലം അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന കുറ്റാരോപണത്തില്‍ തനിക്ക് പരിരക്ഷയുണ്ടെന്ന് അവകാശപ്പെട്ട ട്രംപിനെതിരെയുണ്ടായ കീഴ്ക്കോടതി വിധി തള്ളിയാണ് സുപ്രീം കോടതി ഉത്തരവ്.
അതേസമയം ട്രംപിന് നിയമപരിരക്ഷയുണ്ടെന്ന സുപ്രീംകോടതി ഉത്തരവ് അപകടകരമായ കീഴ്വഴക്കമാണെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രതികരിച്ചിരുന്നു. വിധി നിയമവാഴ്ചയെ തുരങ്കംവെക്കുന്നതും അമേരിക്കക്കാര്‍ക്ക് ദ്രോഹകരവുമാണെന്ന് ബൈഡന്‍ പറഞ്ഞു. അമേരിക്കയില്‍ രാജാക്കന്മാരില്ല എന്ന തത്ത്വത്തിലാണ് ഈ രാഷ്ട്രം സ്ഥാപിതമായത്. എല്ലാവരും നിയമത്തിന് മുന്നില്‍ സമന്മാരാണ്. പ്രസിഡന്റ് പോലും നിയമത്തിനതീതനല്ല. പ്രസിഡന്റിന് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളില്‍ ഫലത്തില്‍ പരിധികളില്ല എന്നാണ് വിധി അര്‍ഥമാക്കുന്നത്.
യു.എസ് പാര്‍ലമെന്റിലേക്ക് ആള്‍ക്കൂട്ടത്തെ അയച്ച ആളാണ് കുറ്റവിചാരണ നേരിടുന്നതെന്ന് കലാപം ഇളക്കിവിട്ടതില്‍ ട്രംപിന് പങ്കുണ്ടെന്ന കേസിനെ പരാമര്‍ശിച്ച് ബൈഡന്‍ പറഞ്ഞു. തെരഞ്ഞെടുപ്പിനു മുമ്പ് അമേരിക്കന്‍ ജനതക്ക് കോടതികള്‍ ഉത്തരം നല്‍കണമെന്നും തിങ്കളാഴ്ച വൈകി ടെലിവിഷന്‍ ചാനലില്‍ നല്‍കിയ പ്രസ്താവനയില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സുപ്രീംകോടതി വിധി ജനാധിപത്യത്തിന്റെ വിജയം എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. 2020ലെ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന ട്രംപിനെതിരായ ക്രിമിനല്‍ കേസ് വൈകാന്‍ സുപ്രീംകോടതി വിധി കാരണമാകും.