- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് സൈബര്‍ ഗ്രൂപ്പുകളില്‍; 'റെഡ് എന്‍കൗണ്ടേഴ്‌സ്' തിരിഞ്ഞുകൊത്തുന്നത് സിപിഎമ്മിനെ
കൊച്ചി: വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് സൈബര്‍ ഗ്രൂപ്പുകളിലെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചതോടെ വിവാദം തിരിഞ്ഞുകൊത്തുന്നത് സിപിഎമ്മിനെ. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, എല്‍ ഡി എഫ് സ്ഥാനാര്‍ഥി കെ.കെ. ശൈലജക്കെതിരെ യു ഡി എഫ് കേന്ദ്രങ്ങള്‍ നിരന്തരം വര്‍ഗീയ പ്രചാരണം നടത്തിയതിന്റെ തെളിവെന്ന പേരിലാണ് കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് പുറത്തുവന്നത്. സംഭവത്തില്‍ സി.പി.എം നല്‍കിയ കേസില്‍ മുന്‍ എം.എല്‍.എയും പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗവുമായ കെ.കെ. ലതിക ഉള്‍പ്പെടെയുള്ള നേതാക്കള്‍ സംശയ നിഴലിലാവുകയും […]
കൊച്ചി: വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് സൈബര്‍ ഗ്രൂപ്പുകളിലെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചതോടെ വിവാദം തിരിഞ്ഞുകൊത്തുന്നത് സിപിഎമ്മിനെ. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, എല്‍ ഡി എഫ് സ്ഥാനാര്‍ഥി കെ.കെ. ശൈലജക്കെതിരെ യു ഡി എഫ് കേന്ദ്രങ്ങള്‍ നിരന്തരം വര്‍ഗീയ പ്രചാരണം നടത്തിയതിന്റെ തെളിവെന്ന പേരിലാണ് കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് പുറത്തുവന്നത്. സംഭവത്തില്‍ സി.പി.എം നല്‍കിയ കേസില്‍ മുന്‍ എം.എല്‍.എയും പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗവുമായ കെ.കെ. ലതിക ഉള്‍പ്പെടെയുള്ള നേതാക്കള്‍ സംശയ നിഴലിലാവുകയും ചെയ്തിരുന്നു.
കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് ആദ്യമെത്തിയത് വാട്‌സ്ആപ് ഗ്രൂപ്പുകളിലെന്ന് പൊലീസ് കോടതിയില്‍ വ്യക്തമാക്കി. വടകര സി.ഐ സുനില്‍കുമാറാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 'അമ്പാടിമുക്ക് സഖാക്കള്‍' എന്ന ഫേസ്ബുക്ക്് പേജിലാണ് സ്‌ക്രീന്‍ഷോട്ട് ആദ്യം പ്രചരിച്ചത് എന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്. 2024 ഏപ്രില്‍ 25ന് വൈകിട്ട് മൂന്നിനാണ് 'അമ്പാടിമുക്ക് സഖാക്കള്‍' എന്ന പേജില്‍ സ്‌ക്രീന്‍ഷോട്ട് പ്രത്യക്ഷപ്പെട്ടത്. ഇതിന്റെ അഡ്മിന്‍ മനീഷിനെ ചോദ്യം ചെയ്തപ്പോള്‍ 'റെഡ് ബറ്റാലിയന്‍' എന്ന ഗ്രൂപ്പില്‍ നിന്നാണ് തനിക്ക് കിട്ടിയതെന്നാണ് മറുപടി.
ഏപ്രില്‍ 25 ഉച്ചക്ക് 2.34നാണ് 'റെഡ് ബറ്റാലിയന്‍' ഗ്രൂപ്പില്‍ സ്‌ക്രീന്‍ഷോട്ട് പ്രത്യക്ഷപ്പെട്ടത്. അമല്‍ രാമചന്ദ്രന്‍ എന്ന വ്യക്തിയാണ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തത്. 'റെഡ് എന്‍കൗണ്ടേഴ്‌സ്' എന്ന ഗ്രൂപ്പില്‍ നിന്നാണ് തനിക്ക് കിട്ടിയത് എന്നാണ് അദ്ദേഹത്തിന്റെ മൊഴി. ഏപ്രില്‍ 25ന് ഉച്ചക്ക് 2.13ന് റിബേഷ് എന്നയാളാണ് ഇത് പോസ്റ്റ് ചെയ്തത്. രാത്രി 8.23ന് പോരാളി ഷാജിയുടെ ഫേസ്ബുക്ക് പേജിലും സ്‌ക്രീന്‍ഷോട്ട് പ്രചരിച്ചു. ആദ്യം പോസ്റ്റ് ചെയ്ത റിബേഷ് സ്‌ക്രീന്‍ഷോട്ടിന്റെ ഉറവിടം അറിയില്ലെന്നാണ് പറഞ്ഞത്. ഇയാളുടെ ഫോണ്‍ വിശദമായ ഫോറന്‍സിക് പരിശോധനക്ക് നല്‍കിയിട്ടുണ്ടെന്നും അതിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ കഴിയൂ എന്നുമാണ് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
സ്‌ക്രീന്‍ ഷോട്ട് വിവാദത്തില്‍ മെറ്റ കമ്പനിയെടക്കം പ്രതി ചേര്‍ത്ത് കേസെടുത്തതായും പൊലീസ് അറിയിച്ചു. മെറ്റ കമ്പനിയെ മൂന്നാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. ഫേസ്ബുക്ക്, വാട്‌സ് ആപ് വിവരങ്ങള്‍ കൈമാറാത്തതിനാണ് മെറ്റയെ പ്രതി ചേര്‍ത്തത്.
'എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയെ കാഫിറായി ചിത്രീകരിച്ച വര്‍ഗീയ ഭ്രാന്തിനെതിരെ നാടൊന്നിക്കുന്നു' എന്ന തലക്കെട്ടില്‍ ആയിരങ്ങളെ അണിനിരത്തി എല്‍.ഡി.എഫ് വടകരയില്‍ ജനകീയ പ്രതിരോധം ഉള്‍പ്പെടെ സംഘടിപ്പിച്ചിരുന്നു. പാര്‍ട്ടിയിലെ ജനകീയ മുഖമായ കെ.കെ. ശൈലജ 1.14 ലക്ഷം വോട്ടിന് തോറ്റതിനുപിന്നാലെ തന്നെ വ്യാജ വീഡിയോ, കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് അടക്കമുള്ള വിവാദങ്ങള്‍ തിരിച്ചടിയായെന്ന് പാര്‍ട്ടി പ്രവര്‍ത്തകരില്‍ വലിയൊരു വിഭാഗം കുറ്റപ്പെടുത്തുന്നുണ്ട്. അതിനിടെ കാഫിര്‍ പ്രചാരണത്തില്‍ സി.പി.എം ആരോപണ മുനയില്‍ നിര്‍ത്തിയ എം.എസ്.എഫ് ജില്ല സെക്രട്ടറി പി.കെ. മുഹമ്മദ് കാസിം കുറ്റക്കാരനല്ലെന്ന് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. സ്‌ക്രീന്‍ ഷോട്ടിനെ യു.ഡി.എഫിനും സ്ഥാനാര്‍ഥി ഷാഫി പറമ്പിലിനുമെതിരെ വലിയ ആയുധമായാണ് സി.പി.എം പ്രയോഗിച്ചത്.